തിരുവനന്തപുരം/വിഴിഞ്ഞം: ടിപ്പർ ലോറികൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാപരിശോധനകൾ കർശനമാക്കുമെന്ന് ജില്ലാകളക്ടർ ജെറോമിക് ജോർജ്ജ് പറഞ്ഞു. കഴിഞ്ഞ ദിവസം ടോറസ് ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ച് വീണ് ബി.ഡി.എസ് വിദ്യാർത്ഥി അനന്തു മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടർ.
പൊലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനകൾ നടത്തും. ഇതിനായി തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ടിപ്പറുകളുടെ ലിസ്റ്റ് അദാനി പോർട്സ് അധികൃതർ പൊലീസിന് സമർപ്പിക്കണം.
രണ്ട് ദിവസത്തിനുള്ളിൽ പുതിയ മാർഗരേഖ
ടിപ്പറുകളുടെ സമയക്രമത്തിലും മാറ്റം വരുത്തും.
ഏറ്റവും അധികം തിരക്കുള്ള രാവിലെ 8 മുതൽ 10 വരെ ടിപ്പറുകൾ നിരത്തിലിറങ്ങുന്നത് പൂർണമായും തടയും.
അമിതഭാരം കയറ്റുന്നത് പരിശോധിക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക സ്ക്വാഡിനെ ചുമതലപ്പെടുത്തും.
നിലവിലെ നിയമം അനുസരിച്ചുള്ള ടണ്ണേജ് മാത്രമേ അനുവദിക്കൂ.
ഇതിനായി ലോഡ് കയറ്റുന്നിടത്തും ഇറക്കുന്നിടത്തും പരിശോധനയുണ്ടാകും.
ഓവർലോഡ് കയറ്റി ടിപ്പറുകൾ വന്നാൽ കരാറുകാരന് പണം നൽകരുതെന്ന് തുറമുഖ കമ്പനിയോട് ആവശ്യപ്പെടും. സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട മാർഗരേഖ പൊലീസും ജില്ലാ ഭരണകൂടവും ചർച്ച ചെയ്ത് രണ്ടുദിവസത്തിനകം തയ്യാറാക്കും
ഡ്രൈവർമാരുടെ യോഗ്യത സംബന്ധിച്ച് പരിശോധന നടത്തും. ഡ്രൈവർമാർക്ക് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
മറയില്ലാതെ മരണപാച്ചിൽ
ബോഡി പോലും കൃത്യമായി മറയ്ക്കാതെയാണ് ടിപ്പറുകൾ മരണപ്പാച്ചിൽ നടത്തുന്നത്.പാറ,മണൽ,മെറ്റിൽ,മറ്റ് നിർമ്മാണത്തിന് ആവശ്യമായ പാറപ്പൊടി,എം സാൻഡ് എന്നിവ കൊണ്ടു പോകുമ്പോഴും പിന്നിലെ ബോഡി കൃത്യമായി മറയ്ക്കാറില്ല. പാറയാണ് കൊണ്ടു വരുന്നതെങ്കിൽ ടിപ്പറിന്റെ ബോഡിക്ക് മുകളിൽ പൊങ്ങി നിൽക്കാതെയിരിക്കണം. ഇത് കൂടാതെ ബലമുള്ള ഷീറ്റ് ഉപയോഗിച്ച് മറയ്ക്കണം. എം സാൻഡ്, പാറപ്പൊടി എന്നിവയാണ് കൊണ്ടുപോകുന്നതെങ്കിൽ കൊണ്ടുവരുന്ന സ്ഥലത്ത് നിന്ന് അതിന് മുകളിൽ വെള്ളം കൂടുതലായി തളിച്ച് പൊടി പറക്കാത്ത രീതിയിൽ പ്ളാസ്റ്റിക്ക് ടാർപ്പോളിൻ വച്ച് മറയ്ക്കണം. എന്നാൽ ഇതൊന്നും ചെയ്യാതെയാണ് ടിപ്പറുകളുടെ മരണപാച്ചിൽ. ഇതുസംബന്ധിച്ചും മാർഗരേഖയിൽ ഉൾപ്പെടുത്താനും ശുപാർശയുണ്ട്.
സഹായം ഉറപ്പാക്കും
അപകടത്തിൽ മരിച്ച അനന്തുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ തീരുമാനിക്കും. അദാനി ഗ്രൂപ്പ് ചെയ്യേണ്ടത് അവരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും കളക്ടർ പറഞ്ഞു. വിഴിഞ്ഞം ഇൻസ്പെക്ഷൻ ബംഗ്ലാവിൽ മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിദ്ധ്യത്തിലാണ് സർവകക്ഷി യോഗം ചേർന്നത്. എം.വിൻസെന്റ് എം.എൽ.എ,മേയർ ആര്യാ രാജേന്ദ്രൻ,വിഴിഞ്ഞം തുറമുഖം കമ്പനി എം.ഡി ദിവ്യ.എസ്.അയ്യർ, എ.ഡി.എം പ്രേംജി.സി,സബ് കളക്ടർ അശ്വതി ശ്രീനിവാസ്,ഡി.സി.പി നിധിൻ രാജ്,വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കോൺഗ്രസ് ചർച്ച ബഹിഷ്കരിച്ചു
ജില്ലാ ഭരണകൂടം വിളിച്ച സർവകക്ഷി യോഗം പ്രഹസനമായിരുന്നുവെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി ചർച്ചയിൽ പങ്കെടുത്ത കെ.പി.സി.സി അംഗം വിൻസെന്റ് ഡി.പോൾ പറഞ്ഞു.നഷ്ടപരിഹാര തുക പോലും നിശ്ചയിക്കാതെ യോഗം തുടർന്നതിനാലാൽ കോൺഗ്രസ് പ്രതിനിധികളായ മുക്കോല മണ്ഡലം പ്രസിഡന്റ് ബിജു,ട്രഷറർ അഭിലാഷ്,മുൻ മണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാൻ എന്നിവർ യോഗം ബഹിഷ്കരിച്ചു.
അനന്തുവിന്റെ വീട് വീണ്ടും സന്ദർശിച്ച് സബ് കളക്ടർ
ബി.ഡി.എസ് വിദ്യാർത്ഥി അനന്തുവിന്റെ വീട് സബ്കളക്ടർ ഡോ.അശ്വതി ശ്രീനിവാസ് വീണ്ടും സന്ദർശിച്ചു.മാതാപിതാക്കളോട് സർവകക്ഷിയോഗ തീരുമാനം അറിയിച്ചു. രാവിലെ വിഴിഞ്ഞം ഇൻസ്പെക്ഷൻ ബംഗ്ലാവിൽ നടന്ന സർവകക്ഷിയോഗത്തിൽ കുടുംബത്തിന് സഹായം നൽകണമെന്നാവശ്യം ഉയർന്നിരിന്നു. ഇതേ തുടർന്ന് ജില്ലാകളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് സബ്കളക്ടർ വീട്ടിലെത്തിയത്. അനന്തുവിന്റെ അമ്മ പി.എസ്.ബിന്ദു,അച്ഛൻ എം.അജികുമാർ,സഹോദരി അരുണ ബി.അജികുമാർ എന്നിവരോട് സംസാരിച്ചു. തുടർന്ന് അരുണയോട് വിദ്യാഭ്യാസ യോഗ്യതയുൾപ്പെടെയുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച അനന്തുവിന്റെ പഠനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വായ്പ,അമ്മ ബിന്ദുവിന്റെ രോഗവിവരങ്ങൾ തുടങ്ങിയ കാര്യങ്ങളും ചോദിച്ചറിഞ്ഞു. നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ നിന്ന് ഡെപ്യൂട്ടി തഹസീൽദാർമാരായ ജിതിൻ.എം.രാജ്,കൃഷ്ണകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.വേണ്ട നടപടി ഉടനുണ്ടാകുമെന്നും സബ് കളക്ടർ മാതാപിതാക്കളെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |