SignIn
Kerala Kaumudi Online
Saturday, 27 April 2024 1.49 PM IST

ഉറക്കമായോ ബുദ്ധിജീവികൾ

g

കേരളത്തിൽ രൂപം കൊണ്ട നൃത്തകലകളെ വളർത്താനും ശാസ്ത്രീയമായി അഭ്യസിപ്പിക്കാനും വള്ളത്തോൾ നാരായണ മേനോൻ 1930ൽ സ്ഥാപിച്ച കലാലയമാണ് കേരള കലാമണ്ഡലം. തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ ഭാരതപ്പുഴയുടെ തീരത്തായാണ് കല്പിതസർവകലാശാലയായ കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്. ഇവിടെ പഠിച്ചിറങ്ങുകയും പിൽക്കാലത്ത് കലാലോകത്ത് അതീവശോഭയോടെ തിളങ്ങുകയും ചെയ്ത എത്രയോ കലാപ്രതിഭകളെയാണ് കലാമണ്ഡലം സംഭാവന ചെയ്തത്. രാജ്യത്തിനകത്തും പുറത്തും കേരള കലകളുടെ മഹിമ പരത്തുന്നതിൽ വലിയ പങ്കാണ് ഈ മഹാസ്ഥാപനത്തിനുള്ളത്. ഇവിടെ പഠിച്ചിറങ്ങുന്നവർ തങ്ങൾക്ക് ലഭിക്കുന്ന ബിരുദത്തേക്കാൾ മഹത്തായി കൂടെ കൊണ്ടുനടക്കുന്ന വലിയ ബഹുമതിയാണ് പേരിനൊപ്പമുള്ള 'കലാമണ്ഡല'മെന്ന വിശേഷണം. അർഹതയുള്ളവർക്ക് ആ വിശേഷണം ഒരഴകാണ്. അറിഞ്ഞോ അറിയാതെയോ ചിലപ്പോൾ, ഈ വിശേഷണവും വിവരദോഷികൾക്കൊപ്പം ചേർത്തുവായിക്കേണ്ടിവരുമെന്നത് ദൗർഭാഗ്യമാവാം.

ഡോ. ആർ.എൽ.വി രാമകൃഷ്ണൻ എന്ന പ്രസിദ്ധനായ നർത്തകനെക്കുറിച്ച് പേരിനൊപ്പം കലാമണ്ഡലം ചേർത്തിട്ടുള്ള ഒരു' വിശേഷാവതാരം' നടത്തിയ അനുചിതവും അധിക്ഷേപകരവുമായ (നാടൻ ഭാഷയിൽ പറഞ്ഞാൽ മടൽ വെട്ടി അടിക്കേണ്ട) ചില പരാമർശങ്ങൾ ഉണ്ടാക്കിയ വിവാദങ്ങൾ ശമിച്ചിട്ടില്ലല്ലോ. താടകാ ഭാവത്തിൽ അവതാരം നടത്തിയ പരാമർശങ്ങൾ ആ കലാകാരനെ തെല്ലൊന്നുമായിരിക്കില്ല വേദനിപ്പിച്ചിട്ടുള്ളത്. പക്ഷെ ഉർവശീ ശാപം ഉപകാരമാവുമെന്ന ചൊല്ലുപോലെ, കേരളത്തെ ലജ്ജിപ്പിച്ച സംഭവമാണെങ്കിലും അത് വലിയൊരു മാറ്റത്തിനാണ് വഴിവച്ചത്. കേരള കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാൻ അവസരമൊരുങ്ങുന്നു എന്നതാണ് ഈ വലിയ മാറ്റം. കാലത്തിന്റെ മാറ്റത്തിനനുസരണമായി കലാമണ്ഡലവും മാറാനൊരുങ്ങുന്നത് തീർത്തും സ്വാഗതാർഹമാണ്. ലിംഗഭേദമില്ലാതെ കലാഭ്യസനം എന്ന സ്വഭാവത്തിലേക്കുള്ള വിപ്ളവകരമായ മാറ്റം. എട്ടാം ക്ലാസുമുതൽ പി.ജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാൻ കേരള കലാമണ്ഡലത്തിൽ സൗകര്യമുണ്ട്. നൂറിലേറെ വിദ്യാർത്ഥിനികൾ പത്തിലേറെ കളരികളിലാണ് ചുവടുവയ്ക്കുന്നത്. ആൺകുട്ടികൾക്ക് വേണ്ടി അധിക തസ്തിക സൃഷ്ടിക്കേണ്ടി വരില്ല, കരിക്കുലം തീരുമാനിച്ചാൽ മാത്രം മതിയാവും. പൊതുവെ ഈ തീരുമാനം സ്വാഗതം ചെയ്യപ്പെടാനാണ് സാദ്ധ്യത. എങ്കിലും സംഗതി കലാമണ്ഡലമായതിനാലും വിഷയം കലാപഠനമായതിനാലും സാമ്പ്രദായിക ചിട്ടകളുടെ പേരിൽ ചിലരെങ്കിലും വ്യത്യസ്ത അഭിപ്രായം പറഞ്ഞേക്കാം. എങ്കിലും ഇപ്പോൾ ചിന്തിക്കുന്ന മാറ്റം അനിവാര്യമാണെന്നതിൽ തർക്കമില്ല. ശുഭകരമായ കാര്യമായി ഇതിനെ കാണാം. സാമ്പ്രദായിക വാദികളെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് കേരള സമൂഹത്തിൽ എപ്പോഴും കാണാറുള്ള ചില കാപട്യങ്ങളെക്കുറിച്ച് കൂടി നമ്മൾ ഓർക്കേണ്ടത്.

