SignIn
Kerala Kaumudi Online
Saturday, 27 April 2024 11.37 AM IST

മറക്കാനാവുമോ,​ ടി.എൻ. ശേഷനെ...

g

' പ്രഭാത ഭക്ഷണത്തിന് ഞാൻ രാഷ്ട്രീയക്കാരേയും തിന്നാറുണ്ട്." വിവാദമായി മാറിയ ഈ പരാമർശം ടി.എൻ. ശേഷൻ ഒരു തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ഇന്ത്യയിൽ രാഷ്ട്രീയക്കാരെ, പ്രത്യേകിച്ചും തിരഞ്ഞെടുപ്പിൽ തരികിട കാണിച്ചവരെ വിറപ്പിച്ച കേന്ദ്ര ഇലക്ഷൻ കമ്മിഷണറായിരുന്നു തിരുനെല്ലായി നാരായണ അയ്യർ ശേഷൻ എന്ന ടി.എൻ.ശേഷൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്താണെന്ന് ഇന്ത്യയെ ബോധവത്കരിച്ച ശേഷൻ എന്നും ജനങ്ങൾക്കു പ്രിയങ്കരനായിരുന്നു . രാജ്യം ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ എത്തി നിൽക്കുമ്പോൾ ശേഷനെ എങ്ങനെ ഓർക്കാതിരിക്കും?​

1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ ആറുവർഷമാണ് ശേഷൻ കേന്ദ്ര ഇലക്ഷൻ കമ്മിഷണറായിരുന്നത്. പക്ഷെ ആ ആറുവർഷം കൊണ്ട് ഇലക്ഷൻ കമ്മിഷനെ അദ്ദേഹം ഉടച്ചുവാർത്തു. ശേഷനു മുമ്പ് എട്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ആ പദവികൾ വഹിച്ചെങ്കിലും ജനങ്ങൾ അവരെക്കുറിച്ച് അറിഞ്ഞിട്ടു പോലുമില്ലായിരുന്നു .ഉടഞ്ഞ കണ്ണാടിയിലൂടെ (ത്രൂ ദ ബ്രോക്കൺ ഗ്ളാസ് ) എന്ന ആത്മകഥയിൽ അതെല്ലാം ശേഷൻ പറഞ്ഞിട്ടുണ്ട്.

പാലക്കാട്ടു നിന്നുള്ള ശേഷന്റെ ജൈത്രയാത്ര തിരഞ്ഞെടുപ്പു പ്രക്രിയയെ ഉഴുതു മറിച്ചു എന്നതിൽ മാത്രമല്ല,​ ഐ.എ.എസിലെത്തി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയടക്കം അദ്ദേഹം വഹിച്ച എല്ലാ പദവികളിലും പ്രകടമായിരുന്നു. അധികാരം അലങ്കാരമല്ല, പ്രയോഗിക്കാനുള്ളതാണെന്ന് ഓരോ വട്ടവും ശേഷൻ തെളിയിച്ചുകൊണ്ടിരുന്നു.

തനിക്കു മുന്നിൽ വന്ന പ്രതിബന്ധങ്ങളെ അദ്ദേഹം കണക്കിലെടുത്തില്ല. കേന്ദ്ര പരിസ്ഥിതി വകുപ്പ് സെക്രട്ടറിയായിരിക്കെ തേഹ്രി ഡാമിന്റെയും സർദാർ സരോവർ ഡാമിന്റെയും നി‌ർമ്മാണത്തെ ശക്തിയുക്തം എതിർത്തു. അതിൽ വിജയിച്ചില്ലെങ്കിലും പരിസ്ഥിതിവാദികൾ ആവശ്യപ്പെട്ട കുറെക്കാര്യങ്ങളിലെങ്കിലും തീർപ്പുണ്ടാക്കാൻ കഴിഞ്ഞു.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹവുമായി ഉണ്ടായ അടുപ്പമാണ് ശേഷന്റെ ഔദ്യോഗിക ജീവിതത്തിൽ വഴിത്തിരിവായത്. പ്രധാനമന്ത്രിക്കു നേരെയുണ്ടായ ഒരു ആക്രമണശ്രമത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയുക്തനായ ശേഷൻ വിശദമായ റിപ്പോർട്ടാണ് നൽകിയത്. ആ റിപ്പോർട്ട് ഇഷ്ടപ്പെട്ട രാജീവ് ഗാന്ധി ശേഷനെ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയാക്കി.തന്റെ വിശ്വസ്തനായതിനെ തുടർന്ന് ഡിഫൻസ് സെക്രട്ടറിയും ക്യാബിനറ്റ് സെക്രട്ടറിയുമാക്കി. എന്നാൽ രാജീവ് ഗാന്ധിക്ക് പദവി നഷ്ടമായതോടെ ശേഷൻ ആസൂത്രണ ബോർഡിലേക്ക് ഒതുക്കപ്പെട്ടു.

ചന്ദ്രശേഖർ മന്ത്രിസഭയിൽ നിയമ മന്ത്രിയായിരുന്ന സുബ്രഹ്മണ്യസ്വാമിയാണ് തിരഞ്ഞെടുപ്പു കമ്മിഷണറാകാൻ ശേഷനെ ക്ഷണിച്ചത്. ഹാർവാഡിൽ ശേഷന്റെ അദ്ധ്യാപകനായിരുന്നു സ്വാമി. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ തിരിമറികൾതൊട്ട് ബൂത്തുപിടിത്തം വരെ അവസാനിപ്പിക്കാനാണ് തുടക്കത്തിലേ ശേഷൻ ശ്രമിച്ചത്.തന്നിൽ നിഷിപ്തമായ അധികാരത്തിന്റെ വ്യാപ്തി അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു.ഗവൺമെന്റിനു മുകളിലാണ് തന്റെ പദവിയെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും അതിനനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു.

ജോലിയിൽ പ്രവേശിച്ച ആദ്യ ദിനത്തിൽത്തന്നെ ഓഫീസിലെ ചുമരുകളിൽ നിന്ന് ആരാധനാ മൂർത്തികളുടെ ചിത്രങ്ങൾ അദ്ദേഹം നീക്കി. കമ്മിഷൻ മതേതര നിലപാട് പുലർത്തണമെന്ന് ഈശ്വരവിശ്വാസിയായ അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു.ഇലക്ഷൻ ഡ്യൂട്ടിക്ക് സംസ്ഥാനങ്ങൾ നൽകുന്ന ജീവനക്കാരുടെ മേലുള്ള പരമാധികാരം തനിക്കാണെന്ന്,​ അതിനെ എതിർത്ത രാഷ്ട്രീയ നേതൃത്വത്തെ അവഗണിച്ച് ശേഷൻ പ്രഖ്യാപിച്ചു.തുടർന്നുള്ള ആറു വർഷം ശേഷന്റെ പടയോട്ടമായിരുന്നു. അതിശക്തമായ എതിർപ്പുകളും ശേഷന്റെ ചിറകരിയാനുള്ള നീക്കങ്ങളും ഉണ്ടായി.

ബീഹാർ, പഞ്ചാബ് തിരഞ്ഞെടുപ്പുകൾ പോലും മാറ്റിവച്ചുകൊണ്ട് ശേഷൻ തന്റെ നിലപാടുകളിൽ നിന്നപ്പോൾ രാജ്യത്തെ പരമോന്നത നീതിപീഠം അദ്ദേഹത്തിനൊപ്പം ഒരു ഘട്ടത്തിൽ നിലപാടെടുത്തത് ശ്രദ്ധേയമായിരുന്നു.

തമിഴ്നാട് തിരഞ്ഞെടുപ്പിൽ അക്രമം വ്യാപകമായപ്പോൾ കേന്ദ്ര സേനയെ നിയോഗിക്കാൻ ശേഷൻ ഉത്തരവിട്ടു.കേന്ദ്ര ആഭ്യന്തര മന്ത്രി ഇതിനെ എതിർത്ത് രംഗത്തെത്തിയപ്പോൾ ഇലക്ഷൻ കമ്മിഷന്റെ ഉത്തരവു നടപ്പാക്കാതെ രാജ്യത്ത് ഒരു തിരഞ്ഞെടുപ്പും നടക്കില്ലെന്ന് ശേഷൻ പ്രഖ്യാപിച്ചു! തന്റെ നിലപാട് വ്യക്തമാക്കിയ ശേഷം അതിൽ നിന്ന് പിന്തിരിഞ്ഞെങ്കിലും ശേഷനെ തെടാൻ കഴിയില്ലെന്ന ചിന്ത രാഷ്ട്രീയക്കാരിൽ അദ്ദേഹം ഉറപ്പിച്ചു. ഒടുവിൽ രണ്ട് കമ്മിഷണർമാരെക്കൂടി വച്ചുകൊണ്ട് മുഖ്യ കമ്മിഷണറെ ദുർബലനാക്കാൻ തീരുമാനം വന്നു.

രാജ്യത്ത് ആദ്യമായി വോട്ടർ ഐ.ഡി കാർഡ് നടപ്പിലാക്കിയത് ശേഷനായിരുന്നു. സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിനായി വിനിയോഗിക്കുന്ന പണത്തിനും അദ്ദേഹം പരിധി ഏർപ്പെടുത്തി.കൃത്യമായ കണക്ക് കമ്മിഷനു സമർപ്പിക്കാനും തീരുമാനമെടുത്തു. തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിച്ചു.വ്യക്തമായ കണക്കു കാണിക്കാതിരുന്ന 1500 ഓളം സ്ഥാനാർത്ഥികളെ മൂന്നു വർഷത്തേക്ക് ലോക്‌സഭാ തിരഞ്ഞടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹം അയോഗ്യരാക്കി..നാൽപ്പതിനായിരത്തോളം തിരഞ്ഞെടുപ്പ് വരവു- ചെലവ് കണക്കുകൾ ശേഷൻ നേരിട്ടു പരിശോധിക്കുകയും തെറ്റായ വിവരങ്ങൾ നൽകിയ പതിനാലായിരം സ്ഥാനാർത്ഥികളെ വിവിധ തിരഞ്ഞെടുപ്പുകളിൽ അയോഗ്യരാക്കുകയും ചെയ്തു.

വിരമിച്ച ശേഷം രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 1997- ൽ കെ.ആർ. നാരായണനോട് മത്സരിച്ചു പരാജയപ്പെട്ടു.1999-ൽ ഗുജറാത്തിലെ ഗാന്ധി നഗറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി എൽ.കെ. അദ്വാനിക്കെതിരെ മത്സരിച്ചും തോറ്റു.

ഭാര്യ ജയലക്ഷ്മി മരിച്ച് ഒരു വർഷത്തിനു ശേഷം 2019-ൽ ചെന്നൈയിലെ വസതിയിലായിരുന്നു ശേഷന്റെ അന്ത്യം.ഈ ദമ്പതികൾക്ക് മക്കളില്ലായിരുന്നു. ഭാര്യയുടെ വേർപാട് അദ്ദേഹത്തെ വല്ലാതെ തളർത്തി. കമ്മിഷണറായിരിക്കെ ഗുരുവായൂരിലെത്തിയ ശേഷനെ അഭിമുഖം നടത്താൻ അവസരം ലഭിച്ചതോർക്കുന്നു. തമിഴ് ഇടകലർന്നതെങ്കിലും വ്യക്തമായ മലയാളത്തിലാണ് അദ്ദേഹം സംസാരിച്ചത്. കാലം കടന്നുപോകുമ്പോൾ ശേഷൻ ഒരാൾ മാത്രം. ഒരേ ഒരു ശേഷൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TN SHESHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.