SignIn
Kerala Kaumudi Online
Saturday, 27 July 2024 6.26 PM IST

മരപ്പട്ടി ഒരു നിസാര ജീവിയല്ല

f

ഈനാംപേച്ചിക്ക് കൂട്ട് മരപ്പട്ടി എന്ന് പരിഹാസരൂപേണ പറയുന്ന ഒരു ചൊല്ലുണ്ട്. രണ്ടും മോശപ്പെട്ട ജീവികൾ എന്ന ധ്വനിയാണ് ഈ ചൊല്ലിലുള്ളത്. പക്ഷെ പുതിയകാലത്ത് അതെല്ലാം മാറി,​ മരപ്പട്ടി ഒരു നിസാരജീവിയല്ലെന്നാണ് വ്യക്തമാവുന്നത്. സംസ്ഥാന മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മുൻ മന്ത്രിയും വാർത്താ മാദ്ധ്യമങ്ങളുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ മരപ്പട്ടി ചരിതം ചർച്ച ചെയ്തു. ചർച്ചയിൽ വന്നത് വെറും മരപ്പട്ടിയല്ല,​ മന്ത്രിമന്ദിരങ്ങളിലും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലുമൊക്കെ വസിക്കുന്ന നല്ല തറവാടിത്തമുള്ള മരപ്പട്ടി.

വെറും മരപ്പട്ടി എന്നാണ് പ്രതിപക്ഷ ബഹുമാനമില്ലാതെ നാം പറയാറുള്ളതെങ്കിലും ആംഗലേയ ഭാഷയിൽ ''കോമൺ പാം സിവറ്റ് ''എന്നഗ്ളാമറുള്ള പേര് സ്വന്തമായുള്ള ജീവിയാണ് ഇത്. ​ 'പാരഡോക്സ്യൂറസ് ഹെർമാഫ്രൊഡൈറ്റസ്'എന്ന സാമാന്യം തരക്കേടില്ലാത്ത ശാസ്ത്രനാമവുമുണ്ട്. ഈ രണ്ട്പേരുകളും എപ്പോഴും പറയുക അത്ര എളുപ്പമുള്ള കാര്യമല്ലാത്തതിനാൽ തത്കാലം മരപ്പട്ടി എന്നു തന്നെ സംബോധന ചെയ്യുന്നതിൽ ലോകത്തുള്ള സകലമാന മരപ്പട്ടികളും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏതായാലും മരപ്പട്ടി ചർച്ച തുടങ്ങിയത് കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയാണ്. 'ഷർട്ട് ഇസ്തിരിയിട്ട് വയ്ക്കാനോ വെള്ളം തുറന്ന് വയ്ക്കാനോ കഴിയില്ല ,മരപ്പട്ടിയുടെ മൂത്രം വീഴും' എന്നായിരുന്നു ഒരു പൊതുപരിപാടിക്കിടെ ക്ളിഫ് ഹൗസിലെ മരപ്പട്ടി ശല്യത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.

ലക്ഷങ്ങൾ ചെലവഴിച്ച് മോടികൂട്ടിയ സ്വിമ്മിംഗ് പൂളും സംഗീതസാന്ദ്രമായ തൊഴുത്തും വലിയ പൊക്കത്തിലുള്ള മതിലുമെല്ലാമുള്ള ക്ളിഫ് ഹൗസിലെ കാര്യമാണ് ഈ പറയുന്നത്. താൻ പാർക്കുന്നതെവിടെ എന്ന തിരിച്ചറിവ് അല്പമെങ്കിലുമുണ്ടെങ്കിൽ ഈ മരപ്പട്ടി ഇങ്ങനെ ഇരുന്നുമുള്ളുമോ? നിയമസഭയിൽ നേർക്ക് നേരേ നോക്കിയാൽ വാക് പോര് തുടങ്ങുമെങ്കിലും മരപ്പട്ടി പ്രശ്നത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമാണ് പ്രതിപക്ഷ നേതാവും. മുഖ്യമന്ത്രി ഏകവചനത്തിലാണ് മരപ്പട്ടിയുടെ മൂത്രവിസർജ്ജനത്തെക്കുറിച്ച് പറഞ്ഞതെങ്കിൽ പ്രതിപക്ഷ നേതാവ് സ്വതസിദ്ധമായ ശൈലിയിൽ ഒന്നു കടുപ്പിച്ചു. 'കന്റോൺമെന്റ് ഹൗസിലുമുണ്ട് മരപ്പട്ടി. പുലർച്ചെ നാലു മണിക്ക് താനും മരപ്പട്ടി ശല്യം കാരണം ഉണർന്നു. ഒന്നല്ല ഇഷ്ടം പോലെ മരപ്പട്ടിയുണ്ട്.'ആ വർഗ്ഗത്തെ തന്നെ കുറ്റപ്പെടുത്തും വിധമായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിർദ്ദയമായ പ്രതികരണം. ഏതായാലും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഈ തുറന്നുപറച്ചിലുകൾ വന്നതോടെ മറ്രു പല കോണുകളിൽ നിന്നും മരപ്പട്ടി വിശേഷങ്ങൾ പുറത്തുവന്നുകൊണ്ടിരുന്നു. ഇതിൽ കണ്ണിൽ ചോരയില്ലാത്ത വർത്തമാനം പറഞ്ഞത് മുൻപ്രതിപക്ഷ നേതാവ് ചെന്നിത്തല ഗാന്ധിയാണ്. മുഖ്യമന്ത്രിക്ക് ജീവനക്കാരുടെ ശമ്പളം കൊടുക്കാത്തതിലല്ല, മരപ്പട്ടി മൂത്രമൊഴിക്കുന്നതിലാണ് ശ്രദ്ധയെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. 'ഉറുമ്പിന് മരണവെപ്രാളം പിള്ളാർക്കൊരു കളി' എന്നപോലെ ക്രൂരമായിപ്പോയി ചെന്നിത്തലയുടെ പരിഹാസം. ധരിക്കാൻ വച്ചിരുന്ന വസ്ത്രവും കുടിക്കാൻ സൂക്ഷിച്ചിരുന്ന വെള്ളവും മരപ്പട്ടിയുടെ മൂത്രശങ്കയിൽ മലിനപ്പെട്ടതിലെ മനോവേദന തുറന്നുപറഞ്ഞ മുഖ്യമന്ത്രിയെയാണ് ചെന്നിത്തല പരിഹസിച്ചത്. ദൈവം പൊറുക്കുമോ. ഇനി മരപ്പട്ടി പ്രശ്നത്തിൽ മുഖ്യമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച വി.ഡി.സതീശനുള്ള ഒളിയമ്പാണോ ഇതെന്നാണ് രാഷ്ട്രീയ കുബുദ്ധികളുടെ നിരീക്ഷണം. പക്ഷെ ശുദ്ധമനസ്കനായ ചെന്നിത്തല , സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടാത്തതിലെ പങ്കപ്പാട് കാരണം പ്രതികരിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ പക്ഷം.

മിക്ക മന്ത്രിമന്ദിരങ്ങളിലും വാടകയില്ലാത്ത സ്ഥിരം വാസക്കാരാണത്രെ മരപ്പട്ടികൾ. ഇവിടെയാണ് ചില സംശയങ്ങൾ ഉയരുന്നത്. മച്ചും തട്ടിൻപുറവുമുള്ള പഴയകാലത്തെ വീടുകളിലും ആളനക്കമില്ലാത്ത കെട്ടിടങ്ങളിലുമാണ് സാധാരണ മരപ്പട്ടികൾ പൊറുതിയാവാറുള്ളത്. ഇവയുടെ മൂത്രത്തിന് അസാധാരണ പ്രഹരശേഷിയുള്ള ദുർഗ്ഗന്ധമുള്ളതിനാലാണ് മനുഷ്യർക്ക് ഇവയുടെ സാന്നിദ്ധ്യം ബുദ്ധിമുട്ടുണ്ടാക്കുന്നത്. നമ്മുടെ മന്ത്രിമന്ദിരങ്ങളിൽ ഏതായാലും ആളനക്കമുണ്ടാവാത്ത സാഹചര്യം ഇല്ല. ആവശ്യത്തിനും അതിലധികവും ആൾക്കാർ സജീവമായി തന്നെയുള്ള ഇടങ്ങളാണ് ഈ മന്ദിരങ്ങൾ. ഇത്തരം ആളനക്കങ്ങളോടും മന്ത്രിമന്ദിരങ്ങളുടെ പത്രാസിനോടുമൊക്കെ താദാത്മ്യം പ്രാപിച്ച പുതിയ ജനുസിൽപ്പെട്ട മരപ്പട്ടികളാവാനേ അപ്പോൾ സാദ്ധ്യതയുള്ളു. നിത്യേന കാണുന്നത് രാഷ്ട്രീയക്കാരെ ആയതിനാൽ അവയുടെ രാഷ്ട്രീയ ബോധവും വല്ലാതങ്ങു വളർന്നിട്ടുണ്ടാവും, മച്ചിൽ നിന്നു മുള്ളുന്ന സ്വഭാവം ഒഴിച്ചു നിറുത്തിയാൽ. എങ്കിലും ഇസ്തിരിയിട്ട് വയ്ക്കുന്ന വസ്ത്രത്തിലേക്ക് ഒന്നാം കൃത്യം ചെയ്യുന്നത്, മരപ്പട്ടിയായാലും മനസാക്ഷിയില്ലാത്ത പണിയാണ്.

മന്ത്രിമന്ദിരങ്ങളുടെ മച്ചും പരിസരവുമൊക്കെ വല്ലപ്പോഴുമെങ്കിലും ഒന്നു വൃത്തിയാക്കാൻ ഇത്ര ബുദ്ധിമുട്ടാണോ. മറ്റുകാര്യങ്ങളിലൊന്നും അത്രവലിയ പിശുക്ക് ഒരു മന്ത്രിമാരും കാട്ടുന്നതായി തോന്നിയിട്ടില്ല. മൂന്ന് മാസത്തിലൊരിക്കലെങ്കിലും ഇതൊക്കെ ഒന്നു തൂത്തുവാരിയാൽ തീരുന്ന പ്രശ്നമല്ലേയുള്ളു.

പക്ഷെ അതിനൊന്നും ആരും മുതിരാത്തതിന്റെ ഗുട്ടൻസ് , പങ്കുവയ്പ്പിൽ കിട്ടിയ മന്ത്രി സ്ഥാനത്തിന്റെ കാലാവധി കഴിഞ്ഞ്, മുൻ മന്ത്രിയായി പരിണമിച്ച ആന്റണിരാജുവാണ് വെളിപ്പെടുത്തിയത്. പഴക്കമുള്ള മന്ത്രിമന്ദിരങ്ങൾ വാസയോഗ്യമല്ലെങ്കിലും അറ്റകുറ്റപ്പണി നടത്താൻ മന്ത്രിമാർക്ക് പൊതുവെ മടിയാണത്രേ. മന്ത്രിമന്ദിരങ്ങൾ നവീകരിച്ച കണക്ക് വരുമ്പോൾ സ്വന്തം പേരിൽ വലിയ തുക വരുന്നത് വിവാദമാവുമെന്ന ഭയമാണത്രേ കാരണം.സാധുവായ ആന്റണിരാജുവിന്റെ കണ്ടെത്തലിലും കഴമ്പില്ലെന്ന് പറയാനാവില്ല.പച്ചവെള്ളം ചവച്ചുപൊട്ടിച്ച് കുടിക്കുന്നവരാണല്ലോ നമ്മുടെ മന്ത്രിമാരിൽ ഏറെയും.

മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിലോടെയാണ് മരപ്പട്ടി പരാക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. മന്ത്രി വി.ശിവൻകുട്ടിയുടെ വസതിയായ റോസ് ഹൗസ്, വി.അബ്ദു റഹ്മാൻ താമസിക്കുന്ന കവടിയാർ ഹൗസ്, ആർ.ബിന്ദുവിന്റെ വസതിയായ സാനഡു തുടങ്ങിയ മന്ദിരങ്ങളിലും വേഷപ്രച്ഛന്നരായി മരപ്പട്ടികൾ വിലസുന്നുണ്ടത്രെ. ജീവജാലങ്ങളോട് വലിയ കരുണയുള്ളതിനാൽ അവരാരും പരാതി പറയുന്നില്ലെന്ന് മാത്രം.

സർക്കാർ നിർബ്ബന്ധിച്ച് പറഞ്ഞുവിട്ടതാണോ, അതോ സ്വയം തീരുമാനിച്ചെത്തിയതാണോ ഏതായാലും രാജ് ഭവനിലും കുറേ നാൾമുമ്പ് കയറിക്കൂടിയിരുന്നു മരപ്പട്ടികൾ. ശല്യം സഹിക്കവയ്യാതായതോടെ ഗവർണർ ആരീഫ് മുഹമ്മദ് ഖാന് കുറച്ചുകാലം ഹോട്ടലിൽ മുറിയെടുത്ത് താമസിക്കേണ്ട അവസ്ഥയുമുണ്ടായി. തലസ്ഥാനത്തെ, പ്രത്യേകിച്ച് മന്ത്രിമന്ദിരങ്ങളിലെ മരപ്പട്ടി ശല്യം ഒഴിവാക്കാൻ പ്രത്യേക കർമ്മപദ്ധതി ആവിഷ്കരിക്കേണ്ട സാഹചര്യമാണുള്ളത്. വനംവകുപ്പിന്റെയോ മൃഗസംരക്ഷണ വകുപ്പിന്റെയോ ഉന്നത പദവി വഹിച്ചിരുന്ന ഏതെങ്കിലും മുൻ ഉദ്യോഗസ്ഥനെ കൂടി ഉൾപ്പെടുത്തി പ്രത്യേക വിദഗ്ദ്ധ സംഘത്തെ നിയോഗിക്കുന്നതും ആലോചിക്കാവുന്ന കാര്യമാണ്.

ഇതുകൂടി കേൾക്കണേ

മന്ത്രിമാരും മനുഷ്യരാണ്. മന്ത്രിമന്ദിരങ്ങളിൽ പോലും മനഃസമാധാനമായി ഉറങ്ങാനായില്ലെങ്കിൽ എന്തുചെയ്യും. ഒന്നുറക്കെ കരയാൻ പോലും കഴിയാത്ത അവരുടെ ധർമ്മസങ്കടം ആരോട് പറയാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASBHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.