തലസ്ഥാനത്തിന്റെ ഏറ്റവും കണ്ണായ ഭാഗത്ത്, സ്ഥലം വാങ്ങി, ആഢംബരത്തോടെയുള്ള മൂന്ന് നില കെട്ടിടം പണിതതിൽ സ്വയം അഭിമാനിക്കുകയും ഊറ്റം കൊള്ളുകയും അത് മറ്റുള്ളവരെ സൗകര്യം പോലെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്ന നർത്തകിയായ സത്യഭാമ ടീച്ചറാണല്ലോ ഡോ. ആർ.എൽ.വി രാമകൃഷ്ണന്റെ മോഹിനിയാട്ടത്തെയും അദ്ദേഹത്തിന്റെ നിറത്തെയുമെല്ലാം പേരെടുത്തു പറയാതെ വർണ്ണിച്ചത്. താൻ ആരെയും പേരുപറഞ്ഞ് അധിക്ഷേപിച്ചില്ലെന്നാണ് ടീച്ചർ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. മാനിലുണ്ട് മയിലിലില്ല, ലജ്ജയിലുണ്ട്, ക്രൗര്യത്തിലില്ല എന്ന് പറയും പോലെയാണ് ടീച്ചറുടെ വാദഗതികൾ. വിവരം കൂടിപ്പോയാലുണ്ടാകാവുന്ന ദേഷമായി ഇതിനെ കാണാമെങ്കിലും ഇവിടെ എടുത്തു പറയേണ്ടത് നമ്മുടെ പ്രതികരണ തൊഴിലാളികളെക്കുറിച്ചാണ്. എന്തിലും ഏതിലും ചാടിക്കേറി പ്രതികരിക്കുന്ന കുറെ ബുദ്ധിജീവികളുണ്ടല്ലോ. എന്തെങ്കിലും ഒരു സംഭവമുണ്ടായാൽ അതിൽ ഉൾപ്പെട്ടവരുടെ കക്ഷി രാഷ്ട്രീയവും കുടുംബമാഹാത്മ്യവും പൂർവ്വികരുടെ സംബന്ധമഹിമയും ഒക്കെ നോക്കി സൗകര്യം പോലെ പ്രതികരിക്കുന്ന കുറെ തീപ്പന്തങ്ങൾ. ഒരു മൈക്ക് തുറന്നു വച്ചാൽ ഒരുവിധ ഉളുപ്പുമില്ലാതെ അതിന് മുന്നിൽ വന്ന് കൊല്ലണം. തിന്നണം, തലമുണ്ഡനം ചെയ്ത് നാടുകടത്തണം എന്നൊക്കെ തട്ടിമൂളിക്കുന്ന ബുദ്ധിജീവികൾ. ചിലരാണെങ്കിൽ പ്രതിഷേധിച്ച് കവിതയെഴുതും. ചിലർ ലേഖനമെഴുതും മറ്റു ചിലരാണെങ്കിൽ മുക്കിന് മുക്കിന് മൈക്ക് കെട്ടി പ്രസംഗിക്കും. സെക്രട്ടേറിയറ്റ് പടിക്കൽ വന്ന് വാമൂടിക്കെട്ടി പ്രതിഷേധിക്കും...അങ്ങനെ പ്രതിഷേധത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് പോകും. ലിംഗവിവേചനവും ജാതിമത വിവേചനവും എല്ലാം അടുക്കും ചിട്ടയോടെയും അങ്ങു നിരത്തും. പക്ഷെ ഇത്തരം പതിവ് പ്രതികരണ തൊഴിലാളികളെയും സാംസ്കാരിക നായകരെയും ഒന്നും സത്യഭാമ ടീച്ചർ ഉറഞ്ഞുതുള്ളിയപ്പോൾ കണ്ടില്ല. സാധാരണക്കാരും കലാകാരന്മാരും ചുരുക്കം രാഷ്ട്രീയ നേതാക്കളും പൊതു പ്രവർത്തകരും ടീച്ചറുടെ കൊഞ്ഞണം കുത്തിനെതിരെ ശബ്ദമുയർത്തിയപ്പോൾ ഇവിടുത്തെ വിഖ്യാതരായ പ്രതികരണ തൊഴിലാളികൾ വായിൽ അവലൂസ് പൊടിയും തിരുകി മാനത്തു നോക്കി ഇരിപ്പായി. കാരണം ആർ.എൽ.വി രാമകൃഷ്ണന് വേണ്ടി ബുദ്ധിജീവികൾ ശബ്ദിച്ചാൽ ക്ഷീണമുണ്ടാവുമല്ലോ. പ്രതിഷേധ സൂചകമായി ഒരു നാല് വരി കവിതപോലും എവിടെയും കണ്ടില്ല. കനപ്പെട്ട ലേഖനങ്ങളും വന്നില്ല.

തിരഞ്ഞെടുപ്പ് കാലമാണല്ലോ, പ്രതികരിച്ചാൽ തങ്ങളെ താങ്ങി നിറുത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അത് ദഹിക്കുമോ എന്ന സന്ദേഹം. നല്ലപിള്ള ചമയാൻ ശ്രമിച്ച് ഉള്ള പേര് കളയണമോ എന്ന ആശങ്ക. വിമർശിക്കുമ്പോഴും അഭിപ്രായം പറയുമ്പോഴും ഇത്തരം ചില മര്യാദകൾ കൂടി പാലിക്കണമല്ലോ. ആമ തലവലിക്കും പോലെ ഉള്ളിലേക്ക് വലിഞ്ഞ് ഇരിപ്പാണ് ഈ ബുദ്ധിജീവികൾ. ഇനി എപ്പോഴെങ്കിലും ഇറങ്ങും , തങ്ങൾക്ക് എന്തെങ്കിലും മെച്ചമുണ്ടാവുന്ന സംഭവം വന്നാൽ, ഉടനടി പ്രതികരണവുമായി.

ഇതു കൂടി

കേൾക്കണേ

പ്രതികരണം ഒരു ശീലമാക്കുന്നത് കൊള്ളാം,​ പക്ഷെ ഏത് കൊള്ളരുതായ്മയ്ക്കെതിരെയും നാക്കുപൊക്കാൻ ത്രാണി വേണം. അല്ലാതെ ഇളയിടം നോക്കി വാതം വരുത്തരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAMANDALAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.