ഇന്ന് മാർച്ച് 3... ലോക വന്യജീവി ദിനം. ഭൂമുഖത്ത് ജീവിക്കുന്ന ജീവജാലങ്ങളെ പറ്റിയും അവയുടെ സംരക്ഷണത്തെ പറ്റിയുമുള്ള പ്രാധാന്യം പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 2013ൽ യു.എൻ ആണ് വന്യജീവി ദിനത്തിന് തുടക്കമിട്ടത്. എല്ലാ യു.എൻ അംഗരാജ്യങ്ങളും ഇന്ന് വന്യജീവി ദിനം ആഘോഷിക്കുന്നു. ഭൂമിയുടെ നിലനിൽപ്പിന് വിവിധ സസ്യ, ജന്തു സ്പീഷീസുകൾ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ അവസരത്തിൽ മനുഷ്യർക്ക് പകരം മൃഗങ്ങൾ അടക്കി വാഴുന്ന ചില വിചിത്ര ദ്വീപുകളെ പറ്റി അറിഞ്ഞാലോ.
സാന്റാ കാറ്റലീന - ബൈസൺ
യു.എസിലെ കാലിഫോർണിയക്ക് സമീപമാണ് സാന്റാ കാറ്റലീന എന്ന ചെറുദ്വീപ്. വടക്കേ അമേരിക്കയിലെ പ്രയറി പുൽമേടുകളിൽ ധാരാളമായി കണ്ടുവരുന്ന അമേരിക്കൻ കാട്ടുപോത്തുകൾ അഥവാ ബൈസണുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. 1924ൽ 'ദ വാനിഷിംഗ് അമേരിക്കൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഈ ദ്വീപിൽ എത്തിച്ച 14 ബൈസണുകളെ ഇവിടെ തന്നെ ഉപേക്ഷിച്ച് അണിയറ പ്രവർത്തകർ മടങ്ങുകയായിരുന്നു. ഈ ബൈസണുകളുടെ തലമുറയാണ് ഇന്ന് ദ്വീപ് ഭരിക്കുന്നത്. ഏകദേശം 150 ലേറെ ബൈസണുകൾ ദ്വീപിലുണ്ട്. 4,000ത്തോളമാണ് സാന്റാ കാറ്റലീനയിലെ ആകെ ജനസംഖ്യ.
മക്വാറി ദ്വീപ് - പെൻഗ്വിൻ
ഓസ്ട്രേലിയയിലെ ടാസ്‌മാനിയയ്‌ക്ക് സമീപമാണ് സ്ഥിരമായി ആൾത്താമസമില്ലാത്ത മക്വാറി ദ്വീപ്. ഏകദേശം 40 ലക്ഷം പെൻഗ്വിനുകളെ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്നായ ഈ ദ്വീപിൽ കാണാം. ഇതിൽ നാലിൽ ഒരു ഭാഗം ഇവിടെ മാത്രം കാണാൻ സാധിക്കുന്ന റോയൽ പെൻഗ്വിനുകളാണ്. 1919ൽ ദ്വീപിൽ വേട്ടയാടുന്നത് നിരോധിക്കുന്നത് വരെ പെൻഗ്വിനുകളെ മനുഷ്യർ കൊന്നൊടുക്കിയിരുന്നു. കിംഗ്, ജെൻറ്റൂ, സതേൺ റോക്ക് ഹോപ്പർ എന്നീ സ്പീഷീസിലെ പെൻഗ്വിനുകളും പെട്രൽ, ആൽബട്രോസ് തുടങ്ങിയ വിവിധയിനം പക്ഷികളെയും ഇവിടെ കാണാം.
ഇൽഹ ഡ ക്വീമഡ ഗ്രാൻഡ് (Ilha da Queimada Grande) - പാമ്പ്
ബ്രസീലിൽ സാവോ പോളോയ്ക്ക് സമീപം അറ്റ്ലാൻ്റിക്ക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് വലിപ്പത്തിൽ ചെറുതാണെങ്കിലും ലോകത്തെ ഏറ്റവും അപകടകരമായ പ്രദേശങ്ങളിൽ ഒന്നാണ്. സ്നേക്ക് ഐലൻഡ് എന്നാണ് 5000ത്തോളം വിഷപാമ്പുകളുടെ വിഹാരകേന്ദ്രമായ ഇവിടം അറിയപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന 'ഗോൾഡൻ ലാൻസ്ഹെഡ് സ്നേക്ക് ' എന്ന ലോകത്തിലെ തന്നെ ഏറ്റവും കൊടും വിഷമുള്ള അണലി വർഗത്തിൽ പെട്ട പാമ്പിനെ ഇവിടെ കാണാം. മനുഷ്യർക്ക് ഈ ദ്വീപിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല. എന്നിരുന്നാലും ചില ഗവേഷകർക്ക് മാത്രം ഉപാധികളോടെ ദ്വീപിലേക്ക് പ്രവേശിക്കാം.
ഓകുനോഷിമ - മുയൽ
തലങ്ങും വിലങ്ങും ഓടി നടക്കുന്ന ഭംഗിയുള്ള മുയലുകളാണ് ജപ്പാനിലെ ഓകുനോഷിമ ദ്വീപിന്റെ സവിശേഷത. പണ്ട് ഈ ദ്വീപിലുണ്ടായിരുന്ന രാസായുധ ഗവേഷണശാലയിലേക്ക് പരീക്ഷണത്തിന് എത്തിച്ചതാണ് മുയലുകളെ എന്നും അതല്ല, ഏതാനും സ്‌കൂൾ വിദ്യാർത്ഥികൾ കുറച്ച് മുയലുകളെ ഇവിടെ എത്തിച്ചെന്നും അവ പിന്നീട് ഈ ദ്വീപിൽ പെറ്റുപെരുകി എണ്ണം വർദ്ധിക്കുകയായിരുന്നു എന്നൊക്കെയാണ് പറയപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാൻ സേന രഹസ്യമായി രാസായുധ ഗവേഷണങ്ങൾ നടത്തിയിരുന്നത് ഈ ദ്വീപിലാണ്. ഇന്ന് ദ്വീപിലെത്തുന്ന സഞ്ചാരികളോട് വളരെ ഇണക്കത്തോടെയാണ് ഇവിടുത്തെ മുയലുകൾ ഇടപഴകുന്നത്.
ടാഷിറോജിമ - പൂച്ച
ജപ്പാനിലെ ഇഷിനോമാകിയിലാണ് ടാഷിറോജിമ ദ്വീപ്. പൂച്ചകളുടെ പറുദീസയായ ഇവിടെ മത്സ്യത്തൊഴിലാളികളായ ഏകദേശം 100 പേർ മാത്രമാണ് താമസം. എന്നാൽ പൂച്ചകളാകട്ടെ, 600 ലേറെയും. 18 - 19 നൂറ്റാണ്ട് മുതൽ ദ്വീപിൽ പൂച്ചകളുണ്ട്. പട്ടുനൂൽ കൃഷി ചെയ്തിരുന്ന ദ്വീപ് നിവാസികൾ പട്ടുനൂൽപ്പുഴുക്കളെ ഭക്ഷിക്കുന്ന എലികളെ വക വരുത്താനായി പൂച്ചകളെ വ്യാപകമായി ഉപയോഗിച്ചിരുന്നു. മത്സ്യത്തൊഴിലാളികളാകട്ടെ പൂച്ചകൾക്ക് ആഹാരമായി യഥേഷ്ടം മത്സ്യങ്ങളും നൽകി. പൂച്ചകളെ തങ്ങളുടെ ഭാഗ്യദേവതകളായി ആരാധിക്കുന്ന ദ്വീപുകാർ അവർക്കായി ദേവാലയങ്ങളും പണിതിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |