തിരുവനന്തപുരം: പരീക്ഷാ സമയത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ത് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. കെ.എസ്.യു സ്വയം ബന്തിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ കോൺഗ്രസ് ഇടപെട്ട് പിന്തിരിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പരീക്ഷാ സമയത്ത് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോൺഗ്രസും പോഷക സംഘടനകളും നടത്തുന്നത്.തെരുവുകൾ യുദ്ധക്കളമാക്കാനുള്ള ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന സർക്കാർ സിദ്ധാർത്ഥിന്റെ കുടുംബത്തോടൊപ്പമാണെന്ന് ആവർത്തിച്ചുവ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ പിടികൂടി ഊർജ്ജിതമായ അന്വേഷണവും തെളിവെടുപ്പും നടത്തുന്നുണ്ട്. വിഷയത്തെ രാഷ്ട്രീയവത്കരിച്ച് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പൊലീസ് സഹായത്തിന് പുറമേ പൊതുജനങ്ങൾ വിദ്യാർത്ഥികൾക്ക് സ്വൈരമായി പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കാൻ മുന്നിട്ടിറങ്ങണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
വിദ്യാഭ്യാസ ബന്ത്: പരീക്ഷകളെ
ഒഴിവാക്കിയെന്ന് കെ.എസ്.യു
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് കെ.എസ്.യു സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ ബന്തിന് പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു. അതേസമയം ഹയർ സെക്കൻഡറി, യൂണിവേഴ്സിറ്റി പരീക്ഷകളെ ബന്തിൽ നിന്ന് ഒഴിവാക്കിയതായും കെ.എസ്.യു അറിയിച്ചു.
റേഷൻ കടകൾ
ഏഴിന് അടച്ചിടും
കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെ റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷന്റെ നേതൃത്വത്തിൽ ഏഴിന് റേഷൻ കടകൾ അടച്ചിടും. അന്ന് ജില്ലാ, സംസ്ഥാന കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്നും നേതാക്കൾ അറിയിച്ചു. ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കുക, പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് അഡ്വ. ജോണി നെല്ലൂർ, കാടാമ്പുഴ മൂസ, ടി. മുഹമ്മദാലി എന്നിവർ അറിയിച്ചു.
മുഖ്യ വിവരാവകാശ കമ്മിഷണറുടെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: മുൻ നിയമ സെക്രട്ടറി വി.ഹരി നായർ മുഖ്യ വിവരാവകാശ കമ്മിഷണറായി ഇന്ന് ഉച്ചയ്ക്ക് 12.30നു ചുമതലയേൽക്കും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. വിവരാവകാശ കമ്മിഷണർമാരായി സർക്കാർ ശുപാർശ ചെയ്ത മൂന്നുപേരുടെ ഫയൽ ഗവർണർ സർക്കാരിലേക്ക് തിരിച്ചയച്ചിരുന്നു. ഡോ. സോണിച്ചൻ പി.ജോസഫ്, എം.ശ്രീകുമാർ, ടി.കെ.രാമകൃഷ്ണൻ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരുടെ നിയമനത്തിനു വിജിലൻസ് ക്ലിയറൻസും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |