ലാഹോർ: ചൈനയുടെ അടുത്ത സുഹൃത്തായിരിക്കുമ്പോഴും പാകിസ്ഥാനിൽ ചൈനീസ് പൗരന്മാർക്കെതിരെയുള്ള ആക്രമണം തുടരുന്നു. ഇന്നലെ പാകിസ്ഥാനിൽ ചാവേർ ബോംബാക്രമണത്തിൽ അഞ്ച് ചൈനീസ് പൗരന്മാരും ഒരു പാകിസ്ഥാനിയും കൊല്ലപ്പെട്ടു.
വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബെഷാം നഗരത്തിന് സമീപമായിരുന്നു സംഭവം.
സ്ഫോടകവസ്തു നിറച്ച വാഹനം ചൈനീസ് എൻജിനിയർമാർ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്‌ഫോടനത്തെത്തുടർന്ന് വാഹനം മലയിടുക്കിലേക്ക് വീണു. നിലവിൽ രക്ഷാപ്രവർത്തകർ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റ് രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. വാഹനത്തിലുണ്ടായിരുന്ന ചിലരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. പൊലീസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വരുന്നു.
ഇസ്ലാമാബാദിൽ നിന്ന് ദാസുവിൽ ചൈനീസ് കമ്പനി നിർമ്മിക്കുന്ന ജലവൈദ്യുത അണക്കെട്ടിനടുത്തേക്ക് പോകുകയായിരുന്നു ചൈനീസ് എൻജിനിയർമാർ. സംഭവത്തിൽ
പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ആക്രമണത്തെ അപലപിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്‌തു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമാബാദിലെ ചൈനീസ് എംബസിയോ ബീജിംഗിലെ ചൈനീസ് വിദേശകാര്യ മന്ത്രാലയമോ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
പാക് സഖ്യകക്ഷിക്കു നേരെ
പാകിസ്ഥാന്റെ സുഹൃത്തും സഖ്യകക്ഷിയുമായ ചൈനയുടെ പൗരന്മാർക്കെതിരെ ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. ആദ്യ രണ്ട് ആക്രമണങ്ങൾ ബലൂചിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ വ്യോമതാവളത്തിലും തന്ത്രപ്രധാനമായ തുറമുഖത്തുമായിരുന്നു.
പാകിസ്ഥാനിൽ ചൈന വിവിധ പദ്ധതികളിലായി വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ പദ്ധതികളുമായി പ്രവർത്തിക്കുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷയ്ക്ക് സായുധ സംഘങ്ങൾ ഭീഷണിയുയർത്തുന്നു. 2021ൽ ദാസുവിൽ ബസിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു, അതിൽ ഒമ്പത് പേർ ചൈനീസ് പൗരന്മാരായിരുന്നു.
ഇന്നലെ ചാവേർ ആക്രമണം നടന്ന ബെഷാമിൽ നിന്ന് വടക്കുപടിഞ്ഞാറായി 80 കിലോമീറ്റർ (49 മൈൽ) അകലെയാണ് ദാസു സ്ഥിതി ചെയ്യുന്നത്.
വ്യോമ താവളത്തിൽ
ആക്രമണം; 12 മരണം
പാകിസ്താന്റെ രണ്ടാമത്തെ വലിയ നാവിക വ്യോമ താവളത്തിനുനേർക്ക് ആക്രമണം. 12ലധികം പാകിസ്ഥാനികൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ബലൂചിസ്താനിലെ തുർബത്തിലുള്ള പി.എൻ.എസ് സിദ്ദിഖി നാവിക വ്യോമ താവളത്തിലാണ് ആക്രമണമുണ്ടായത്. നിരോധിത സംഘടന ബലൂചിസ്താൻ ലിബറേഷൻ ആർമിയുടെ (ബി.എൽ.എ) മജീദ് ബ്രിഗേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. വ്യോമതാവളത്തിൽ നുഴഞ്ഞുകയറി പാകിസ്താൻ സൈനികരെ കൊലപ്പെടുത്തിയതായും ബി.എൽ.എ അവകാശപ്പെട്ടു.
വെടിവയ്പ്പും സ്‌ഫോടനങ്ങളും മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. പ്രദേശത്തെ ആശുപത്രികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ബലൂചിസ്താനിലെ ചൈനയുടെ നിക്ഷേപങ്ങളെ എതിർക്കുന്ന മജീദ് ബ്രിഗേഡ്, ചൈനയും പാകിസ്താനും മേഖലയിലെ വിഭവങ്ങൾ ചൂഷണം ചെയ്യുകയാണെന്ന് ആരോപിക്കുന്നു. നേരത്തെ, ജനുവരി 29ന് ബലൂചിസ്താനിലെ ഗ്വാദർ തുറമുഖത്തുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികരും എട്ട് അക്രമികളും കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |