""സഖാവേ.. ഇത്തവണ ഉറപ്പാണ്, കരീംക്കാ, ഇങ്ങള് ജയിക്കും "".. കോഴിക്കോട്ടങ്ങാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം പ്രചാരണത്തിനിറങ്ങിയപ്പോൾ ഞെട്ടിയത് സ്ഥാനാർത്ഥിയെ പരിചയപ്പെടുത്താൻ ചുമതലപ്പെട്ടവരാണ്. നഗരത്തിലെ ഓരോരുത്തരെയും പേരെടുത്ത് വിളിക്കുന്ന സ്ഥാനാർത്ഥി. സഖാവെയെന്നും കരീംക്കായെന്നും വിളിച്ച് ഓടിയെത്തുന്ന തൊഴിലാളികൾ. സൗഹൃദ സംഭാഷണം, ഓർമ്മ പുതുക്കൽ. പലയിടത്തുനിന്നും വോട്ടു ചോദിക്കാൻ പോലും മറന്നാണ് എളമരം കരീം പ്രചാരണം പലപ്പോഴും അവസാനിപ്പിക്കുന്നത്. ഇതൊന്നും ചോദിക്കേണ്ട വോട്ടുകളല്ല, മനസറിഞ്ഞ് അവർ ചെയ്യും. അത്രയേറെ പരിചിതനാണ്എളമരം കരീമെന്ന തൊഴിലാളി നേതാവ് കോഴിക്കോട് നഗരത്തിന്.
തൊഴിലാളികളുമായി ബന്ധപ്പെട്ട എത്രയെത്ര വിഷയങ്ങളിലാണ് അദ്ദേഹം ഇടപെട്ടത്, ഈ നഗരത്തിൽ തൊഴിലാളികൾക്കായി എത്ര സമരം നടത്തിയിട്ടുണ്ടെന്ന് പോലും അദ്ദേഹത്തിന് അറിയില്ല. എം.എൽ.എയും മന്ത്രിയും എം.പിയുമെല്ലാമായ എളമരം കരീം വീണ്ടും ഒരങ്കത്തിനിറങ്ങുമ്പോൾ വോട്ടർമാർ കൈവിടില്ലെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
കോഴിക്കോട് ലോക്സഭാ മണ്ഡലത്തിന്റെ മുക്കും മൂലയും അറിയുന്ന നേതാവിനോട് ഒന്നും ബോദ്ധ്യപ്പെടുത്താനില്ല, ചില ആവശ്യങ്ങൾ വോട്ടർമാർ സ്ഥാനാർത്ഥിയെ ഓർമപ്പെടുത്തുന്നുണ്ട്. ഗതാഗത പ്രശ്നം, പാർക്കിംഗ് പ്രശ്നം, മാലിന്യപ്രശ്നം, തുടങ്ങി ഒട്ടേറെ വിഷയങ്ങൾക്ക് പരിഹാരം കാണാനുണ്ട്. കോഴിക്കോട് സെൻട്രൽ മാർക്കറ്റിലെത്തിയ സ്ഥാനാർത്ഥിക്ക് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. മണ്ഡല പര്യടനം മാത്രമല്ല, വ്യത്യസ്ത പ്രചാരണ പരിപാടികളും അദ്ദേഹം നടത്തുന്നുണ്ട്. ഇന്നലെ കോഴിക്കോട് നഗരത്തിൽ വികസന സംവാദവും യുവസംവാദവും നടത്തി. പുതിയങ്ങാടിയിൽ പൊതുസമ്മേളനവുമുണ്ടായി.
@ വിജയപ്രതീക്ഷ?
ഈ നാടിനെ എന്നെ അറിയാം, എനിക്കും. വിജയം ഉറപ്പാണ്. ഇടതുപക്ഷത്തിന്റെ ഉറച്ചമണ്ഡലമാണ് കോഴിക്കോട്. ചില സാഹചര്യങ്ങളിൽ കൈവിട്ടുപോയതാണ്. തിരിച്ചു പിടിക്കും. കഴിഞ്ഞ 15 വർഷത്തെ എം.പിയുടെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. മാറ്റം വേണമെന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ട്.
@ തൊഴിലാളികളുടെ പ്രതികരണം ?
ആവേശത്തോടെയാണ് അവർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എന്നെ സ്വീകരിക്കുന്നത്. അവരിൽ ഒരാളായാണ് ഞാൻ പ്രവർത്തിച്ചത്. കുറച്ച് ചെറുപ്പക്കാരെ ഒഴികെ, മറ്റുള്ളവരെയെല്ലാം പരിചയമുണ്ട്. അവർക്ക് തിരിച്ചും.
@ വികസനമാണോ പ്രധാന അജണ്ട?
വികസനം പ്രധാന അജണ്ടയാണ്, എനിക്ക് കുറച്ച് സ്വപ്നങ്ങളുണ്ട്. കരിപ്പൂർ എയർപോർട്ടിന്റെ വികസനം, മാവൂരിലെ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പുതിയ സംരംഭം, കനോലി കനാലിന്റെ നവീകരണം എന്നിവയെല്ലാം നടപ്പാക്കും.
നാഷണൽ ഹൈവേ പൂർത്തിയാകുന്നതോടെ കോഴിക്കോടിന്റെ കിഴക്കുഭാഗം കേന്ദ്രീകരിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. എഡ്യൂക്കേഷൻ ഹബ്ബ്, ഹെൽത്ത് ഹബ്ബ്, ടൂറിസം തുടങ്ങിയ മേഖലകളിൽ ജില്ലയുടെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുന്ന പദ്ധതികളുണ്ടാക്കും.
@ എന്തിന് ഇടതുമുന്നണിക്ക് വോട്ടുചെയ്യണം?
ഇന്ത്യ ഇതേ പോലെ നിലനില്ക്കുമോയെന്ന ഭീതിയുള്ള കാലത്ത് കൂടുതൽ ഇടത് എം.പിമാരുണ്ടാവണം. പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷമാണ്. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയിൽ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |