SignIn
Kerala Kaumudi Online
Sunday, 28 April 2024 5.25 PM IST

ഹിറ്റ്ലിസ്റ്റിൽ പുട്ടിൻ

c

ഐസിസ് എന്ന ഭീകരഗ്രൂപ്പ് അമേരിക്കയും മറ്റും അവകാശപ്പെടുന്നതു പോലെ ഇല്ലാതായിട്ടില്ല എന്നതിനു തെളിവാണ് കഴിഞ്ഞ ദിവസത്തെ മോസ്‌കോ ആക്രമണം. മാത്രമല്ല, അമേരിക്കയ്ക്കൊപ്പം റഷ്യയും തങ്ങളുടെ ശത്രുവാണെന്ന ഐസിസിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനം കൂടിയാണത്. മോസ്കോ ആക്രമണത്തിൽ 137 പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

2015 സെപ്റ്റംബർ 30-നാണ് റഷ്യ ഐസിസിന്റെ നോട്ടപ്പുള്ളിയായത്. അന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സിറിയയിലെ രക്തരൂഷിതമായ ആഭ്യന്തര യുദ്ധത്തിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ സഹായിക്കാനെത്തിയത്. ഐസിസിനെ നേരിടാൻ സിറിയൻ സേനയ്‌ക്ക് ബോംബുകളും വെടിക്കോപ്പുകളും മാത്രമല്ല,​ റഷ്യൻ വ്യോമസേനാ വിമാനങ്ങളും പുട്ടിൻ എത്തിച്ചു. ഉന്നം ഐസിസ് ആയിരുന്നു.

സിറിയയിൽ പുട്ടിൻ സൈനികമായി ഇടപെട്ട് ഒറ്റ മാസത്തിനകം ഐസിസ് ആദ്യ പ്രഹരം നടത്തി. 2015 ഒക്ടോബർ 31ന് ഈജിപ്റ്റിലെ ഷാം അൽ ഷെയ്‌ക് വിമാനത്താവളത്തിൽ നുഴഞ്ഞുകയറിയ ഭീകരർ സെന്റ്പീറ്റേഴ്സ് ബർഗിലേക്ക് പറന്ന റഷ്യൻ വിമാനം ബോംബുവച്ച് തകർത്തു. 224 റഷ്യൻ ടൂറിസ്റ്റുകൾ കൊല്ലപ്പെട്ടു. സിനായ് മരുഭൂമിയിലാണ് വിമാനം വീണത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഈജിപ്റ്റിലെ ഐസിസ് ഭീകരർ ഏറ്റെടുത്തിരുന്നു. അതിനു തിരിച്ചടിയായി 2017സെപ്റ്റംബറിൽ ഐസിസിന്റെ മുൻ യുദ്ധമന്ത്രി ഗുൽമുറോവ് ഖാലിമോവിനെ റഷ്യ വധിച്ചു. പിന്നാലെ സെന്റ്പീറ്റേഴ്സ് ബ‌ർഗിലെ മെട്രോ ട്രെയിനിലുണ്ടായ ഐസിസ് ചാവേർ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു.

2022ൽ കാബൂളിലെ റഷ്യൻ എംബസിക്കു സമീപം ചാവേർ സ്ഫോടനത്തിൽ രണ്ട് ഉദ്യോഗസ്ഥരുൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടിരുന്നു. മോസ്കോ സ്ഫോടനം പോലെ ഇതിന്റെയും ഉത്തരവാദിത്തം ഐസിസ് - കെ ഏറ്റെടുത്തിരുന്നു

കിഴക്കൻ സിറിയയിലും വടക്കു പടിഞ്ഞാറൻ ഇറാക്കിലുമായി ഒന്നേകാൽ കോടിയോളം ജനങ്ങളെ ഭരിക്കുന്ന ഒരു ഇസ്ലാമിക ഭരണകൂടം (കാലിഫേറ്റ് ) ഐസിസ് സ്ഥാപിച്ചിരുന്നു. സിറിയയുടെ മൂന്നിലൊന്നും ഇറാക്കിന്റെ 40 ശതമാനവും ഭൂപ്രദേശങ്ങൾ കാലിഫേറ്റിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നാൽ യു. എസ്, ഇറാക്ക്, കുർദ്ദിഷ്, റഷ്യൻ സേനകളുടെ ആക്രമണത്തിൽ 2017 ഡിസംബർ ആയപ്പോഴേക്കും കാലിഫേറ്റിലെ 90ശതമാനം ഭൂപ്രദേശവും ഐസിസിന് നഷ്ടമായി. ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമായ മോസൂളും താത്കാലിക തലസ്ഥാനമായിരുന്ന സിറിയൻ നഗരമായ റാഖയും കൈവിട്ടു.

സിറിയയിൽ റഷ്യൻ സൈനികരെയും,​ റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്‌തിരുന്ന വാഗനർ ഗ്രൂപ്പിന്റെ കൂലിപ്പട്ടാളത്തെയും ഐസിസിനെ തകർക്കാൻ പുട്ടിൻ നിയോഗിച്ചിരുന്നു. കഴിഞ്ഞ പത്തു വർഷങ്ങളിൽ ഐസിസിന്റെ ശത്രുക്കളെയെല്ലാം പുട്ടിൻ സഹായിച്ചു. ലെബനണിൽ ഹിസ്ബുള്ളയ്‌ക്ക് സൈനിക, ഇന്റലിജൻസ് സഹായം, പാലസ്തീനിൽ ഹമാസിന് രാഷ്‌ട്രീയ പിന്തുണ, അഫ്ഗാനിസ്ഥാനിൽ താലിബാന് ഇന്റലിജൻസ്, രാഷ്‌ട്രീയ, സൈനിക പിന്തുണ. ഈ രാജ്യങ്ങളിൽ ഐസിസുമായി രൂക്ഷമായി യുദ്ധം ചെയ്‌ത ഗ്രൂപ്പുകളാണിവ. ലിബിയ, മൊസാമ്പിക്ക്, മാലി എന്നിവിടങ്ങളിൽ വാഗ്നർ ഗ്രൂപ്പും ഐസിസിനെ നേരിട്ടു. ഐസിസിന് കനത്ത നാശമുണ്ടാവുകയും രാഷ്‌ട്രീയ, സൈനിക ശക്തി ക്ഷയിക്കുകയും ചെയ്‌തു. എങ്കിലും ആയിരക്കണക്കിന് ഭീകരന്മാർ ശേഷിച്ചു. അവർ ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് റഷ്യയിലേത്.

പുട്ടിന്റെ ഭീകര

വിരുദ്ധ യുദ്ധം

സോവിയറ്റ് യൂണിയന്റെ പതനത്തോടെ മദ്ധ്യ ഏഷ്യൻ റിപ്പബ്ലിക്കുകളിൽ ഇസ്ലാമിക തീവ്രവാദം ശക്തമായി. അതിനെ ചെറുക്കാൻ പുട്ടിൻ, സെപ്റ്റംബർ 11 ആക്രമണത്തിനു ശേഷം അമേരിക്കയെ ഭീകര വിരുദ്ധ ഓപ്പറേഷനുകളിൽ സഹായിക്കാൻ തുടങ്ങി. അൽക്വ ഇദയെപ്പറ്റിയുള്ള ഇന്റലിജൻസ് വിവരങ്ങൾ അമേരിക്കയ്‌ക്കു കൈമാറി. മദ്ധ്യ ഏഷ്യൻ രാജ്യങ്ങളിലെ വ്യോമത്താവളങ്ങളിൽ അമേരിക്കൻ സേനയെ അനുവദിക്കാൻ അവിടങ്ങളിലെ നേതാക്കളെ പ്രേരിപ്പിച്ചു.

2014ൽ പുട്ടിൻ ക്രൈമിയ പിടച്ചടക്കുകയും 2022ൽ യുക്രെയിനെ ആക്രമിക്കുകയും ചെയ്‌തതോടെ അമേരിക്കയുമായുള്ള ബന്ധം ഉലഞ്ഞു.

എന്നിട്ടും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുന്ന നയം അനുസരിച്ച് അമേരിക്ക രണ്ടുതവണ ഐസിസ് - കെയുടെ ആക്രമണ പദ്ധതിയെക്കുറിച്ച് റഷ്യയ്‌ക്ക് മുന്നറിയിപ്പു നൽകിയിരുന്നു. റഷ്യയെ പേടിപ്പിക്കാനാണെന്നു പറഞ്ഞ് പുട്ടിൻ അതു തള്ളി. റഷ്യൻ ഇന്റലിജൻസും സേനയും യുക്രെയിൻ യുദ്ധത്തിലാണ് കൂടുതൽ ശ്രദ്ധിച്ചത്. ആ അവസരം ഭീകരർ മുതലാക്കി. ആക്രണം പുട്ടിനെ അമ്പരപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറുകളോളം നിശബ്ദനായിരുന്ന പുട്ടിൻ പിന്നീ‌ട് ടെലിവിഷനിൽ അഞ്ചു മിനിറ്റ് മാത്രമാണ് സംസാരിച്ചത്. അതിൽ ഐസിസിന്റെ പേരെടുത്തു പറഞ്ഞില്ല. യുക്രെയിനു മേൽ പഴിചാരുകയും ചെയ്‌തു.

(ബോക്സ്)​

ഐസിസ് - കെ

മോസ്കോ ആക്രമണം നടത്തിയത് ഐസിസ് - കെ ഭീകരഗ്രൂപ്പാണ്. കെ എന്നാൽ ഖൊറാസാൻ. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇറാൻ, തുർക്ക്മേനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഭൂഭാഗങ്ങൾ ഉൾപ്പെട്ട പ്രദേശമാണ് ഖൊറാസാൻ. ഈ മേഖലയിലെ ഭരണകൂടങ്ങളെ പുറത്താക്കി,​ ദക്ഷിണ മദ്ധ്യ ഏഷ്യയിൽ ശരിഅത്ത് കാലിഫേറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. അഫ്ഗാനിസ്ഥാനിൽ താലിബാനെതിരെ ഇവർ പോരാടുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതാക്കൾക്ക് ഉശിരില്ല എന്നാണ് ഐസിസ് - കെയുടെ പക്ഷം. ഖൊറാസാന് പുറത്തും ഇവർ സജീവമാണ്. ജനുവരിയിൽ ഇറാൻ മിലിട്ടറി കമാൻഡറായിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന്റെ നാലാം വാർഷിക ചടങ്ങിൽ രണ്ട് ഐസിസ് - കെ ചാവേറുകൾ നടത്തിയ സ്ഫോടനത്തിൽ 84 പേ‌ർ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാനിലും ചെച്‌നിയയിലും സിറിയയിലും ഭീകരഗ്രൂപ്പുകൾക്കെതിരെ യുദ്ധം ചെയ്‌ത ചരിത്രമാണ് റഷ്യയുടേത്. അതുകൊണ്ടു തന്നെ റഷ്യ ഭീകരരുടെ ഹിറ്റ് ലിസ്റ്റിലാണ്. ഭീകര വിരുദ്ധ പോരാട്ടത്തിലൂടെ റഷ്യയ്‌ക്ക് സുരക്ഷിതത്വം നൽകിയ നേതാവെന്ന പരിവേഷം പുട്ടിനുണ്ട്. റഷ്യയുടെ ശത്രുക്കളെ തുറന്നു കാട്ടാനും അതുവഴി തന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കാനും മോസ്കോ ആക്രമണത്തെ പുട്ടിൻ ഉപയോഗിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PUTIN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.