മേരിലാൻഡ്: അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്നതിനെ തുടർന്ന് പതാപ്‌സ്‌കോ നദിയിൽ വീണ് കാണാതായ ആറ് പേരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മെക്‌സികോ സ്വദേശി അലെജാൻഡ്രോ ഹെർനാൻഡെസ് ഫ്യൂന്റ്സ് (35), ഗ്വാട്ടിമാല സ്വദേശി ഡോറിലാൻ റോനിയൽ കാസ്റ്റ്‍ലോ കാബ്‍റ്റേ (26) എന്നിവരുടെ മൃതദേഹങ്ങളാണ് ദൗത്യസംഘം കണ്ടെത്തിയത്. നദിയിൽ ഒരു ചുവന്ന പിക്കപ്പിൽ കുടുങ്ങിക്കിടന്ന നിലയിലാണ് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
അപകടത്തിൽ കാണാതായ മറ്റ് നാല് പേർക്കായുളള തിരച്ചിൽ അവസാനിപ്പിച്ചു. തകർന്ന പാലത്തിന്റെ കോൺഗ്രീറ്റ് അവശിഷ്ടങ്ങളും മറ്റ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് കൊണ്ടുളള സാഹചര്യത്തിലാണ് തിരച്ചിൽ അവസാനിപ്പിച്ചത്. മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എൽ സാൽവഡോർ, എന്നിവിടങ്ങളിൽ നിന്നെത്തിയ ആറ് നിർമാണ തൊഴിലാളികളെയാണ് പാലം തകർന്ന് കാണാതായത്. പാലം തകരുമ്പോൾ എട്ട് പേരായിരുന്നു പാലത്തിൽ ഉണ്ടായിരുന്നത്. അവരിൽ രണ്ടുപേരെ രക്ഷിക്കാൻ സാധിച്ചു.
ചൊവ്വാഴ്ച പുലർച്ചയോടെയാണ് കപ്പൽ 47 വർഷം പഴക്കമുള്ള ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണുകളിൽ ഒന്നിൽ ഇടിച്ചത്. പാലം പൂർണമായും തകരുകയും നിരവധി വാഹനങ്ങളും പതാപ്‌സ്‌കോ നദിയിലേക്ക് വീഴുകയും ചെയ്തു. പാലം ഉടൻ പുനർനിർമിക്കുമെന്നും ഫെഡറൽ സർക്കാർ മുഴുവൻ ചെലവ് വഹിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
പാലം തകരാൻ കാരണക്കാരായ കപ്പൽ അധികൃതരിൽ നിന്ന് നിർമ്മാണ തുക ഈടാക്കണമെന്ന് ആവശ്യമുണ്ടെങ്കിലും അതിനായി കാത്തിരിക്കാൻ സമയമില്ലെന്നും നിർമ്മാണം ഉടൻ തുടങ്ങുമെന്നും ബൈഡൻ വ്യക്തമാക്കി. ദേശീയ പാതകളിലൊന്ന് കടന്നുപോകുന്നതിനാൽ പാലത്തിന്റെ തകർച്ച അമേരിക്കയിലുടനീളമുളള ഗതാഗതത്തെയും ചരക്കുനീക്കത്തെും പ്രതികൂലമായി ബാധിക്കും. അപകടത്തിന്റെ പശ്ചാത്തലത്തിൽ ബാൾട്ടിമോർ തുറമുഖം അടച്ചിട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |