ലക്നൗ: റെയിൽവേയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്തുവരാറുണ്ട്. അടുത്തിടെ ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് വലിയ വാർത്ത ആയിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്. ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഏതാനും റെയിൽവേ ജീവനക്കാർ ചേർന്ന് ട്രെയിൻ കോച്ച് തള്ളി നീക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.
നിഹാൽഗഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള പ്രധാന ട്രാക്കിൽ ഡിപിസി കോച്ച് ( പരിശോധനയ്ക്കായി റെയിൽവേ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ട്രെയിൻ) തകരാറിലായിരുന്നു. ഇതിനെയാണ് ജീവനക്കാർ തള്ളി നീക്കാൻ ശ്രമിച്ചത്. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ആരോ ആണ് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
വശങ്ങളിൽ നിന്നും പുറകിൽ നിന്നും ജീവനക്കാർ കോച്ച് തള്ളി നീക്കുന്നത് വീഡിയോയിൽ കാണാം. കോച്ച് തള്ളി പ്രധാന സ്റ്റേഷനിൽ എത്തിക്കുകയും പിന്നീട് തകരാർ പരിഹരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിനെത്തുടർന്ന് മറ്റ് ട്രെയിനുകളും വെെകിയാണ് സ്റ്റേഷനിൽ എത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |