തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ നിയമത്തിനെതിരെ സമാന ചിന്താഗതിക്കാരെ ഒപ്പംകൂട്ടി മുന്നോട്ടു പോകണമെന്നാണ് മുമ്പും ഇപ്പോഴും സി.പി.എം നിലപാട്. ഈ നിലപാടുമായി സഹകരിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ല. നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും പ്രതിപക്ഷവുമായി യോജിച്ച് സമരം നടത്തുമെന്നും താൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ യോജിച്ച് സമരം ചെയ്യുന്ന പ്രശ്നമേയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. ഈ നിലപാട് ബി.ജെ.പിയെ സഹായിക്കാനാണ്.
ഹിന്ദുത്വ അജണ്ട സ്ഥാപിക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ് സി.എ.എ. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല ഇത്. ന്യൂനപക്ഷ വിഭാഗങ്ങളെ കടന്നാക്രമിക്കുന്ന നിലപാടാണ് കേന്ദ്രത്തിനുളളത്. പൗരത്വ നിയമം അടിച്ചേൽപ്പിക്കുന്നത് മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണ്. കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളിൽ ബി.ജെ.പിക്കെതിരെ ഫലപ്രദമായ കൂട്ടായ്മകൾ രൂപപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇടതുമുന്നണിയോട് ഏറ്രുമുട്ടുന്ന കോൺഗ്രസ് ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഒന്നും ചെയ്യുന്നില്ല. ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായെടുത്ത് ബി.ജെ.പി വിരുദ്ധ വോട്ടുകൾ ചോരാതെ പ്രത്യേക പദ്ധതി തയ്യാറാക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് കാര്യമായി ഒന്നും ചെയ്യാനാവില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |