ടെൽ അവീവ്: ഗാസ സിറ്റിയിൽ ഭക്ഷണത്തിനായി കാത്തുനിന്ന 19 പാലസ്തീനികളെ ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്നെന്ന് ഹമാസ്. 23 പേർക്ക് പരിക്കേറ്റു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇസ്രയേൽ പ്രതികരിച്ചു. സന്നദ്ധ സംഘടനകൾ വടക്കൻ ഗാസയിലെ ജനങ്ങൾക്കായി ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിതരണം ചെയ്യുന്ന അൽ - കുവൈറ്റ് മേഖലയിലായിരുന്നു സംഭവം. എന്നാൽ ആക്രമണമുണ്ടായിട്ടില്ലെന്നും ജനക്കൂട്ടം സഹായ ട്രക്കുകൾ കൊള്ളയടിച്ചെന്നുമാണ് ഇസ്രയേലിന്റെ വാദം.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സഹായ വിതരണ കേന്ദ്രങ്ങളിലെത്തുന്ന സാധാരണക്കാരെ ഇസ്രയേൽ ആക്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഏകദേശം 400 പേർ ഇത്തരത്തിൽ കൊല്ലപ്പെട്ടെന്നാണ് ഹമാസിന്റെ വാദം.
ഫെബ്രുവരി 29ന് ഗാസ സിറ്റിയിലെ അൽ - റാഷീദ് സ്ട്രീറ്റിലെ നബുൽസി മേഖലയിൽ ഭക്ഷണ ട്രക്കിനടുത്തേക്ക് ഓടിയടുത്ത സാധാരണക്കാർക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 112 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32,200 കടന്നു.
170 ഭീകരരെ വധിച്ചു
ഗാസയിലെ അൽ ഷിഫ ആശുപത്രിയിലും പരിസരത്തും ഒളിവിൽ കഴിഞ്ഞിരുന്ന 170ലേറെ ഭീകരരെ വധിച്ചെന്ന് ഇസ്രയേൽ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാസ സിറ്റിയിലെ അൽ ഷിഫയിൽ ഇസ്രയേൽ റെയ്ഡ് ആരംഭിച്ചത്. ആക്രമണത്തിൽ ഇവിടുത്തെ അഞ്ച് രോഗികൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |