SignIn
Kerala Kaumudi Online
Saturday, 27 April 2024 4.36 PM IST

യു.എസിന്റെ വേണ്ടാത്ത പ്രതികരണം

k

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇവിടെ നടക്കുന്ന ഓരോ നടപടികളെയും സംഭവങ്ങളെയും വിമർശിക്കാൻ മാദ്ധ്യമങ്ങൾക്കും; എന്തിന്,​ ഓരോ പൗരനും അവകാശമുണ്ട്. ഭരണഘടനാദത്തമായി ലഭിച്ചിരിക്കുന്നതാണ് ആ അവകാശം. അത് ഏറ്റവും നല്ല രീതിയിൽ നടന്നുവരികയും പാലിക്കപ്പെടുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നത് ലോകത്തിനു തന്നെ ബോദ്ധ്യമുള്ളതുമാണ്. പോരാതെ ഇന്ത്യയിൽ സ്വതന്ത്ര‌മായ ജുഡിഷ്യറി നിലനിൽക്കുകയും ചെയ്യുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ ഏതൊരു നടപടിയെയും ആർക്കും കോടതിയിൽ ചോദ്യം ചെയ്യാം. ഏതു കുറ്റത്തിനും ഇന്ത്യയിൽ അറസ്റ്റിലാകുന്നവർ അവരുടെ നിരപരാധിത്വം തെളിയിക്കാൻ കോടതികളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഏകാധിപത്യ സ്വഭാവമുള്ള മറ്റു പല രാജ്യങ്ങളുടെയും സ്ഥിതി അതല്ല.

എന്നാൽ,​ നമ്മുടെ അയൽ രാജ്യങ്ങളുടെ- പ്രത്യേകിച്ച്,​ ചൈനയുടെയും പാകിസ്ഥാന്റെയും സ്ഥിതി വ്യത്യസ്തമാണ്. പാകിസ്ഥാനിൽ അധികാരം നഷ്ടപ്പെട്ടാൽ ജയിൽവാസം എന്നതാണ് മുൻ പ്രധാനമന്ത്രിമാരുടെയും മറ്റും അവസ്ഥ. അതൊഴിവാക്കാൻ,​ അല്ലെങ്കിൽ അവർ രാജ്യംവിട്ടു പോകണം. ചൈനയിലാകട്ടെ ഭരണതലത്തിൽ പോലും ഉന്നത പദവി അലങ്കരിക്കുന്ന ചില വ്യക്തികളെ ഒരു സുപ്രഭാതത്തിൽ കാണാതാവുക ഇടയ്ക്കിടെ ആവർത്തിക്കുന്ന പ്രതിഭാസമാണ്. ചൈനീസ് ഭരണകൂടത്തെ ആ രാജ്യത്ത് ആരും പരസ്യമായി വിമർശിക്കാൻ തുനിയാറില്ല. ഇത്തരം സംഭവങ്ങൾക്കു നേരെ പ്രതികരിക്കാൻ കൂട്ടാക്കാത്ത അമേരിക്ക ഇപ്പോൾ ഇന്ത്യയിൽ നടന്ന കേജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിച്ചത് തികച്ചും അനൗചിത്യവും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര വിഷയത്തിലുള്ള ഇടപെടലുമായി തന്നെ കണക്കാക്കണം.

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട അഴിമതിയുടെ പേരിലാണ് ഡൽഹി മുഖ്യമന്ത്രി കേജ്‌‌രിവാൾ അറസ്റ്റിലായത്. അതിന്റെ ശരിയും തെറ്റുമൊക്കെ തീരുമാനിക്കാൻ ഈ രാജ്യത്ത് വിചാരണ കോടതിയും ഹൈക്കോടതിയും അതിനു മുകളിൽ സുപ്രീംകോടതിയുമുണ്ട്. ജയിലിൽ കഴിയുന്ന കേജ്‌രിവാൾ നീതിക്കായി ഡൽഹി ഹൈക്കോടതിയെയാണ് സമീപിച്ചിരിക്കുന്നത്. കേജ്‌‌രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തെ ഇവിടെ പ്രതിപക്ഷ കക്ഷികൾ നിശിതമായി വിമർശിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢനീക്കമാണ് ഇതെന്നും ചില കക്ഷികൾ ആരോപിക്കുന്നു. ആരും നിയമത്തിന് അതീതരല്ലെന്നും അഴിമതി നടത്തിയതിന്റെ രേഖകളും തെളിവുകളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്നുമാണ് ബി.ജെ.പി പറയുന്നത്. ഇതിന്റെ നിജസ്ഥിതി തെളിയിക്കപ്പെടേണ്ടത് കോടതികളിലാണ്. ആ നടപടികൾ തുടർന്നുകൊണ്ടുമിരിക്കുന്നു. തികച്ചും ഇന്ത്യയുടെ നാലതിരിനുള്ളിൽ നടക്കുന്ന ആഭ്യന്തര കാര്യങ്ങളാണ് ഇതൊക്ക. ഇതിൽ മറ്റൊരു രാജ്യം ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യുന്നത് ശരിയല്ലെന്നിരിക്കെ അമേരിക്ക വേണ്ടാത്ത പ്രതികരണമാണ് ഇക്കാര്യത്തിൽ നടത്തിയത്.

കേജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തകൾ നിരീക്ഷിക്കുകയാണെന്നും നീതിപൂർവകവും സുതാര്യവും സമയബന്ധിതവുമായ നിയമ നടപടികൾ കേജ്‌രിവാളിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മ‌െന്റ് വക്താവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതിനെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി പ്രതികരിക്കുകയും യു.എസ് എംബസിയിലെ ഉന്നത നയതന്ത്ര പദവിയിലുള്ള ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. നയതന്ത്രത്തിൽ ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെയും ആഭ്യന്തര വിഷയങ്ങളെയും മാനിക്കേണ്ടതുണ്ട്. നേരത്തേ അറസ്റ്റ് വിഷയത്തിൽ പ്രതികരിച്ച ജർമ്മനിയോടും ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ നടക്കാത്ത രാജ്യമൊന്നുമല്ല അമേരിക്ക. നടുറോഡിൽ ഒരു കറുത്ത വർഗക്കാരനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ മുട്ടമർത്തി കൊലപ്പെടുത്തിയ സംഭവം വേഗം മറക്കാനാവുന്നതല്ല. ഇന്ത്യയിൽ ഉണ്ടാകുന്ന സംഭവങ്ങളെ നേരിടാൻ ഇന്ത്യയ്ക്ക് കരുത്തും ശക്തിയുമുണ്ട്. അതിൽ തലയിടാൻ അമേരിക്ക വരേണ്ട.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: USVSINDIA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.