SignIn
Kerala Kaumudi Online
Saturday, 27 April 2024 5.52 PM IST

തൊഴിൽരഹിതരും വൈദഗ്ദ്ധ്യക്കുറവും

g

പുതിയ കാലത്ത്,​ തൊഴിൽ അഥവാ ഉദ്യോഗമെന്നതിന്റെ നിർവചനം വല്ലാതെ മാറിയിട്ടുണ്ട്. സർക്കാർ സർവീസ് മാത്രമാണ് മാന്യമായ ഉദ്യോഗമെന്ന പൊതുകാഴ്ചപ്പാടും മാറി. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പൊതുവെ വർദ്ധിച്ചെങ്കിലും,​ അതിന്റെ അഞ്ചും ആറും ഇരട്ടി തുക ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി അക്കൗണ്ടിലെത്തുന്ന വമ്പൻ സ്വകാര്യ സ്ഥാപനങ്ങളിലെ ന്യൂ ജെൻ പ്രൊഫഷനുകളോടാണ് പുതിയ ചെറുപ്പക്കാർക്ക് ഇക്കാലത്ത് അധികം ആഭിമുഖ്യം. ക്ളിപ്തമായ ജോലി സമയം,​ അവധികൾ,​ തൊഴിൽ സുരക്ഷിതത്വം,​ പെൻഷൻ ആനുകൂല്യം എന്നിവയൊക്കെ പരിഗണിച്ച് സർക്കാർ ജോലി തിരഞ്ഞെടുക്കുന്നതല്ല അവരുടെ മനോഭാവം. മാത്രമല്ല,​ സ്റ്റാർട്ടപ്പുകൾക്ക് സർക്കാരുകളുടെ വലിയ പിന്തുണ കിട്ടുന്ന കാലത്ത്,​ മികച്ച ആശയങ്ങളും ഊർജ്ജസ്വലതയുമുള്ള ചെറുപ്പക്കാരിൽ വലിയ വിഭാഗത്തിന് സ്വന്തം സംരംഭങ്ങളിലാണ് താത്പര്യം.

ഇപ്പോൾ ഇതൊക്കെ പറയാൻ കാര്യം,​ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുറഞ്ഞുവരികയാണെന്ന അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ)​ റിപ്പോർട്ടാണ്. ഹയർ സെക്കൻഡറി വിദ്യാഭ്യാസമെങ്കിലുമുള്ളവർക്കിടയിൽ കഴിഞ്ഞ ഇരുപതു വർഷത്തിനിടെ തൊഴിലില്ലായ്മ ഇരട്ടിയായെന്നും,​ ഈ തൊഴിലില്ലാപ്പടയിൽത്തന്നെ 83 ശതമാനവും യുവാക്കളാണെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യുമൻ ഡവലപ്മെന്റ് എന്ന ഏജൻസിയുടെ കൂടി സഹകരണത്തോടെ ഐ.എൽ.ഒ പ്രസിദ്ധീകരിച്ച റിപ്പോ‌ർട്ടിലെ കണക്ക്. രാജ്യത്തെ തൊഴിൽശക്തിയുടെ തൊണ്ണൂറു ശതമാനം പേരും അസംഘടിത മേഖലയിലാണെന്നാണ് മറ്റൊരു കണക്ക്. രാജ്യത്ത് ഏറ്റവും പകിട്ടുള്ള ഐ.ടി മേഖലയിലെ ഉദ്യോഗങ്ങൾ സംഘടിത മേഖലയിൽപ്പെടുന്നതല്ല. എല്ലാ മേഖലയിലും എ.ഐ ഉൾപ്പെടെയുള്ള അതിനൂതന സാങ്കേതികവിദ്യകൾക്ക് പ്രചാരമേറി വരുന്ന കാലത്ത് അത്തരം ജോലിസാദ്ധ്യതകളിൽ അധികവും സർക്കാർ മേഖലയ്ക്കു പുറത്താണു താനും.

പരമ്പരാഗത കോഴ്സുകൾക്കും പരമ്പരാഗത തൊഴിൽ മേഖലകൾക്കും ആവശ്യക്കാർ തീരെ കുറഞ്ഞ കാര്യം നമുക്കറിയാം. പഠിത്തം കഴിഞ്ഞ് ഉദ്യോഗമൊന്നും കിട്ടാതെ ചെറുപ്പക്കാർ വർഷങ്ങളോളം തേരാപ്പാരാ നടന്നിരുന്ന ഒരു കാലം ഓർമ്മയുണ്ടാകും. സർക്കാർ ജോലി മാത്രം ലക്ഷ്യമിട്ട് ഇങ്ങനെ അനന്തമായി കാത്തിരിക്കുന്നവരുടെ എണ്ണവും കുറ‌ഞ്ഞു. കൈയിലെ സർട്ടിഫിക്കറ്റിനല്ല,​ തൊഴിൽശേഷിക്കാണ് (സ്കിൽ)​ പുതിയ കാലത്ത് അധികമൂല്യം. സംഘടിത മേഖലയിലെ തൊഴിൽശക്തിയുടെ മാത്രം തലയെണ്ണമെടുത്ത്,​ രാജ്യത്ത് തൊഴിലില്ലായ്‌മ വ‌ർദ്ധിച്ചുവരികയാണെന്ന വിലയിരുത്തൽ മുഖവിലയ്ക്കെടുക്കാനാകില്ലെങ്കിലും,​ സർക്കാർ മേഖലയിൽ തൊഴിലവസരം കുറയുന്നുവെന്നത് ഗൗരവമായി പരിഗണിക്കേണ്ടതാണ്. കാരണം,​ അത് സേവന മേഖലയാണ്.

ഭരണയന്ത്രം തിരിയണമെങ്കിൽ ഉദ്യോഗസ്ഥരുടെ സേവനം തന്നെ വേണം. ആ യന്ത്രം തിരിഞ്ഞെങ്കിലേ സാധാരണജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് തടസവും താമസവുമുണ്ടാകാതിരിക്കൂ. 2018-നു ശേഷം സംഘടിത മേഖലയിലെ തൊഴിലവസരം കാര്യമായി കുറഞ്ഞെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. ഇതിനെക്കാളെല്ലാം ഗുരുതരമായ ഒരു വിഷയത്തിലേക്കു കൂടി റിപ്പോർട്ട് വിരൽ ചൂണ്ടുന്നുണ്ട്. അത്,​ ജോലിയുള്ള ചെറുപ്പക്കാരുടെ തന്നെ തൊഴിൽ വൈദഗ്ദ്ധ്യക്കുറവാണ്. ഇന്ത്യ വൻ സാമ്പത്തിക ശക്തിയാകാനുള്ള കുതിച്ചുചാട്ടം നടത്താനിരിക്കുകയും,​ രാജ്യമാകെ വികസനം ത്വരിതവേഗത്തിൽ നടക്കുകയും ചെയ്യുമ്പോൾ അതിനൊപ്പം തൊഴിൽ മേഖലയും,​ ചെറുപ്പക്കാരുടെ തൊഴിൽ വൈദഗ്ദ്ധ്യവും ശക്തിപ്പെടേണ്ടതാണ്. കണക്കുകൾക്കു പുറത്ത് കാലം മാറുന്നത് ചെറുപ്പക്കാർ മാത്രമല്ല,​ സർക്കാരുകളും കാണണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOBLESS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.