വേണ്ടത് 2019 ഏപ്രിൽ മുതലുള്ളത്
2018- 2019ലെ വിവരം പറയേണ്ട
ന്യൂഡൽഹി: 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ മുഴുവൻ പുറത്തുവരണമെന്ന കടുത്ത നിലപാടിൽ സുപ്രീംകോടതി. ബോണ്ടിലെ യൂണിക് ആൽഫാ ന്യൂമറിക് നമ്പർ അടക്കം എസ്.ബി.ഐയുടെ പക്കലുള്ള എല്ലാ വിവരവും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണം. കമ്മിഷൻ ഔദ്യോഗിക വെബ്സൈറ്രിൽ അപ്‌ലോഡ് ചെയ്യണം.
എല്ലാ വിവരങ്ങളും കൈമാറിയെന്ന് എസ്.ബി.ഐ ചെയർമാൻ വ്യാഴാഴ്ച വൈകിട്ട് 5ന് മുൻപ് സത്യവാങ്മൂലം സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. ഭാവിയിലെ വിവാദങ്ങൾ ഒഴിവാക്കാനാണിത്. വിവരങ്ങൾ എസ്.ബി.ഐ കൈമാറണമെന്നതിൽ അണുവിട സംശയം വയ്ക്കേണ്ടെന്നും നിരീക്ഷിച്ചു. ഇതോടെ ഇക്കാലയളവിൽ ആരെല്ലാം, ഏതൊക്കെ പാർട്ടിക്ക്, എത്രതുക സംഭാവന നൽകി എന്ന വിവരം പുറത്തുവരാൻ സാഹചര്യമൊരുങ്ങി.
അതേസമയം, ബോണ്ട് വിൽപ്പനയ്ക്ക് തുടക്കമിട്ട 2018 മാർച്ച് ഒന്നുമുതൽ 2019 ഏപ്രിൽ 11 വരെയുള്ള മുഴുവൻ വിവരങ്ങളും പുറത്തുവരില്ല. 2018 മാർച്ച് ഒന്നു മുതലുള്ള വിവരവും വേണമെന്ന സിറ്രിസൺസ് ഫോർ റൈറ്റ്സ് ട്രസ്റ്റ് സംഘടനയുടെ ആവശ്യം നിരസിച്ചു. വ്യവസായ സംഘടനകളായ ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും, അസോസിയേറ്റഡ് ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഒഫ് ഇന്ത്യയും ബോണ്ട് നമ്പരുകൾ വെളിപ്പെടുത്തുന്നതിനെ എതിർത്തു. രഹസ്യ സ്വഭാവം ഉറപ്പുതന്നതിനാലാണ് ബോണ്ടുകൾ വാങ്ങിയതെന്നും അറിയിച്ചു.
എന്നാൽ, 2019 ഏപ്രിൽ 12 മുതലുള്ള ബോണ്ട് വിവരങ്ങൾ ശേഖരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകിയിരുന്നതാണെന്നും എല്ലാവരുടെയും ശ്രദ്ധയിൽ അന്ന് അക്കാര്യം വന്നിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. അതിനാലാണ് 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള വിവരം പുറത്തുവിട്ടാൽ മതിയെന്ന ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം.
സാമൂഹ്യമാദ്ധ്യമങ്ങളെ നിയന്ത്രിക്കില്ല
ബോണ്ട് സംബന്ധിച്ച് പലതലത്തിൽ വ്യാപകമായ ദുഷ്പ്രചാരണം നടക്കുന്നുണ്ടെന്ന് സോളിസിറ്രർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കോടതിയെ നാണംകെടുത്താൻ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ബോധപൂർവ്വം ശ്രമമുണ്ട്. ഇത് തടയാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, സാമൂഹ്യമാദ്ധ്യമ കമന്റുകൾ നേരിടാൻ തങ്ങൾ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. പ്രത്യേക നിർദ്ദേശം പുറപ്പെടുവിക്കില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |