ലണ്ടൻ: ഫിഷിംഗ് ഇഷ്ടമുള്ളവരാണോ നിങ്ങൾ ? എങ്കിൽ ഗോലിയാത്ത് ടൈഗർഫിഷിനെ പറ്റി അറിയണം. ആളെ പിടികൂടുക എന്നത് എത്ര വലിയ ഫിഷിംഗ് വിദഗ്ദ്ധരെ പോലും ബുദ്ധിമുട്ടിലാക്കുന്ന പരിപാടിയാണ്. കാഴ്ചയിൽ മാത്രമല്ല, സ്വഭാവത്തിലും ഭീകരനാണ് ഗോലിയാത്ത്. വേഗത്തിലും ശക്തിയിലും ഏറെ മുന്നിലുള്ള ഇവയ്ക്ക് ഇരപിടിത്തത്തിൽ അസാധാരണമായ കഴിവാണ്. മുതലയെ പോലും ഇക്കൂട്ടർക്ക് പേടിയില്ല. വേണ്ടി വന്നാൽ ചെറു മുതലയേയും അകത്താക്കും. ഹൈഡ്രോസൈനസ് ഗോലിയാത്ത് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ ഹൈഡ്രോസൈനസ് ജീനസിലാണ് ( ടൈഗർ ഫിഷ് ) ഉൾപ്പെടുന്നത്. ടൈഗർ ഫിഷ് കുടുംബത്തിലെ ഏറ്റവും വലിയ അംഗമാണ് ഗോലിയാത്ത് ടൈഗർ ഫിഷ്. 5 അടി വരെ വലിപ്പം വച്ചേക്കാവുന്ന ഇവയ്ക്ക് 110 പൗണ്ടിലേറെ ഭാരം കണ്ടുവരുന്നു. ആഫ്രിക്കയിലെ കോംഗോ നദീതടം, ലുവാലാബാ നദി, ഉപെംബ തടാകം, ടാൻഗനിക്യ തടാകം എന്നിവിടങ്ങളിൽ ഇവയെ കാണാം.
മുകളിൽ ഒലിവ് നിറവും താഴെ വെള്ളിനിറത്തോടും കൂടിയ ഇക്കൂട്ടർ ശുദ്ധജലത്തിലാണ് ജീവിക്കുന്നത്. കൂർത്ത ബ്ലേഡ് പോലുള്ള പല്ലുകളാണ് ഇവയുടെ ആയുധം. അതിനാൽ മുന്നിലകപ്പെടുന്ന ഇരകൾക്ക് പിന്നെ രക്ഷയില്ല എന്നർത്ഥം. ഇവ മനുഷ്യനെ ആക്രമിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ഇവ എത്ര നാൾ ജീവിക്കുമെന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ, മനുഷ്യരുടെ സംരക്ഷണത്തിൽ 15 വർഷത്തോളം ആയുസ് ഇവയ്ക്കുണ്ട്. ശക്തമായ കാഴ്ച ശക്തിയുള്ള ഇവയ്ക്ക് വെള്ളത്തിൽ നേരിയ തോതിലുള്ള ചലനം പോലും തിരിച്ചറിയാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |