SignIn
Kerala Kaumudi Online
Saturday, 27 April 2024 12.26 PM IST

നൂറോളം പേർ തയ്യാറായി നിൽക്കുന്നു, കേന്ദ്രസർക്കാരിന്റെ ഉത്തരവ് കേരളത്തിൽ പലരുടെയും കീശ വീർപ്പിക്കും

procession

ആനയില്ലാതെയും ഉത്സവങ്ങളുണ്ടെങ്കിലും നെറ്റിപ്പട്ടവും കോലവും വെഞ്ചാമരവും ആലവട്ടവുമായി നിൽക്കുന്ന ആനകളാണ് ഉത്സവങ്ങൾക്ക് ചന്തം പകരുന്നതെന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗം പേരും. അടുത്തിടെ യന്ത്രസഹായത്തോടെ പ്രവർത്തിക്കുന്ന കൃത്രിമ ആനകളെ രംഗത്തെത്തിയെങ്കിലും ആനച്ചൂരില്ലാത്ത ഉത്സവപ്പറമ്പുകളെ മലയാളി സ്വീകരിച്ചുതുടങ്ങിയിട്ടില്ല. മുൻപ് കേരളത്തിലുണ്ടായിരുന്ന ആനകൾ 700 ഓളമാണ്. നിലവിലുള്ളത് 430 ആനകളും. എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കുന്നത് 200 ഓളം ആനകളെയും. ഉത്സവങ്ങളാണെങ്കിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുകയും ചെയ്യുന്നു. നാട്ടാനക്ഷാമത്തിൽ നട്ടം തിരിയുകയാണ് ഉത്സവകമ്മിറ്റിക്കാരും ദേവസ്വങ്ങളും. നിരവധി ആനകൾ അടുത്ത കാലത്ത് ചരിഞ്ഞു. പുതിയ ആനകളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരാനുള്ള നിയമവുമില്ലായിരുന്നു.

എന്നാൽ കഴിഞ്ഞദിവസം അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആനകളെയെത്തിക്കാൻ ഉപകരിക്കും വിധം ആനക്കൈമാറ്റത്തിന് അനുമതിയായത് ദേവസ്വങ്ങൾക്കും ഉത്സവക്കമ്മിറ്റികൾക്കും ആശ്വാസമായി. ഉടമസ്ഥതാ സർട്ടിഫിക്കറ്റുള്ള ഏത് ആനയെയും എവിടേക്ക് വേണമെങ്കിലും കൈമാറാം. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിൽ നൂറോളം പേർ ആനകളെ വാങ്ങാൻ സന്നദ്ധരായി നിൽക്കുന്നുണ്ടെന്നാണ് വിവരം. ആനയെ രജിസ്റ്റർ ചെയ്ത സ്ഥലത്തെ വനംവകുപ്പ് ഡെപ്യൂട്ടി കൺസെർവേറ്ററാണ് ആനക്കൈമാറ്റത്തിന്റെ അപേക്ഷ പരിഗണിക്കേണ്ടത്. കൈമാറുന്ന ആനയെ വെറ്ററിനറി ഡോക്ടർ പരിശോധിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും വേണം.

അതേസമയം, നാട്ടാനച്ചട്ടം സംബന്ധിച്ച് വനംമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. അതിലേക്ക് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിക്കുള്ള ചട്ടങ്ങളാണ് ഒരുങ്ങുന്നത്. ചട്ടം നിലവിൽ വരുന്നതോടെ ആനക്കൈമാറ്റം സുഗമമാകുകയും ഉത്സവങ്ങളിലെ ആനക്ഷാമത്തിന് പരിഹാരമാകുകയും ചെയ്യും.

എന്നും പ്രശ്നം
നാട്ടാനകൾ കുറഞ്ഞത് ഉത്സവപ്പറമ്പുകളിൽ വലിയ പ്രശ്‌നങ്ങൾക്ക് ഇടയാക്കിയിരുന്നു. പേരുകേട്ട ആനകളെ കിട്ടാനുള്ള മത്സരങ്ങളുമേറെയായിരുന്നു. ആനകൾക്ക് വേണ്ടത്ര വിശ്രമം കിട്ടാത്ത സ്ഥിതിയുമുണ്ടായി. ആനകൾ ഇടയുന്നതും പാപ്പാൻമാർക്കും ജനങ്ങൾക്കും പരിക്കേൽക്കുന്നതും കൂടി. എണ്ണം കുറയുമ്പോൾ ജോലിഭാരവും പീഡനവും ഏറി.

ഭൂരിഭാഗം സ്ഥലങ്ങളിലും ആന ഇടയുന്നത് സുഭിക്ഷമായി ഭക്ഷണം കൊടുക്കാത്തത് കൊണ്ടാണ്. തൃശൂർ പൂരത്തിന് സമൃദ്ധമായി പഴവും വെള്ളവും പനംപട്ടയുമെല്ലാം നൽകുന്നതുകൊണ്ട് തന്നെയാണ് ഒരു പ്രശ്‌നവുമുണ്ടാകാത്തത്. നാട്ടിൽ ആനകൾക്ക് വലിയ ആരോഗ്യസുരക്ഷയാണ് സർക്കാരും പ്രധാന ദേവസ്വങ്ങളുമെല്ലാം നൽകുന്നത്. എന്നാൽ ചെറിയ ക്ഷേത്രങ്ങൾക്കും ദേവസ്വങ്ങൾക്കും ആനയുടെ ഭക്ഷണകാര്യത്തിൽ ശ്രദ്ധ പുലർത്താൻ കഴിയുന്നില്ല. അതും ഒരു പ്രശ്നമായി തുടരുന്നുണ്ട്.

അടുത്തകാലത്തായി പരിക്കുകളുള്ളതും ആരോഗ്യം ക്ഷയിച്ചതും പ്രായാധിക്യമുള്ളതും വൈകല്യങ്ങളുള്ളതുമായ ആനകൾ വരെ എഴുന്നള്ളിപ്പുകൾക്ക് എത്തിത്തുടങ്ങുന്നുണ്ട്. ഇത് വലിയ പ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കും കാരണമാകുകയും ചെയ്തു.

ഉത്സവങ്ങൾക്ക് ആനകൾ തികയാത്ത നിലയുണ്ടായി. പ്രതീകാത്മക ആനയെഴുന്നള്ളിപ്പ് വരെയുണ്ടായി. ഇതിന് മാറ്റം വരാൻ പുതിയ കൈമാറ്റച്ചട്ടം സഹായകമാകും. ഉത്സവ സംഘാടകർ ഏറെക്കാലമായി പലവിധ ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നെങ്കിലും ലക്ഷ്യം കണ്ടത്‌ ഇപ്പോഴാണ്. ക്ഷേത്രോത്സവങ്ങൾക്ക് നാട്ടാനകളില്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടക്കം പ്രതിസന്ധിയിലായിരുന്നു. അസം, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ആനകളെ വാങ്ങാൻ ദേവസ്വം ബോർഡിന് പദ്ധതിയുണ്ടായിരുന്നുവെങ്കിലും കേന്ദ്ര ചട്ടങ്ങൾ എതിരായതിനാൽ മുന്നോട്ടുപോയില്ല. 2003ലെ വന്യജീവി സംരക്ഷണ നിയമ ഭേദഗതി ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ആനകളെ കൊണ്ടുവരുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. 2022ൽ മെരുക്കിയ ആനകളെ ഉടമസ്ഥ അവകാശമുള്ളവർക്കു കൊണ്ടുപോകാമെന്നും, ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഉടമസ്ഥാവകാശം മാറ്റാമെന്നും ഭേദഗതി വന്നു.

ഉത്സവപ്പറമ്പുകളെ അലങ്കോലമാക്കുന്നു

ആനകളുടെ ഉയരത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ഈയിടെ തൃശൂരിലെ ഉത്സവപ്പറമ്പുകളെ അലങ്കോലമാക്കിയിരുന്നു. തലപ്പൊക്ക മത്സരം പാടില്ലെങ്കിലും ഉയരക്രമമനുസരിച്ച് ആനകളെ എവിടെ നിറുത്തണമെന്നതായിരുന്നു തർക്കവിഷയം. പാപ്പാന്മാരെ ധിക്കരിച്ച് ആനകളുടെ ശരീരത്തിലും കൊമ്പിലും പിടിക്കുന്നവരും ഉത്സവപ്പറമ്പുകളിലുണ്ട്. ആനകൾ ഇടയുന്നതിന് ഒരു കാരണവും ഇതാണെന്ന് പറയുന്നു.

സാമൂഹികമാദ്ധ്യമങ്ങളിൽ ചിത്രം പങ്കുവക്കാൻവേണ്ടി സാഹസങ്ങൾ കാട്ടുന്നവരും പ്രശ്നം സൃഷ്ടിച്ചിരുന്നു. 2012നു ശേഷം ഔദ്യോഗികതലത്തിൽ ആനകളുടെ അളവെടുത്ത് ഉയരം നിശ്ചയിച്ചിട്ടില്ല. ഇതോടെ സ്ഥാനം നിശ്ചയിക്കുന്നതിൽ ഉത്സവക്കമ്മിറ്റിക്കാർക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.

ഉത്സവങ്ങൾക്കിടെ ഇത്തരത്തിലുണ്ടായ വിഷയങ്ങൾ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റികളും സോഷ്യൽ ഫോറസ്ട്രി വിഭാഗവും പരിശോധിക്കുന്നുണ്ട്. തർക്കമുണ്ടായ സ്ഥലങ്ങളിൽനിന്ന് റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു.

ദേവസ്വം കമ്മിറ്റി നിശ്ചയിക്കുന്ന ആനയാണ് ഭഗവതിയുടെ തിടമ്പേറ്റിനിൽക്കുക. ഈ ആനയുടെ വലതുചേർന്ന് ആദ്യസ്ഥാനത്ത് തങ്ങളുടെ ആനയെ നിറുത്താനാണ് ഉടമകൾക്കും പ്രാദേശിക കമ്മിറ്റികൾക്കും താത്പര്യം. സ്ഥാനം ലഭിക്കാതായാൽ തർക്കമാകും. കൂട്ടിയെഴുന്നള്ളിപ്പിൽനിന്ന് ആനയെ മാറ്റിനിറുത്തിയുളള പ്രതിഷേധം സംഘർഷത്തിലെത്തും.

പ്രചാരണ വേദികളിലും ചർച്ച

പൂരങ്ങളുടെ നാടായ തൃശൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ആനകളുടെ കെെമാറ്റ നിയമവും ചർച്ചയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കൃത്യം ഒരാഴ്ച മുൻപ് തൃശൂർ പൂരം കൊണ്ടാടുമ്പോൾ, ഇതേ ചൊല്ലിയുളള പ്രചാരണവും കൊട്ടിക്കേറും. ഏപ്രിൽ 19നാണ് തൃശൂർ പൂരം.

അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ആനകളുടെ കൈമാറ്റത്തിന് അനുമതി നൽകിയ വിജ്ഞാപനത്തെ സ്വാഗതം ചെയ്യുന്നതായും വിഷയത്തിൽ കേരള സർക്കാർ തുടർ നടപടി സ്വീകരിക്കണമെന്നും എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ ചട്ടഭേദഗതി നടപ്പാക്കാൻ എന്തു ചെയ്യുന്നുവെന്നത് തിരഞ്ഞെടുപ്പ് വേദികളിൽ ഇനിയും ചർച്ചയാകുമെന്ന് ഉറപ്പാണ്. തൃശൂരിൽ ഈ മാസവും അടുത്ത മാസവും നിരവധി ഉത്സവങ്ങളാണ് നടക്കുന്നത്. മിക്കവാറും ഉത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യമുണ്ട്. അതുകൊണ്ടു തന്നെ ആനകളും ഉത്സവങ്ങളുമെല്ലാം രാഷ്ട്രീയവിഷയം കൂടിയാണെന്ന് ചുരുക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELEPHANT PROCESSION, KERALA, FOREST DEPARTMENT, TEMPLES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.