ഒട്ടാവ: വീടുകളുടെ ലഭ്യതക്കുറവും തൊഴിലില്ലായ്മയും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വിദേശികളായ താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാൻ കാനഡ.
വിദേശികളായ വിദ്യാർത്ഥികളും തൊഴിലാളികളും നിയന്ത്രണത്തിന്റെ പരിധിയിൽ വരുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ വ്യക്തമാക്കി. താത്കാലിക താമസക്കാരുടെ കാലപരിധിയിൽ നിയന്ത്രണങ്ങൾ വരുത്താനും മാനദണ്ഡങ്ങൾ കർശനമാക്കാനുമാണ് നീക്കം. താത്കാലിക താമസക്കാരുടെ എണ്ണം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമാക്കി കുറയ്ക്കും. നിലവിൽ ഇത് 6.2 ശതമാനമാണ്. നിയന്ത്രണത്തിന്റെ ആദ്യ ഘട്ടം സെപ്തംബറിൽ നടപ്പാക്കും. ഇതാദ്യമായാണ് താത്കാലിക താമസക്കാരെ കുറയ്ക്കാൻ കാനഡ ഒരുങ്ങുന്നത്. വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുമെന്നും നിലവിൽ ഇവരുടെ എണ്ണം അനിയന്ത്രിതമായി പെരുകുന്നതായും മില്ലർ ഈ വർഷം ആദ്യം അറിയിച്ചിരുന്നു. വീടുകൾ കിട്ടാനില്ലാത്തതിനാൽ വാടകയും കുത്തനെ ഉയർന്ന സാഹചര്യമാണ്.
കാനഡയിലെ വിദേശ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതലും ഇന്ത്യക്കാരാണ് ( 40 % ). കൂടാതെ, കനേഡിയൻ ജനസംഖ്യയുടെ 5 ശതമാനവും ഇന്ത്യക്കാരാണ്. 2022ൽ 319,130 ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിലെത്തിയത്. 2016നും 2021നും ഇടയിൽ കാനഡയിൽ കുടിയേറിയ വിദേശികളിൽ കൂടുതലും ഇന്ത്യക്കാരാണ് ( 18.6 ശതമാനം ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |