SignIn
Kerala Kaumudi Online
Saturday, 27 April 2024 1.55 PM IST

വൈക്കം സത്യഗ്രഹത്തിന് നാളെ നൂറ് വയസ്, സമരക്കരുത്തിന്റെ ചെറുപ്പം

d

സാമൂഹ്യരംഗത്തു നിന്ന് യുവജനങ്ങളുടെ കൊഴിഞ്ഞുപോക്ക് പതിവു പരാതിയാണ്. എന്നാൽ കേരളത്തിന്റെ സാമൂഹ്യബോധത്തിന്റെ ഉത്തമദൃഷ്ടാന്തമായി മാറിയ വൈക്കം സത്യഗ്രഹം (1924 മാർച്ച് 30) യുവജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. സത്യഗ്രഹത്തിന്റെ സൂത്രധാരൻ ടി.കെ.മാധവന് അന്ന് 39 വയസ്സായിരുന്നു. അതിന് മൂന്നുവർഷം മുമ്പ്, 1921 സെപ്തംബർ 24ന് തിരുനെൽവേലിയിൽ പോയി അദ്ദേഹം മഹാത്മാ ഗാന്ധിയെ കണ്ടു. തിരുവിതാംകൂറിലും മറ്റു ഭാഗങ്ങളിലും നടക്കുന്ന അയിത്തം പോലുള്ള അനാചാരങ്ങളെക്കുറിച്ച് ഗാന്ധിജിയെ ബോധ്യപ്പെടുത്തി. തുടർന്നു നടന്ന കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ (1923) പങ്കെടുത്ത്, അയിത്തത്തിനെതിരെ നടക്കാൻ പോകുന്ന വൈക്കം സത്യഗ്രഹത്തിന് എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും പിന്തുണ ടി.കെ. മാധവൻ അഭ്യർത്ഥിച്ചു.

വലിയ തയ്യാറെടുപ്പോടെ നടത്തിയ വൈക്കം സത്യഗ്രഹത്തിന്റെ വിജയകരമായ പ്രയാണത്തിന് പങ്കുവഹിച്ചവരൊക്കെ യുവാക്കളായിരുന്നു എന്ന് പറയാതെ വയ്യ. നേതൃനിരയിൽ ഉണ്ടായിരുന്ന കെ.പി കേശവമേനോനും കെ. കേളപ്പനും യഥാക്രമം 38-ഉം 35-ഉം ആയിരുന്നു പ്രായം. അറസ്റ്റിൽ കുലുങ്ങാതെ, സമരവിരോധികളുടെ മർദ്ദനമേറ്റിട്ടും ലക്ഷ്യത്തിൽ നിന്ന് പിന്മാറാതെ മുന്നോട്ടു പോകാൻ കാരണം യുവാക്കളാണ്.


42 വയസുണ്ടായിരുന്ന ആമചാടി തേവൻ സമരാങ്കണത്തിലെ എടുത്തു പറയപ്പെടേണ്ട വ്യക്തിത്വമാണ്. പിറന്നുവീണ സമുദായത്തിന്റെ ശോച്യാവസ്ഥയിൽ ആ യുവാവിന്റെ ഹൃദയം വിങ്ങി. പൂത്തോട്ടയിൽ ശങ്കരനാരായണ ക്ഷേത്രത്തിൽ ടി.കെ. മാധവനൊന്നിച്ച് പ്രവേശിക്കാൻ തേവനെ പ്രേരിപ്പിച്ച ചേതോവികാരം മറ്റൊന്നായിരുന്നില്ല. സത്യഗ്രഹത്തിന്റെ ഒന്നാംദിവസം കണ്ണിൽ ചുണ്ണാമ്പു തേയ്ക്കപ്പെട്ട രണ്ടുപേർ മണ്ഡപത്തിൽ നാരായണൻനായരും ആമചാടി തേവനും ആയിരുന്നു. വൈക്കം കാളി, കുഞ്ഞാച്ചൻ, കുഞ്ഞിലാൻ നാരായണൻ, അഴകൻ, അനന്തൻ തുടങ്ങിയ ഒട്ടേറെ ദളിത് യുവാക്കൾ വൈക്കം സത്യഗ്രഹത്തിന്റെ മുൻപന്തിയിൽത്തന്നെ ഉണ്ടായിരുന്നു.


നിങ്ങൾ 'തേവനല്ല; ദേവനാ"ണെന്ന് ശ്രീനാരായണഗുരുവിനെക്കൊണ്ടു പോലും പറയിപ്പിക്കാൻ സാധിച്ചത് തേവന്റെ മഹത്വം വിളിച്ചോതുന്നു. തേവനെ മഹാത്മാഗാന്ധിക്ക് പരിചയപ്പെടുത്തിയത് കെ.പി. കേശവ മേനോൻ ആയിരുന്നു. കണ്ണിൽ ചുണ്ണാമ്പൊഴിച്ചതിനാൽ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു,​ തേവന്. ഇതറിഞ്ഞ ഗാന്ധിജി കൊടുത്തയച്ച മരുന്ന് ആട്ടിൻപാലിൽ കലക്കി ധാര കോരിയതിനു ശേഷമാണ് വർഷങ്ങൾക്കു ശേഷം തേവന് കാഴ്ച തിരിച്ചുകിട്ടിയത്.


രക്തസാക്ഷിത്വം വരിച്ച ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ നിർഭയത്വം നിറഞ്ഞ വ്യക്തിത്വം അദ്ദേഹത്തിന്റെ അവസാന പ്രസ്താവനയിലൂടെ ബോധ്യപ്പെടും. ' ഉത്തരവാദിത്വ ബോധമില്ലാത്തതും പൗരാവകാശത്തെ അവഹേളിക്കുന്നതും അന്യായവും നിയമവിരുദ്ധവുമായ നിരോധനാജ്ഞകൊണ്ട് ഒരു പൗരന്റെ ജന്മസിദ്ധമായ സഞ്ചാരസ്വാതന്ത്ര്യത്തെ തടയാമെന്നു വിചാരിച്ച ജില്ലാ മജിസ്ട്രേറ്റിന്റെ അവിവേകത്തെക്കുറിച്ച് ഞാൻ ലജ്ജിക്കുന്നു." ഇത്തരം നിർഭയമായ പ്രസ്താവന നടത്തിയ 38 കാരനായ ശങ്കുപ്പിള്ളയെ സമരവിരോധികളും പൊലീസും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.


28 വയസു മാത്രമുണ്ടായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് മറ്റൊരു ചരിത്രപുരുഷനാണ്. 34 വയസുണ്ടായിരുന്ന ടി.ആർ. കൃഷ്ണസ്വാമി അയ്യർ അയിത്തോച്ചാടന സമിതി അംഗവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. സവർണ്ണജാഥ നയിച്ച മന്നത്തു പത്മനാഭൻ ആയിരുന്നു കൂട്ടത്തിൽ മുതിർന്നയാൾ. തിരുവനന്തപുരത്തേക്കു നയിച്ച സവർണ ജാഥ വൈക്കം സത്യഗ്രഹത്തിനു മാത്രമല്ല,​ കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽത്തന്നെ വലിയ സ്വാധീനമാണ് ചെലുത്തിയത്.

കൊല്ലവർഷം 1099 ലെ മഹാമാരിയും വെള്ളപ്പൊക്കവും നേരിട്ട് അനുഭവി ച്ചവരാണ് വൈക്കം സത്യഗ്രഹികൾ. കൂത്താട്ടുകുളത്തിനടുത്തുള്ള പാലക്കുഴയിൽ നിന്നു വന്ന രാമൻ ഇളയത് എന്ന മുപ്പതുകാരൻ ഭൂവുടമയായ സമര സേനാനിയായിരുന്നു. വൈക്കം ക്ഷേത്രത്തിന്റെ നടയിൽ കഴുത്തറ്റം വെള്ളത്തിൽ നിന്നാണ് അവർ സത്യഗ്രഹമനുഷ്ഠിച്ചത്. അതിൽ രാമൻ ഇളയതിന്റെ കണ്ണിലും സമരാനുകൂലികൾ ചുണ്ണാമ്പു തേച്ചു. സഞ്ചാര സ്വാതന്ത്ര്യത്തോടൊപ്പം പിന്നാക്ക വിഭാഗക്കാർക്ക് വിദ്യാഭ്യാസവും അനിവാര്യമാണെന്ന് ഇളയത് തിരിച്ചറിഞ്ഞു. സ്വന്തം പുരയിടത്തിൽ പിന്നാക്ക സമുദായങ്ങൾക്കു വേണ്ടിയുള്ള കുടിപ്പള്ളിക്കൂടം ആരംഭിച്ചു. മൂന്നാലുവർഷം വിദ്യാലയം മുന്നോട്ടുപോയി. തുടർന്ന് വിദ്യാലയത്തിലെ അദ്ധ്യാപകന്റെ ശമ്പളം പോലും കൊടുക്കാൻ നിവൃത്തിയില്ലാതെ അദ്ദേഹം ബുദ്ധിമുട്ടി. അവസാനം കിടപ്പാടംവരെ അതിനുവേണ്ടി തീറെഴുതി. വിനോബാജിയുടെ നേതൃത്വത്തിൽ നടന്ന ഭൂദാനപ്രസ്ഥാനം വഴി നിലമ്പൂരിൽ ലഭിച്ച ഒരു തുണ്ട് ഭൂമിയിലേക്ക് രാമൻ ഇളയത് പറിച്ചു നടപ്പെട്ടു.


വൈക്കം സത്യഗ്രഹത്തിലെ ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മജിയുടെയും സാന്നിദ്ധ്യവും നേതൃത്വവും സമര ഗതിയെ തന്നെ മാറ്റിമറിച്ചു. ഗുരുദേവൻ താൻ വില കൊടുത്തു വാങ്ങിയ ഭൂമി സത്യഗ്രഹ സമിതിയുടെ പ്രവർത്തന കേന്ദ്രമാക്കാൻ അനുവദിച്ചു. ഇന്നത് വൈക്കം ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ എന്ന പേരിൽ പ്രശസ്തമായ വിദ്യാലയമായി മാറി. ഗുരുദേവൻ ആയിരം രൂപ സത്യഗ്രഹ പ്രവർത്തനങ്ങൾക്കായി നൽകി.

മഹാത്മജിയാകട്ടെ, സമരത്തോടൊപ്പം സംവാദവും സത്യഗ്രഹത്തിന്റെ ഭാഗമാക്കി. സമര വിരോധിയായ ഇണ്ടംതുരുത്തി മനയ്ക്കൽ ദേവൻ നീലകണ്ഠൻ നമ്പ്യാതിരിയേയും കൂട്ടരെയും നേരിൽ സന്ദർശിച്ച് വസ്തുതകൾ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ നമ്പ്യാതിരിയാകട്ടെ ശങ്കരാചാര്യരാൽ എഴുതപ്പെട്ടതെന്നു താൻ വിശ്വസിക്കുന്ന 'ശാങ്കരസ്മൃതി' ഉയർത്തിക്കാട്ടി തന്റെ വാദത്തിൽ ഉറച്ചുനിന്നു. തനിക്ക് സംസ്‌കൃതം അറിയില്ലെന്നും മദനമോഹന മാളവ്യജിയെ ഗ്രന്ഥം കാണിച്ച് സംശയനിവൃത്തി വരുത്താമെന്നും ഗാന്ധിജി അറിയിച്ചു.

ഇതിനിടെയാണ് കൃഷ്ണൻ നമ്പ്യാതിരിയെന്ന ഇരുപത്തൊമ്പതുകാരൻ രംഗത്തു വരുന്നത്. ചെങ്ങന്നൂരിലെ ഒരു വിദ്യാലയത്തിലെ സംസ്‌കൃത അദ്ധ്യാപകനായിരുന്ന ആ യുവാവ് സത്യഗ്രഹത്തിൽ പങ്കെടുക്കാൻ തന്റെ അദ്ധ്യാപകവൃത്തി ഉപേക്ഷിക്കുകയായിരുന്നു. അദ്ദേഹം ശാങ്കരസ്മൃതി പരിശോധിച്ച് ഇതു ശങ്കരാചാര്യരുടേതല്ലെന്നും വേറൊരു ശങ്കരൻ നമ്പൂതിരിയുടേതാണെന്നും അറിയിച്ചു. ഇതോടെ യാഥാസ്ഥിതികരുടെ പ്രമാണത്തിന്റെ കള്ളി വെളിച്ചത്തായി. ആ യുവാവാണ് പിൽക്കാലത്ത് ശ്രീരാമകൃഷ്ണ മഠത്തിൽ ചേർന്ന് ആഗമാനന്ദ സ്വാമിയായത്. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് പ്രശസ്‌തരായ പി. പരമേശ്വരനും പി. ഗോവിന്ദപിള്ളയുമടക്കം പല പ്രഗൽഭരും ആഗമാനന്ദപാതയിലൂടെ സഞ്ചരിച്ചവരാണ്.


കഴിഞ്ഞ നൂറ്റാണ്ടുകളിൽ കേരളത്തിലെ യാഥാസ്ഥിതിക സമൂഹം അനുവർത്തിച്ചും ആചരിച്ചും പോരുന്ന തിന്മകൾക്കും പുഴുക്കുത്തുകൾക്കും എതിരെ ജാതിഭേദങ്ങൾക്ക് ഉപരിയായി ഉയർന്ന സംയുക്തമായ മുന്നേറ്റമെന്നോ സമരമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒരു സാമൂഹ്യ രാഷ്ട്രീയ സംഭവമായിരുന്നു വൈക്കം സത്യഗ്രഹം. അതിന്റെ നേതൃത്വം അക്കാലത്തെ യുവജനങ്ങൾക്കായിരുന്നു എന്നത് കേരളത്തിന്റെ പിൽകാല ചരിത്രത്തിന്റെ ഗതി നിർണയിച്ചു. യുവതയുടെ ചിറകിലേറി, സ്വാമി വിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയത്തെ തീർത്ഥാലയമാക്കി മാറ്റിയതിന് എക്കാലത്തെയും യുവജനങ്ങളോട് കേരളം കടപ്പെട്ടിരിക്കുന്നു.

(ലേഖകൻ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റാണ്. ഫോൺ : 94470 57649)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAIKOMSATHYAGRAGHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.