കൊച്ചി: ആഗോള വിപണിയുടെ ചുവട് പിടിച്ച് സംസ്ഥാനത്ത് ഇന്നലെ സ്വർണ വില പുതിയ റെക്കാഡ് ഉയരത്തിലെത്തി. പവൻ വില 360 രൂപ കൂടി 48,640 രൂപയിലെത്തി. ഗ്രാമിന്റെ വില 45 രൂപ വർദ്ധിച്ച് 6,080 രൂപയിലെത്തി. മാർച്ച് ഒൻപതിന് രേഖപ്പെടുത്തിയ പവന് 48,600 രൂപയെന്ന റെക്കാഡാണ് ഇന്നലെ തിരുത്തിയത്. അടുത്ത മാസം കല്യാണ സീസൺ ആരംഭിക്കാനിരിക്കെ സ്വർണ വിലയിലെ വൻകുതിപ്പ് ഉപഭോക്താക്കളെ ആശങ്കാകുലരാക്കുന്നത്.
ദീർഘ കാലത്തിന് ശേഷം ജപ്പാനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ജപ്പാൻ നെഗറ്റീവ് പലിശ യുഗത്തിന് അവസാനം കുറിച്ചതാണ് ആഗോള വിപണിയിൽ പൊടുന്നനെ സ്വർണ വിലയിൽ കുതിപ്പുണ്ടാക്കിയത്. ഇന്നലെ ലണ്ടൻ എക്സ്ചേഞ്ചിൽ സ്വർണ വില ഔൺസിന് 2170 ഡോളറിലെത്തി. നാളെ പുറത്തുവരുന്ന അമേരിക്കയിലെ ഫെഡറൽ റിസർവിന്റെ ധന നയമാണ് വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇത്തവണ പലിശയിൽ മാറ്റമുണ്ടാകില്ലെങ്കിലും ഭാവി തീരുമാനങ്ങൾ സ്വർണത്തിന്റെ വിലയിൽ മാറ്റമുണ്ടാക്കിയേക്കും. അപ്രതീക്ഷിതമായി ഫെഡറൽ റിസർവ് നയത്തിൽ മാറ്റം പ്രഖ്യാപിച്ചാൽ അടുത്ത ദിവസങ്ങളിൽ സ്വർണ വില പവന് 50,000 രൂപ കടക്കാൻ ഇടയുണ്ട്.
റഷ്യയിൽ വ്ളാഡിമിർ പുടിൻ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതോടെ നാറ്റോ സംഖ്യവുമായുള്ള സംഘർഷം ശക്തമാകുമെന്ന ആശങ്കയാണ് സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചത്. രാഷ്ട്രീയ അനിശ്ചിതാവസ്ഥകളിൽ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ വിലയിരുത്തുന്നത്.
ജപ്പാനിൽ ഇനി മുതൽ നിക്ഷേപങ്ങൾക്ക് പലിശ കിട്ടും
പലിശ നിരക്ക് 0.1 ശതമാനം ഉയർത്തി ബാങ്ക് ഒഫ് ജപ്പാൻ
കൊച്ചി: നീണ്ട 17 വർഷത്തിന് ശേഷം ജപ്പാൻ നെഗറ്റീവ് പലിശ കാലം ഔദ്യോഗികമായി അവസാനിപ്പിച്ചു. നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി ഇന്നലെ കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ജപ്പാൻ മുഖ്യ പലിശ നിരക്ക് 0.1 ശതമാനമായി ഉയർത്തി. സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകാനായി ദീർഘകാലമായി ജപ്പാൻ പലിശ നിരക്ക് പൂജ്യം ശതമാനത്തിലും താഴെയായി നിലനിറുത്തുകയായിരുന്നു. ഉദാര ധന നയത്തിന്റെ ഭാഗമായുള്ള നെഗറ്റീവ് പലിശ തുടർന്ന ഏക രാജ്യമായിരുന്നു ജപ്പാൻ.
കഴിഞ്ഞ ഒരു വർഷമായി നാണയപ്പെരുപ്പം കേന്ദ്ര ബാങ്ക് ലക്ഷ്യമിട്ട രണ്ട് ശതമാനത്തിലും മുകളിൽ തുടരുന്നതിനാലാണ് ചരിത്ര തീരുമാനമെടുക്കാൻ ബാങ്ക് ഒഫ് ജപ്പാനെ പ്രേരിപ്പിച്ചത്.
ഓഹരി വിപണിയിൽ കനത്ത തകർച്ച
കൊച്ചി: ജപ്പാനിൽ മുഖ്യ പലിശ നിരക്ക് ഉയർത്തിയതിനെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കനത്ത ഇടിവ് നേരിട്ടു. ചൈന, ഹോങ്കോംഗ് എന്നീ ഓഹരികളും കനത്ത സമ്മർദ്ദത്തിലാണ് നീങ്ങുന്നത്. ഇന്ന് പ്രഖ്യാപിക്കുന്ന അമേരിക്കയിലെ ഫെഡറൽ റിസർവിന്റെ ധന നയത്തിൽ പലിശ ഇളവ് നൽകുമോയെന്നാണ് നിക്ഷേപകർ കാത്തിരിക്കുന്നത്. ബോംബെ ഓഹരി സൂചിക 736.37 പോയിന്റ് നഷ്ടവുമായി 72,012.05ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 242.20 പോയിന്റ് ഇടിഞ്ഞ് 21,813.50ൽ എത്തി. ടി.സി.എസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.സി.എൽ എന്നിവയാണ് ഇന്നലെ തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |