ന്യൂഡൽഹി: പാർലമെന്റിൽ രാഷ്‌ട്രീയത്തിനപ്പുറം സഭാംഗങ്ങൾ ചെവിയോർക്കുന്ന ചില പ്രസംഗങ്ങളുണ്ട്. ചേരിപ്പോരും നിലപാടുകളുമെല്ലാം മാറ്റിവച്ച് പ്രസംഗത്തിലെ വാക്കുകളെക്കാൾ വ്യക്തിയിലേക്ക് സഭ കണ്ണും കാതും കൂർപ്പിക്കും. അങ്ങനെ സഭയെ പിടിച്ചിരുത്തുന്ന വ്യക്തികളിലൊരാളാണ് 2003- 2009 കാലത്ത് രാജ്യസഭാംഗവും 2014 മുതൽ ഇങ്ങോട്ട് ലോക്‌സഭാംഗവുമായ പഴയ ബോളിവുഡ് താരം ഹേമമാലിനി. ബി.ജെ.പി എം.പിയാണെങ്കിലും സഭയിലെത്തുന്ന അവരെ പ്രതിപക്ഷവും ആദരവോടെ വരവേൽക്കും.
സൗന്ദര്യ സംരക്ഷണത്തിന് അതീവ പ്രധാന്യം നൽകുന്നതിനാൽ 75-ാം വയസിലും ഗ്ളാമർ താരമാണ് ഹേമമാലിനി. രാഷ്ട്രീയത്തിലെ റോളിലും പാർലമെന്റ് ഇടനാഴികളിൽ 70കളെ ത്രസിപ്പിച്ച ബോളിവുഡ് സിനിമകളിലെ അസംഖ്യം കഥാപാത്രങ്ങൾക്ക് ജീവൻ വയ്‌ക്കുമെന്നാണ് ചില നേതാക്കളുടെ അടക്കം പറച്ചിൽ.
2014 മുതൽ ഉത്തർപ്രദേശിലെ മഥുര എം.പിയായ ഹേമമാലിനി 1999ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഗുരുദാസ്‌പൂരിൽ മുൻ ബോളിവുഡ് താരവും ബി.ജെ.പി സ്ഥാനാർത്ഥിയുമായ വിനോദ് ഖന്നയ്ക്കുവേണ്ടി പ്രചാരണം നടത്തിയാണ് രാഷ്ട്രീയ ഇന്നിംഗ്സിന് തുടക്കമിട്ടത്. 2003ൽ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അവർ 2004 ഫെബ്രുവരിയിൽ ബി.ജെ.പിയിൽ ചേർന്നു. 2011- 2012 കാലത്ത് കർണാടകയിൽ നിന്നു വീണ്ടും രാജ്യസഭയിലെത്തി.
2014ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലേക്ക് മാറിയ ബി.ജെ.പി ഹേമമാലിനിക്ക് പുതിയ ഓഫർ നൽകി. ഉത്തർപ്രദേശിലെ മഥുരയിൽ നിന്നുള്ള ലോക്‌സഭ ടിക്കറ്റ്. ശ്രീകൃഷ്‌ണന്റെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന മഥുര ബി.ജെ.പിക്ക് പ്രധാന്യമുള്ള മണ്ഡലമാണ്. എന്നാൽ പാർട്ടികളെ മാറി മാറി പരീക്ഷിക്കുന്ന ചരിത്രമാണ് മണ്ഡലത്തിനുള്ളത്. 1991ൽ വിവാദ സന്യാസി സാക്ഷി മഹാരാജിലൂടെയാണ് ബി.ജെ.പി ഇവിടെ ആധിപത്യം സ്ഥാപിച്ചത്. 1996മുതൽ 1999 വരെ ചൗധരി തേജ്‌വീർ സിംഗിലൂടെ നിലനിറുത്തി. 2004ൽ കോൺഗസിന്റെ മാനേവേന്ദ്ര സിംഗിനെയും 2009ൽ ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരിയെയും ജയിപ്പിച്ചു.
ഹേമമാലിനിക്ക് 52 ശതമാനം വോട്ടുനേടി ജയിച്ച സിറ്റിംഗ് എം.പിയായിരുന്ന ജയന്ത് ചൗധരി ഭീഷണിയാകുമോയെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ മോദി തരംഗം വീശിയ തിരഞ്ഞെടുപ്പിൽ അവർ ജയന്ത് ചൗധരിയെ 3,30,743(53 %) വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഹേമയ്‌ക്ക് 5,74,633 വോട്ടും ജയന്തിന് 2,43,890 വോട്ടും (22,6%) ലഭിച്ചു. 2019ൽ ഹേമയെ നിലനിറുത്തിയ ബി.ജെ.പി തീരുമാനം ശരിവച്ച് 2,93,471 ഭൂരിപക്ഷത്തിന് മണ്ഡലം നിലനിറുത്തി. ഹേമമാലിനി 6,71,293 വോട്ടും ആർ.എൽ.ഡിയുടെ കുൻവർ നരേന്ദ്ര സിംഗ് 3,77,822 വോട്ടും നേടി.
ഇക്കുറിയും മഥുരയിൽ ഹേമമാലിനി തന്നെയാണ് ബി.ജെ.പി സ്ഥാനാർത്ഥി. മറ്റു പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതിനാൽ മത്സരചിത്രം പൂർണമായിട്ടില്ല. എങ്കിലും താരത്തിന് ജയമുറപ്പെന്ന് ബി.ജെ.പി കരുതുന്നു. അയോദ്ധ്യ രാമക്ഷേത്ര വിഷയത്തിനൊപ്പം ശ്രീകൃഷ്‌ണന്റെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് പള്ളിയുമായി ബന്ധപ്പെട്ട കേസും മണ്ഡലത്തിൽ ചർച്ചയായേക്കും.
2019ലെ ഫലം
ഹേമമാലിനി (ബി.ജെ.പി): 6,71,293(61.08%)
കുൻവർ നരേന്ദ്ര സിംഗ് (ആർ.എൽ.ഡി): 3,77,822(34%)
മഹേഷ് പഥക് (കോൺഗ്രസ്): 28,084(2.55%)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |