ബ്രസീൽ 1 - ഇംഗ്ളണ്ട് 0
ലണ്ടൻ : കഴിഞ്ഞ രാത്രി വിഖ്യാതമായ വെംബ്ളി സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഏകപക്ഷീയമായ ഏകഗോളിന് ഇംഗ്ളണ്ടിനെ തോൽപ്പിച്ച് മുൻ ലോകചാമ്പ്യന്മാരായ ബ്രസീൽ. 80-ാം മിനിട്ടിൽ എൻഡ്രിക്ക് നേടിയ ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. പന്തടക്കത്തിലും പാസിംഗിലും മുന്നിൽ നിന്നിരുന്നത് ഇംഗ്ളണ്ട് ആയിരുന്നെങ്കിലും ഗോളടിക്കാനുള്ള അവസരം മുതലാക്കിയത് ബ്രസീലായിരുന്നു. ഏഴു കോർണറുകൾ തങ്ങൾക്ക് അനുകൂലമായി ലഭിച്ചെങ്കിലും ഒന്നുപോലും പ്രയോജനപ്പെടുത്താൻ ഇംഗ്ളണ്ടിന് കഴിഞ്ഞില്ല.
മറ്റൊരു സൗഹൃദ മത്സരത്തിൽ ജർമ്മനി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് നിലവിലെ ലോകകപ്പ് റണ്ണേഴ്സ് അപ്പായ ഫ്രാൻസിനെ തോൽപ്പിച്ചു. മത്സരത്തിന്റെ ആദ്യ മിനിട്ടിൽതന്നെ ഫ്ളോറിയാൻ വിസ്റ്റിസിലൂടെ ജർമ്മനി ഗോൾ നേടിയിരുന്നു. 49-ാം മിനിട്ടിൽ കായ് ഹാവെർട്സാണ് രണ്ടാം ഗോൾ നേടിയത്. ഡെന്മാർക്കും സ്വിറ്റ്സർലാൻഡും ഗോൾ രത്തിത സമനിലയിൽ പിരിഞ്ഞപ്പോൾ ക്രൊയേഷ്യ ടുണീഷ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് തോൽപ്പിച്ചു.
1-0
80-ാം മിനിട്ട്
എൻഡ്രിക്ക്
മദ്ധ്യനിരയിൽ നിന്ന് കിട്ടിയ പന്തുമായി ഡിഫൻഡർമാരെ മറികടന്ന് മുന്നേറിയ വിനീഷ്യസ് ജൂനിയറിന്റെ ഷോട്ട് ബോക്സിൽ നിന്ന് മുന്നോട്ടിറങ്ങിയ ഇംഗ്ളണ്ട് ഗോളി പിക്ഫോർഡിന്റെ ശരീരത്തിൽ തട്ടിത്തെറിച്ചെത്തിയത് വലതുവിംഗിലൂടെ സമാന്തരമായി ഓടിക്കയറുകയായിരുന്ന എൻഡ്രിക്കിന്റെ കാലുകളിലേക്കാണ് എത്തിയത്. ഒട്ടും സമയം പാഴാക്കാതെ എൻഡ്രിക്ക് വലയിലേക്ക് ഫിനിഷ് ചെയ്തു.
17
വെംബ്ളി സ്റ്റേഡിയത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 17കാരനായ എൻഡ്രിക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |