ന്യൂഡൽഹി: താജ്മഹൽ സ്ഥിതിചെയ്യുന്ന സ്ഥലം മുൻപ് ശിവക്ഷേത്രമായിരുന്നു എന്ന് അവകാശപ്പെട്ട് താജ്മഹലിന് സമീപം യമുനാ തീരത്ത് ജലാഭിഷേകം നടത്തിയ അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രാദേശിക നേതാവ് പവൻ ബാബയെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവരാത്രിയോട് അനുബന്ധിച്ചായിരുന്നു ചടങ്ങ് നടത്തിയത്. സ്ഥലത്തുണ്ടായിരുന്ന ആർക്കിയോളജിക്കൽ സർവ ഒഫ് ഇന്ത്യയുടെ ജീവനക്കാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതെന്നാണ് റിപ്പോർട്ട്. ജലാഭിഷേകം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ചടങ്ങുകൾ നടത്തിയത് സമാധാന പരമായിരുന്നു എന്നും അത് തങ്ങളുടെ അവകാശമാണെന്നുമാണ് അഖില ഭാരത് ഹിന്ദു മഹാസഭ വക്താവ് സഞ്ജയ് ജാട്ട് പറയുന്നത്. 'ചരിത്രപരമായി അനീതിക്കെതിരെയാണ് പോരാട്ടം. താജ്മഹൽ ഒരു ശവകുടീരമാണെന്ന മിഥ്യയ്‌ക്കെതിരെ ഞങ്ങൾ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. വാസ്തവത്തിൽ, ഇതൊരു ശിവക്ഷേത്രമാണ്, അതിനാൽ എല്ലാ മഹാശിവരാത്രിയിലും അഖില ഭാരത ഹിന്ദു മഹാസഭ താജ്മഹലിനെ ഒരു ശിവക്ഷേത്രമായി കണക്കാക്കി പ്രാർത്ഥിക്കുന്നു. ഈ വർഷം വൃന്ദാവനിൽ നിന്നുള്ള പവൻ ബാബ പ്രാർത്ഥന നടത്തുകയും ജ്യോതി കത്തിക്കുകയും ആചാരത്തിൻ്റെ ഭാഗമായി ശിവ നൃത്തം നടത്തുകയും ചെയ്തു'-സഞ്ജയ് ജാട്ട് പറഞ്ഞു. താജ്മഹൽ ഹിന്ദുക്ഷേത്രമാക്കുന്നതിന് കോടതികളിൽ ഉൾപ്പടെ സാദ്ധ്യമായ എല്ലായിടത്തും പോരാടുമെന്നും എന്തുവന്നാലും പിന്നോട്ട് പോകില്ലെന്നും സഞ്ജയ് ജാട്ട് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |