തന്റെ സെക്ഷ്വാലിറ്റിയിൽ താനെപ്പോഴും അസ്വസ്ഥയായിരുന്നുവെന്ന് തുറന്നുപറഞ്ഞ് തെന്നിന്ത്യൻ നായിക സമാന്ത. ഇന്ത്യാ ടുഡേ കോൺക്ളേവിൽ സംസാരിക്കവെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സൂപ്പർ ഹിറ്റ് സിനിമകളായ 'ഫാമിലി മാൻ', 'പുഷ്പ' എന്നീ സിനിമകളിലും സ്റ്റിരിയോടൈപ്പ് ചെയ്യപ്പെട്ടതിനെക്കുറിച്ചും താരം മനസുതുറന്നു.
അല്ലു അർജുൻ നായകനായെത്തിയ ബ്ളോക്ക് ബസ്റ്റർ സിനിമ പുഷ്പയിലെ സൂപ്പർഹിറ്റ് ഐറ്റം സോങ്ങായ 'ഓ ആണ്ടവയിൽ' നൃത്തം ചെയ്തത് തനിക്ക് വലിയ വെല്ലുവിളിയായിരുന്നുവെന്നും സമാന്ത പറഞ്ഞു.
'ഫാമിലി മാൻ2 വിൽ അഭിനയിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുത്തതും ഓ ആണ്ടവയെക്കുറിച്ച് തീരുമാനം എടുത്തതും ഒരുപോലെ തന്നെയായിരുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കാതിരിക്കുന്നതാണ് അധികമൊന്നും ആളുകൾ നിങ്ങൾക്ക് ചുറ്റുമില്ലാതെയിരിക്കുന്നതിന്റെ വലിയൊരു ഗുണം. ഇതിന്റെ മറുവശമെന്തെന്നാൽ ഞാൻ തെറ്റുകൾ വരുത്തിയാൽ അതിൽനിന്ന് സ്വയം പഠിക്കേണ്ടതായി വരും.
ഒരു അഭിനേതാവെന്ന നിലയിൽ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിനായാണ് ഓ ആണ്ടവ ചെയ്യാൻ തീരുമാനിച്ചത്. എന്റെ സെക്ഷ്വാലിറ്റിയിൽ ഞാൻ എപ്പോഴും അസ്വസ്ഥയായിരുന്നു. ഞാൻ വളരെ ആത്മവിശ്വാസമുള്ളയാളല്ല. ഞാൻ ഇതിന് പര്യാപ്തയല്ല, ഞാൻ സുന്ദരിയല്ല, മറ്റ് പെൺകുട്ടികളെ പോലെയല്ല കാണാൻ എന്നുള്ള ചിന്തകൾ എപ്പോഴുമുണ്ടായിരുന്നു.
'ഓ ആണ്ടവ' എന്നെ സംബന്ധിച്ചിടത്തോളം വലിയ വെല്ലിവിളിയായിരുന്നു. ആദ്യ ഷോട്ടെടുക്കുന്ന സമയം ഞാൻ പേടിച്ച് വിറയ്ക്കുകയായിരുന്നു. സെക്സിയായി കാണുകയെന്നത് എനിക്ക് പറ്റിയതല്ലെന്ന് തോന്നിയിരുന്നു. എന്നാലിപ്പോൾ ഒരു അഭിനേതാവ് എന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഞാൻ ഒരുപാട് വളർന്നു. ഏറ്റവും ദുഷ്കരമായ അവസ്ഥകളിലും ഞാൻ കടന്നുചെല്ലുകയും അതിനെതിരെ പോരാടി മുന്നേറുകയും ചെയ്യും'- സാമന്ത വ്യക്തമാക്കി.
2022ൽ സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതായി താരം പ്രഖ്യാപിച്ചിരുന്നു. മയോസൈറ്റിസ് രോഗബാധിതയാണ് താനെന്ന് സമാന്ത ഒരു വർഷം മുൻപാണ് വെളിപ്പെടുത്തിയത്. തുടർന്ന് തന്റെ രോഗവിവരങ്ങളും താരം പങ്കുവച്ചിരുന്നു. രോഗം ഭേദമായെന്ന് കഴിഞ്ഞ ആഴ്ച സമാന്ത വെളിപ്പെടുത്തുകയും ചെയ്തു. സ്ക്രീനിലേയ്ക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് സമാന്തയെന്നാണ് വിവരം. രാജ്, ഡി കെ എന്നിവർ സംവിധാനം ചെയ്യുന്ന 'സിറ്റാഡെൽ: ഇന്ത്യ' എന്ന സീരിസിലാണ് താരം അടുത്തതായി എത്തുന്നത്. ബോളിവുഡ് താരം വരുൺ ധവാനാണ് സീരീസിലെ നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |