SignIn
Kerala Kaumudi Online
Sunday, 28 April 2024 2.59 PM IST

ഇൻസ്റ്റഗ്രാം റീൽസ് കണ്ട് മലയാളികളും ഈ ശീലത്തിന് പിന്നാലെ: ജീവൻ തന്നെ അപകടത്തിലാക്കിയേക്കും, പുതിയ പഠനം പറയുന്നത്

intermittent-fasting-

ഇൻസ്റ്റഗ്രാമിലെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെയും വീഡിയോ കണ്ട് ഓരോ തരത്തിലുള്ള ആരോഗ്യ ശീലങ്ങൾ പിന്തുടരുന്നവരാണ് മലയാളികൾ. പല ശീലങ്ങളും ദൈനംദിന ജീവിതത്തിൽ കൊണ്ടുവരുമ്പോൾ ആരോഗ്യ വിദഗ്ദരുടെ സഹായം തേടാൻ ആരും അങ്ങനെ മുതിരാറില്ല. ചില ശീലങ്ങൾ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പല ഡയറ്റീഷ്യൻമാരും ഹിറ്റാക്കിയ തടികുറയ്ക്കാനുള്ള ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിനെ ( ഇടവിട്ടുള്ള ഉപവാസം) കുറിച്ചുള്ള പഠന റിപ്പോർട്ട് നമ്മളെ ആശ്ചര്യപ്പെടുത്തും.

ഈ ഉപവാസം ശീലമാക്കുന്നവർക്ക് സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ശീലിച്ചവർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാദ്ധ്യതകൾ കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. 12 മുതൽ 16 മണിക്കൂർ വരെ ഭക്ഷണം കഴിക്കുന്നവരേക്കാൾ ഭക്ഷണ സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാദ്ധ്യത 91 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നത്.

explainer

എന്താണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ?

ദൈനംദിന ഭക്ഷണം ഒരു അറ് മുതൽ എട്ട് മണിക്കൂർ വരെയുള്ള സമയത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുകയും. അത് കഴിഞ്ഞുള്ള 16 മണിക്കൂർ നേരത്തേക്ക് ഒരു ഭക്ഷണവും കഴിക്കാതിരിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എന്ന് പറയുന്നത്. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് കൂടുതൽ പേരും ഈ രീതി പിന്തുടരുന്നത്. സോഷ്യൽ മീഡിയയിൽ ഈ ഉപവാസത്തെ കുറിച്ചുള്ള വീഡിയോകൾ ജനശ്രദ്ധ ആകർഷിച്ചതോടെ നിരവധി പേർ ഈ രീതി പിന്തുടരുന്നുണ്ട്.

പുതിയ പഠനത്തിൽ പറയുന്നത്
നേരത്തെ പുറത്തുവന്ന ചില പഠനങ്ങളിൽ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന പുതിയ പഠനം ഒട്ടേറെ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ചൈനയിലെ ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകർ ഈ ആഴ്ച യുഎസിലെ ചിക്കാഗോയിൽ നടന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷനുകളിലാണ് ഈ പഠനം അവതരിപ്പിച്ചത്. ഈ പഠനത്തിൽ സമയബന്ധിതമായ ഭക്ഷണവും ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാദ്ധ്യതയും തമ്മിൽ ഒരു ബന്ധം കണ്ടെത്തി.

explainer

ശരാശരി 49 വയസ് മാത്രം പ്രായമുള്ള 20,000 പേരാണ് ഈ പഠനത്തിൽ പങ്കെടുത്തത്. യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിൽ 2003 മുതൽ 2018 വരെ പങ്കെടുത്തവരാണ് ഇവർ. തുടർന്ന് ഇവരുടെ ഭക്ഷണക്രമങ്ങൾ കൃത്യമായി ട്രാക്ക് ചെയ്തു. ഇതോടൊപ്പം യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ 2003 നും 2019 നും ഇടയിലുള്ള മരണ രേഖകളുമായി ഗവേഷകർ ഈ ഡാറ്റയെ താരതമ്യം ചെയ്തു.

സർവ്വേയിൽ പങ്കെടുത്തവർ രണ്ട് ദിവസങ്ങളിൽ എന്താണ് കഴിച്ചതെന്ന് ഓർത്തെടുത്താണ് പഠനം മുന്നോട്ടു പോകുന്നത്. അതുകൊണ്ട് തന്നെ അപാകതകളുണ്ടാകാമെന്ന് ഗവേഷകർ പറയുന്നു. മാത്രമല്ല, മറ്റ് ജീവിതശൈലി ഘടകങ്ങളായ പുകവലി, വ്യായാമത്തിന്റെ അളവ് എന്നിവയും ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ ഒരു ദിവസം ഭക്ഷണം കഴിക്കുന്നത് എട്ട് മുതൽ 10 മണിക്കൂർ വരെ പരിമിതപ്പെടുത്തിയാൽ, ഹൃദ്‌രോഗമോ പക്ഷാഘാതമോ മൂലമുള്ള മരണ സാദ്ധ്യത 66 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി.

ഈ പഠനത്തിന്റെ ഫലങ്ങൾ തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്ന് ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ എപ്പിഡെമിയോളജി ആൻഡ് ബയോസ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ മേധാവി വിക്ടർ വെൻസെ സോംഗ് പറഞ്ഞു. എട്ട് മണിക്കൂർ ഭക്ഷണ ക്രമവും ഹൃദയസംബന്ധമായ മരണവും തമ്മിലുള്ള ബന്ധം പഠനം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, സമയ നിയന്ത്രണത്തിലുള്ള ഭക്ഷണം ഹൃദയ സംബന്ധമായ മരണത്തിന് കാരണമായെന്ന അർത്ഥമില്ല. കൂടാതെ ഭക്ഷണത്തിന്റെ പോഷകഗുണമാണ് ഭക്ഷണം കഴിക്കുന്ന സമയത്തേക്കാൾ പ്രധാനം. എന്നാൽ ഇക്കാര്യം പഠനത്തിൽ കണക്കിലെടുത്തിട്ടില്ലെന്ന് ചില ഗവേഷകർ വാദിക്കുന്നു.


ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും തലച്ചോറിന്റെ ആരോഗ്യവും
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് രക്തസമ്മർദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്‌ട്രോൾ എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതുകൊണ്ട് തന്നെ ഈ ഉപവാസ രീതി തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് ചൂണ്ടിക്കാണിച്ച് പഠനങ്ങൾ പുറത്തുവന്നിരുന്നു. തലച്ചോറിലെ ഹിപ്പോകാമ്പസ് മേഖലയിലെ നാഡീകോശങ്ങളുടെ നിലനിൽപ്പും രൂപീകരണവും വർധിപ്പിച്ച് ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിന് ബന്ധമുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. 2022ൽ പ്രായമായ 411 ഓളം പേരിൽ നടത്തിയ ഒരു വിശകലനത്തിൽ, ഒരു ദിവസം മൂന്ന് നേരങ്ങളിൽ താഴെ ഭക്ഷണം കഴിക്കുന്നവർക്ക് അൽഷിമേഴ്സ് രോഗം കുറവാണെന്ന് കണ്ടെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXPLAINER, HEALTH, FASTING, KERALA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.