SignIn
Kerala Kaumudi Online
Saturday, 27 July 2024 1.27 PM IST

ശമ്പളം കിട്ടിയാലും ഇല്ലെങ്കിലും ഈ 750 സർക്കാർ ജീവനക്കാർ ഇന്ന് സന്തോഷവാന്മാർ

government-office

തിരുവനന്തപുരം: ബഡ്ജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ധനകാര്യം, നികുതി, ജി.എസ്.ടി കമ്മിഷണറേറ്റ്, ഗവൺമെന്റ് പ്രസ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്ക് ഇന്ന് ധനമന്ത്രിയുടെ വക വിരുന്ന്. തൈക്കാട് ഗസ്റ്റ് ഹൗസിൽ 750 പേർക്കുള്ള വിരുന്നിന് ചെലവ് അഞ്ച് ലക്ഷം.

ധനകാര്യവകുപ്പിലെ ജോയിന്റ് സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ധനവകുപ്പിൽ നിന്ന് മാത്രം 400 ഓളം ഉദ്യോഗസ്ഥർ പങ്കെടുക്കും. ഉദ്യോഗസ്ഥരെ ഗസ്റ്റ് ഹൗസിൽ എത്തിക്കാൻ പ്രത്യേക ബസും ഏർപ്പെടുത്തിയിട്ടുണ്ട്. 32 ഇനം വിഭവങ്ങളാണ് ഒരുക്കുന്നത്.

ബഡ്‌ജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് ജീവനക്കാർ ദിവസങ്ങളോളം അധിക സമയം ജോലി ചെയ്യാറുണ്ട്. ഈ അമിതാദ്ധ്വാനം പരിഗണിച്ചാണ് ഓരോ വർഷവും സർക്കാർ അവർക്ക് വിരുന്നു നൽകുന്നത്. ശമ്പളം മുടങ്ങിയ സാഹചര്യത്തിലാണ് ചർച്ചാ വിഷയമായത്.

അതേസമയം, ഏതുവിധേനെയും ജീവനക്കാരുടെ ശമ്പളവിതരണം ഇന്നു തുടങ്ങാനുള്ള നെട്ടോട്ടത്തിലാണ് സർക്കാർ. കേരള ബാങ്കിലെയും ലാഭത്തിൽ പ്രവർത്തിക്കുന്ന മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും നിക്ഷേപം ഇതിനായി ആവശ്യപ്പെട്ടിരുന്നു. വിതരണം തുടങ്ങാനുള്ള പണം ലഭിച്ചുവെന്നാണ് സൂചന.

ഇന്ന് മൂന്നാം പ്രവൃത്തിദിനമാണ്. ഒന്നു മുതൽ മൂന്നുവരെ പ്രവൃത്തി ദിനങ്ങളിലായി മൊത്തം 2.75 ലക്ഷം ജീവനക്കാർക്ക് ശമ്പളം നൽകേണ്ടതാണ്. അതിനുള്ള തുക ലഭ്യമല്ലെങ്കിൽ, ആദ്യ പ്രവൃത്തി ദിനത്തിൽ ശമ്പളം കൈപ്പറ്റുന്നവർക്ക് ആയിരിക്കും മുൻഗണന.

ആദ്യത്തെ രണ്ടുപ്രവൃത്തി ദിനങ്ങളിലും ശമ്പളം നൽകാൻ കഴിയാതെ വന്നതിനാൽ പന്ത്രണ്ടാം തീയതിയോടെ മാത്രമേ വിതരണം പൂർത്തിയാക്കാനാകൂ. കേന്ദ്രത്തിൽ നിന്ന് കേരളത്തിനുള്ള വിഹിതമായി മാർച്ച് ഒന്നിന് ലഭിച്ച 4122 കോടി രൂപയാണ് പിടിവള്ളി. ട്രഷറിയിൽ പണമെത്തിയെന്നും ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനുണ്ടായ സാങ്കേതിക തടസമാണ് ശമ്പളം മുടക്കിയതെന്നും ധനകാര്യവകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് കാരണം പണമില്ലായ്‌ക തന്നെ.

5600 കോടിയോളമാണ് ശമ്പളത്തിനും പെൻഷനുമായി വേണ്ടത്. ട്രഷറി ഓവർഡ്രാഫ്റ്റായതിനാൽ കൂടുതൽ പണം എടുക്കാനാവില്ല. സാമ്പത്തിക വർഷം അവസാനിക്കുന്ന ഘട്ടമായതിനാൽ മറ്റു ചെലവുകൾക്കും പണം കണ്ടെത്തണം. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട 13,600 കോടി ലഭിച്ചിട്ടില്ലെന്നാണ് ധനമന്ത്രി പറയുന്നത്.

97000 പേർക്ക് ആദ്യം കിട്ടും

മൊത്തം ജീവനക്കാർ- 512000

മൊത്തം ശമ്പളത്തുക- 3330 കോടി

ആദ്യ 3 ദിനങ്ങളിലായി ശമ്പളം ലഭിക്കേണ്ടവർ- 2.75 ലക്ഷം പേർ

2.75 ലക്ഷം പേർക്ക് നൽകാൻ വേണ്ട തുക- 2400 കോടി

ആദ്യദിനത്തിൽ ശമ്പളംകിട്ടേണ്ടവർ- 97000 പേർ

ആദ്യദിനത്തിലെ വിതരണത്തിനുള്ള തുക-1600 കോടി

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം അക്കൗണ്ടിലെത്തി

മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്ക് ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴിയാണ് ശമ്പളം. അതുവഴി പണം എത്തിക്കഴിഞ്ഞു. എന്നാൽ, ജീവനക്കാർക്ക് എംപ്ലോയീസ് ട്രഷറി സേവിംഗ്സ് ബാങ്ക് (ഇ.ടി.എസ്ബി) അക്കൗണ്ട് വഴിയാണ് ശമ്പളം. സാങ്കേതിക തകരാറെന്ന് പറയുന്നുണ്ടെങ്കിലും നൽകാൻ പണമില്ലാത്തതിനാൽ ഈ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്.

മുറപ്രകാരം വിതരണം

ആദ്യ പ്രവൃത്തിദിനം: ലാൻഡ് റവന്യൂ, എക്‌സൈസ്, വെഹിക്കിൾ ടാക്സ്, സെയിൽ ടാക്സ്, മറ്റ്നികുതി വിഭാഗങ്ങൾ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ്, സ്റ്റാമ്പ്, രജിസ്‌ട്രേഷൻ, നിയമസഭ, ഇലക്ഷൻ, പൊതുഭരണവകുപ്പിന് കീഴിൽവരുന്ന സ്ഥാപനങ്ങൾ, നീതിന്യായവകുപ്പ്, ജയിൽ, പൊലീസുംഫയർഫോഴ്സും, സ്റ്റേഷനറി ആൻഡ് പ്രിന്റിംഗ്, ഇൻഷ്വറൻസ്, ഹരിജൻവെൽഫെയർ, മുനിസിപ്പാലിറ്റീസ്, ജലഗതാഗതം

രണ്ടാം ദിവസം: വിദ്യാഭ്യാസ വകുപ്പ്, മെഡിക്കൽആൻഡ് പബ്ലിക് ഹെൽത്ത്.

മൂന്നാം ദിവസം: കൃഷി, ഫിഷറീസ്, അനിമൽഹസ്ബൻഡറി, സഹകരണം, വ്യവസായം, ശാസ്ത്ര വകുപ്പുകൾ, ലേബർ, ഗ്രാമവികസനം, സ്റ്റാറ്റിസ്റ്റിക്സ്, പോർട്ട്, സിവിൽ സപ്ലൈസ്, ഡെയറിഡെവലപ്‌മെന്റ്‌

സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സമരത്തിന്

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഇന്നുരാവിലെ 11 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA GOVERNMENT SALARY, FINANCE MINISTER, FEAST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.