SignIn
Kerala Kaumudi Online
Sunday, 28 April 2024 12.07 AM IST

സാന്റിയാഗോ മാർട്ടിനും 1368 കോടിയുടെ ഇലക്ട്രൽ ബോണ്ടും, ഇത്രയും കോടികൾ മുടക്കിയതിന് പിന്നിലെ ലക്ഷ്യം, ആരാണ് ഈ വിവാദ 'ലോട്ടറി കിംഗ്'

santiago-martin

2019 ഏപ്രിൽ ഒന്ന് മുതൽ 2024 ഫെബ്രുവരി 15 വരെ തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. സംഭാവന നൽകിയവരുടെ പട്ടികയിൽ അദാനി, റിലയൻസ് കമ്പനികളുടെ പേരില്ല. കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേര് സംഭാവന നൽകിയവരുടെ നിരയിലുണ്ട്. എന്നാൽ ഭീമമായ തുക സംഭാവന നൽകിയവരിൽ വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കമ്പനിയും ഉൾപ്പട്ടിട്ടുണ്ട്.

സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനി 1368 കോടിയിൽപ്പരമാണ് സംഭാവന നൽകിയത്. 1000 കോടിയിൽ കൂടുതൽ സംഭാവന നൽകിയ ഒരേയൊരു കമ്പനി സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് മാത്രമാണെന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ ശരിക്കും ആരാണ് സാന്റിയാഗോ മാർട്ടിൻ, എന്തുകൊണ്ടാണ് 'ലോട്ടറി കിംഗ്' എന്ന പേരിൽ സാന്റിയാഗോ മാർട്ടിൻ അറിയപ്പെടുന്നത്. പരിശോധിക്കാം.

ആരാണ് സാന്റിയാഗോ മാർട്ടിൻ?
മാർട്ടിൻ ചാരിറ്റബിൾ ട്രെസ്റ്റിന്റെ വെബ്‌സൈറ്റ് അനുസരിച്ച് മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയർമാനാണ് സാന്റിയാഗോ മാർട്ടിൻ. 'ഒന്നും കെട്ടിപ്പടുക്കാത്ത, ഒരു സാമ്രാജ്യത്തിലേക്കുള്ള ഒരു മനുഷ്യന്റെ വിജയത്തിന്റെ പ്രതീകമാണ് അവന്റെ ജീവിതകഥ' എന്നാണ് അദ്ദേഹത്തെ കുറിച്ച് വൈബ്‌സൈറ്റിൽ കുറിച്ചിരിക്കുന്നത്. 13ാം വയസിൽ വ്യവസായത്തിലേക്ക് കടന്ന സാന്റിയാഗോ മാർട്ടിനെ ഇന്ന് 'ലോട്ടറി കിംഗ്' എന്നാണ് വിളിക്കുന്നത്.

മ്യാൻമറിലെ യങ്കോണിൽ ഒരു തൊഴിലാളിയായാണ് സാന്റിയാഗോ തന്റെ കരിയർ ആരംഭിച്ചത്. 1988ൽ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. ആ സമയത്താണ് അദ്ദേഹം തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ മാർട്ടിൻ ലോട്ടറി ഏജൻസീസ് ലിമിറ്റഡ് എന്ന പേരിൽ ബിസിനസ് ആരംഭിച്ചത്. പിന്നാലെ 'ലോട്ടറി മാർട്ടിൻ' എന്ന വിളിപ്പേര് അദ്ദേഹത്തെ തേടിയെത്തി. പിന്നീട് അങ്ങോട്ടുള്ള വർഷങ്ങളിൽ കർണാടക, കേരളം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ ബിസിനസ് വ്യാപിപ്പിക്കാൻ തുടങ്ങി.

ലോട്ടറി ബിസിനസ് കൂടാതെ റിയൽ എസ്‌റ്റേറ്റ്, കൺസ്ട്രക്ഷൻ, ബദൽ ഊർജ്ജം, ദൃശ്യമാധ്യമ വിനോദം, ടെക്സ്‌റ്റൈൽസ്, ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സോഫ്റ്റ്‌വെയർ, സാങ്കേതികവിദ്യ, പ്രോപ്പർട്ടി ഡെവലപ്‌മെന്റ്, അഗ്രോ, ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, നിർമ്മാണ സാമഗ്രികൾ എന്നിങ്ങനെ ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ചു. മാർട്ടിനും കുടുംബത്തിനും പരിശുദ്ധ പിതാവ് പോപ്പ് ബെനഡിക്ട് പതിനാറാമന്റെ അപ്പസ്‌തോലിക അനുഗ്രഹവും ലഭിച്ചെന്നും റിപ്പോർട്ടുണ്ട്.

ഇന്ത്യയിലെ ലോട്ടറി വ്യാപാരത്തിന്റെ വിശ്വാസ്യത ഉയർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏർപ്പെട്ടിരിക്കുന്ന സംഘടനയായ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ലോട്ടറി ട്രേഡ് ആൻഡ് അലൈഡ് ഇൻഡസ്ട്രീസിന്റെ പ്രസിഡന്റ് കൂടിയാണ് മാർട്ടിൻ. അരുണാചൽ പ്രദേശ്, അസം, ഗോവ, കേരളം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, സിക്കിം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി 1,000ലധികം ജീവനക്കാരുടെ ശക്തി മാർട്ടിന്റെ സാമ്രാജ്യത്തിനുണ്ട്.

മാർട്ടിനും രാഷ്ട്രീയ വിവാദങ്ങളും
സിക്കിം സർക്കാരിനെ കബളിപ്പിച്ചെന്ന ആരോപണം നേരിട്ട സമയത്ത് കേരളത്തിലെ സിപിഎം മുഖപത്രമായ ദേശാഭിമാനിക്ക് 2 കോടി രൂപ സംഭാവന നൽകിയതാണ് മാർട്ടിന്റെ ആദ്യത്തെ രാഷ്ട്രീയ വിവാദം. അന്ന് മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദനും പാർട്ടി സെക്രട്ടറിയായ പിണറായി വിജയനും തമ്മിലുള്ള ആഭ്യന്തര കലഹം നടക്കുന്ന സമയത്താണ് ഈ സംഭാവന വിവാദം പുറത്തുവരുന്നത്.

പിണറായി വിജയനെ കടന്നാക്രമിക്കാനുള്ള മാർഗമായി അച്യുതാനന്ദൻ മാർട്ടിന്റെ സംഭാവനയെ ഉപയോഗിച്ചു. സംഭാവന തിരികെ നൽകണമെന്നും പ്രസിദ്ധീകരണത്തിന്റെ ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് മാറ്റാനും നിർബന്ധിച്ചു. വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ ഡിഎംകെയുമായി അടുത്ത ബന്ധം വളർത്തിയെടുക്കാൻ മാർട്ടിന് സാധിച്ചു. 2011ൽ 20 കോടി രൂപ മുടക്കി ഇളഗ്നൻ എന്ന തമിഴ് ചിത്രം അദ്ദേഹം നിർമ്മിച്ചു. മുൻ മുഖ്യമന്ത്രിയായ കരുണാനിധിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ.

പിന്നീട് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭൂമി തട്ടിപ്പ് കേസിൽ സാന്റിയാഗോ മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് മദ്രാസ് ഹൈക്കോടതി ഇദ്ദേഹത്തിന്റെ തടങ്കൽ റദ്ദാക്കുകയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

ഇഡിയുടെ നിഴലിൽ സാന്റിയാഗോ
വിവാദങ്ങൾ ഒരു ഭാഗത്ത് നിൽക്കുമ്പോഴും മാർട്ടിന്റെ പിന്നാലെ വിവിധ കേസുകളുമായി ഇഡിയും സിബിഐയും ഉണ്ടായിരുന്നു. ലോട്ടറി വിൽപനയുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഡാലോചനയ്ക്ക് 2019ൽ മാർട്ടിനെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തു.

2022ൽ ഇഡി മാർട്ടിന്റെ കമ്പനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണം ആരംഭിക്കുകയും 409.92 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. തൊട്ടടുത്ത വർഷം 457 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. 2023 ഒക്ടോബറിൽ സമാന്തര അന്വേഷണത്തിൽ മാർട്ടിന്റെ കോയമ്പത്തൂരിലെ സ്വത്തുക്കളിൽ ആദായനികുതി റെയ്ഡ് നടത്തി.

വീണ്ടും ചർച്ചയായി മാർട്ടിൻ
വർഷങ്ങൾക്ക് ശേഷം വീണ്ടും സാന്റിയാഗോ മാർട്ടിൻ ചർച്ചയായിരിക്കുകയാണ്. 1368 കോടിയോളം രൂപയാണ് സാന്റിയാഗോ മാർട്ടിൻ സംഭാവന നൽകിയത്. എന്നാൽ ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾക്കാണ് സംഭാവന നൽകിയതെന്ന വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. നേരത്തെ ബോണ്ടുകളുടെ നമ്പർ എന്തുകൊണ്ട് പ്രസിദ്ധീകരിച്ചില്ലെന്ന് സുപ്രീം കോടതി എസ്ബിഐയോട് ചോദിച്ചിരുന്നു. വരും ദിവസങ്ങളിൽ ആരൊക്കെ എതൊക്കെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയെന്ന വിവരം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. എന്തിന് വേണ്ടിയാണ് സാന്റിയാഗോ മാർട്ടിൻ ഇത്രയും കോടികളുടെ ബോണ്ട് വാങ്ങിയത് എന്നതിൽ അന്വേഷണം ആവശ്യപ്പെട്ടും ഹർജിക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA, BOND, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.