SignIn
Kerala Kaumudi Online
Saturday, 27 April 2024 6.10 PM IST

വേനൽ കടുത്തു, ദാഹനീരിനായി നെട്ടോട്ടം

x

വേനൽ കനക്കുകയാണ്. ചൂടിന് കാഠിന്യമേറി. പുഴകളും തോടുകളും മറ്റ് ജലാശയങ്ങളും വറ്റി വരണ്ടതോടെ ദാഹജലത്തിനായി ആളുകൾ നെട്ടോട്ടമോടുന്ന കാഴ്ചയാണ് എവിടെയും. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ലഭിച്ച വേനൽ മഴയുടെ തോത് വളരെ കുറവാണ്. അതുകൊണ്ട് തന്നെ കൊടും വേനൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ ചൂട് കൂടി നീരുറവകൾ വറ്റിവരളുകയാണ്. കാർഷിക വിളകളെല്ലാം കരിഞ്ഞുണങ്ങുന്നത് കർഷകരെ ആശങ്കയിലാഴ്ത്തി തുടങ്ങിയിരിക്കുകയണ്. എങ്ങും ചുടുകാറ്റും പൊടിപടലങ്ങളും ഉയരുന്ന അന്തരീക്ഷത്തിൽ വിളകൾ നശിച്ചു പോകുകയാണ്. വെള്ളം കുറഞ്ഞതോടെ കൃഷികളും നശിക്കുകയാണ്. രണ്ടു പ്രാവശ്യം നനച്ചിരുന്നവർ ഇപ്പോൾ ഒരു പ്രാവശ്യം മാത്രമാണ് നനയ്ക്കുന്നത്. ഇത് വിളകളെ കാര്യമായി ബാധിക്കുന്നുമുണ്ട്.

മലയോര മേഖലകളിലടക്കം കിലോമീറ്ററുകൾ താണ്ടിയാണ് ആളുകൾ വെള്ളമെത്തിക്കുന്നത്. പല കുടുംബങ്ങളും കുഴൽ കിണറുകളും മറ്റും നിർമിച്ച് കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്. അതേസമയം കുഴൽ കിണർ നിർമിച്ചാലും വെള്ളം കിട്ടാത്ത സ്ഥിതിയും നില നിൽക്കുന്നുണ്ട്. വലിയ സാമ്പത്തിക ബാദ്ധ്യത വേണ്ടിവരുന്നതിനാൽ കുഴൽ കിണർ നിർമ്മിക്കാൻ നിർവാഹമില്ലാത്ത കുടുംബങ്ങൾ ഏറെയാണ്. അത്തരം കുടുംബങ്ങളുടെ ഏക ആശ്രയം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കുടിവെള്ള പദ്ധതികളാണ്. എന്നാൽ തുടങ്ങുന്നതിനേക്കാൾ സ്പീഡിൽ പല കുടിവെള്ള പദ്ധതികളും നിലയ്ക്കുന്ന സാഹചര്യത്തിലാണ്.

പദ്ധതികൾ

പലതും നിലച്ചു

വേനൽ കടുക്കുകയും വരൾച്ച രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിലെ പല കുടിവെള്ള പദ്ധതികളുടെയും പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുകയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളും വിവിധ സർക്കാർ ഏജൻസികളും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പല പദ്ധതികളും കേരളത്തിൽ കൊണ്ടുവരുന്നുണ്ടെങ്കിലും അതൊന്നും എങ്ങുമെത്താത്ത സ്ഥിതിയാണ്.

ജനപങ്കാളിത്തത്തോടെയും ദീർഘ വീക്ഷത്തോടെയുമുള്ള പദ്ധതികൾ ഇല്ലാത്തതാണ് കുടിവെള്ള പ്രശ്നം നിലയ്കക്കാനുള്ള കാരണം. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വം വളരെ വലുതാണ്. എന്നാൽ അത് എത്രത്തോളം നിറവേറ്റപ്പെടുന്നുണ്ട് എന്ന് പരിശോധിക്കുമ്പോൾ നിരാശ തന്നെയാണ് ഫലം. പദ്ധതികൾ പലതും മുടങ്ങിപ്പോകുമ്പോൾ കുടിവെള്ള പദ്ധതികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളാണ് പെരുവഴിയിലാകുന്നത്. എന്നാൽ അത് കണ്ടിട്ടും പലരും കണ്ടില്ലെന്ന് നടിക്കുകയാണ്. നിശ്ചിത തുക അടച്ചാണ് കുടുംബങ്ങൾ കുടിവെള്ള പദ്ധതികളുടെ ഗുണഭോക്താക്കളായി മാറുന്നത്. പിന്നീട് മാസം തോറും പണമടച്ചാലും വേനലെത്തുമ്പോൾ പെെപ്പുകളിലൂടെ വെള്ളമെത്താത്ത സ്ഥിതിയാണ്. പ്രതിവർഷം 330 സെ.മി. മഴ ലഭിക്കുന്ന കേരളത്തിൽ 30 ശതമാനം പേർക്കു പോലും നിലവിൽ പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നില്ല. 67 ശതമാനവും കിണറുകൾ, കുഴൽക്കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ തുടങ്ങിയവയെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.

കുടിവെള്ള പൈപ്പ് പൊട്ടൽ തൊട്ട് റോഡുകളുടെ നിർമ്മാണം വരെ കുടിവെള്ളം മുട്ടിക്കുന്നതിന് പ്രതിസന്ധികൾ പലവിധമാണ്. റോഡുകളുടെയും പാലങ്ങളുടെയും വൈറ്റ് ടോപ്പ് നിർമ്മാണമാണ് നഗരവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നത്. ജപ്പാൻ കുടിവെള്ള കണക്ഷൻ ഉണ്ടെങ്കിലും ചൂടുകൂടിയതോടെ മിക്ക ദിവസങ്ങളിലും വെള്ളം വീടുകളിലെത്താറില്ല. പരാതി പറയുമ്പോൾ എല്ലാ ദിവസവും പമ്പിംഗ് നടത്താറുണ്ടെന്നും താഴ്ന്ന സ്ഥലങ്ങളിൽ ജലത്തിന്റെ ഉപയോഗം കൂടുതലായതിനാൽ ഉയർന്ന പ്രദേശത്തെ സംഭരണ ടാങ്കുകളിൽ വെള്ളം നിറയുന്നതിന് കാലതാമസം നേരിടും എന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്. വാട്ടർ അതോറിട്ടിയുടെ വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ പ്രശ്നം തന്നെയാണ്.

ജലശുദ്ധീകരണശാലകൾ, ടാങ്കുകൾ, മെയിൻ പൈപ്പ് ലൈനുകൾ, പമ്പുകൾ എന്നിവയുടെ ജോലികൾ പല ജില്ലകളിലും ഇപ്പോഴും പാതിവഴിയിലാണ്.

ഇഴഞ്ഞു നീങ്ങുന്ന

പദ്ധതികൾ

100 ശതമാനം ഭവനങ്ങളിലും പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കാൻ സർക്കാർ ഒരുക്കിയ ജലജീവൻ മിഷൻ പദ്ധതിയും ഇഴഞ്ഞ് നീങ്ങുന്നു. കേന്ദ്ര ജലശക്തി മന്ത്രാലയവുമായി സഹകരിച്ച് 'ജലജീവൻ മിഷൻ' പദ്ധതിയിലൂടെ കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ള 67 ലക്ഷം കുടുംബങ്ങളിൽ 49.65 ലക്ഷം കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2020ലാണ് പദ്ധതി ആരംഭിച്ചത്.

കൃത്യമായ ആസൂത്രണത്തോടെ, തദ്ദേശ സ്ഥാപനങ്ങളുടെ പരിപൂർണ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ 100 ശതമാനം ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാനാകും എന്നായിരുന്നു പ്രഖ്യാപനം. 2024-ൽ സംസ്ഥാനത്തെ 69.92 ലക്ഷം വീടുകളിൽ കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ 50 ശതമാനം പോലും വീടുകളിൽ വെള്ളമെത്തിച്ചിട്ടില്ല.

ആസൂത്രണത്തിലെ പിഴവും മതിയായ മനുഷ്യവിഭവശേഷിയുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും അഭാവവും മൂലം ലക്ഷ്യമിട്ട കണക്ഷൻ കണക്കുകൾ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

ദേശീയപാതകൾ, വനമേഖല എന്നിവിടങ്ങളിൽ പൈപ്പിടുന്നതിനുള്ള അനുമതി ലഭിക്കാനുള്ള കാലതാമസം പദ്ധതിയെ ബാധിച്ചിരുന്നു.ജലശുദ്ധീകരണശാലകൾ, ടാങ്കുകൾ, മെയിൻ പൈപ്പ് ലൈനുകൾ, പമ്പുകൾ എന്നിവയുടെ ജോലികൾ പല ജില്ലകളിലും ഇപ്പോഴും പാതിവഴിയിലാണ്.

ഓരോ വേനലും വരൾച്ചയും സംസ്ഥാനത്ത് അതിഭീകരമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്.ഇതിനെ നേരിടാൻ മണ്ണും ജലവും ജൈവ സമ്പത്തുക്കളും സംരക്ഷിക്കുക എന്നത് തന്നെയാണ് പരമ പ്രധാനം. ഇതിനായി ഒട്ടേറെ നിയമ വ്യവസ്ഥകളും, അവ നടപ്പാക്കുന്നതിനായി കേന്ദ്രസംസ്ഥാനപ്രാദേശിക സർക്കാറുകളും ഉണ്ടെങ്കിലും ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നതാണ് സത്യം. മറിച്ച് നിയമങ്ങളെ കൂട്ട് പിടിച്ച് മണ്ണിനെയും ജലത്തെയും ചൂഷണം ചെയ്യുന്നതിനുള്ള തന്ത്രങ്ങളാണ് നടക്കുന്നത്. ഇത്തരം മനോഭാവം മാറിയില്ലെങ്കിൽ കേരളത്തിൽ വരൾച്ചാ ദുരന്തമായി പരിണമിക്കും. അതിന് ഇടനൽകരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATER SCARCITY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.