SignIn
Kerala Kaumudi Online
Saturday, 27 April 2024 2.19 PM IST

കള്ളവോട്ട്; കളങ്കം മായുമോ?

k

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും തീരാതെ കണ്ണൂരിന് കളങ്കം ചാർത്തുന്ന കള്ളവോട്ട് ആരോപണങ്ങൾക്ക് ഇക്കുറി അന്ത്യമുണ്ടാകുമോ?വോട്ടർ പട്ടിക കുറ്റമറ്റതാക്കിയും നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയും ബോധവത്കരണം നടത്തിയും രാഷ്ട്രീയകക്ഷികളെ വിശ്വാസത്തിലെടുത്തും വിവിധ പദ്ധതികളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ദൃശ്യങ്ങൾ പുറത്തുവിട്ടാണ് എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചത്. കണ്ണൂർ തളിപ്പറമ്പിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് സി.പി.എം പുറത്തുവിട്ടിരിക്കുന്നത്. യുഡിഎഫ് പ്രവർത്തകൻ ഒന്നിലേറെ തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണിത്. പിലാത്തറയിൽ വ്യാപക കള്ളവോട്ട് നടന്നുവെന്ന യു.ഡി.എഫ്. ആരോപണം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ച് റീ കൗണ്ടിംഗ് നടന്നിരുന്നു. കണ്ണൂരിൽ തിരഞ്ഞെടുപ്പിനു പിന്നാലെ ഓരോ തവണ കള്ളവോട്ട് ആരോപണം ഉയരുമ്പോഴും വോട്ടർമാരുടെ അഭിമാനവും വിശ്വാസ്യതയും ചോദ്യം ചെയ്യുകയാണെന്നായിരുന്നു പ്രതിസ്ഥാനത്തുള്ള രാഷ്ട്രീയ പാർട്ടികളുടെ കുറ്റപ്പെടുത്തൽ.


ഏരുവേശ്ശി

കള്ളവോട്ട് കേസ്

കണ്ണൂരിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച കള്ളവോട്ട് കേസായ ഏരുവേശ്ശി കള്ളവോട്ട് കേസ് ഇതിനകം കോടതി മാറ്റിവച്ചത് 68 തവണയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ ഏരുവേശ്ശി കെ.കെ.എൻ.എം.എ.യു.പി സ്‌കൂളിലെ 109ാം ബൂത്തിൽ സി.പി.എം 57 കള്ളവോട്ടുകൾ ചെയ്‌തെന്നാണ് കേസ്. ഏറ്റവും അവസാനം ഏപ്രിൽ 5ലേക്കാണ് മാറ്റിയത്. കള്ളവോട്ട് നടന്നെന്ന പേരിൽ 5 പോളിംഗ് ഉദ്യോഗസ്ഥർ പ്രതികളായ കേസാണിത്. തിരഞ്ഞെടുപ്പിൽ കെ.സുധാകരനെതിരെ പി.കെ.ശ്രീമതി 6,566 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.നാട്ടിൽ ഇല്ലാത്തവരുടെ വോട്ടുകൾ സിപിഎം പ്രവർത്തകർ ചെയ്‌തെന്നാണ് അന്നത്തെ കോൺഗ്രസ് ഏരുവേശ്ശി മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ പരാതി. ഇവരിൽ 7 പേർ ഗൾഫിലും 27 പേർ വിവിധ സംസ്ഥാനങ്ങളിലും 3 പേർ പട്ടാളത്തിലും ജോലി ചെയ്യുന്നവരാണ്.

തിരഞ്ഞെടുപ്പു ദിവസമായ 2014 ഏപ്രിൽ 10ന് വൈകിട്ട് തന്നെ ജോസഫ് കൊട്ടുകാപ്പള്ളി കുടിയാന്മല പൊലീസിൽ പരാതി നൽകി. കള്ളവോട്ട് ചെയ്തവരുടെ പട്ടിക തയാറാക്കി 13ന് രാവിലെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തു. എഫ്.ഐ.ആർ ഇട്ട് കേസെടുക്കാൻ കോടതി കുടിയാന്മല പൊലീസിനു നിർദ്ദേശം നൽകി. ബൂത്ത് ചുമതലയുള്ള അന്നത്തെ ബി.എൽ.ഒ ഉൾപ്പെടെ 25 പേർക്കെതിരെ പൊലീസ് അന്വേഷണം നടത്തി. ഇവരിൽ 19 പേർ കള്ളവോട്ട് ചെയ്തതായി പറയപ്പെടുന്ന സി.പി.എം പ്രവർത്തകരും 5 പേർ സഹായികളുമാണ്. എന്നാൽ, പാർട്ടി പ്രവർത്തകരെ ഒഴിവാക്കി ബി.എൽ.ഒയെ മാത്രം പ്രതിചേർത്താണ് കേസെടുത്തത്.വോട്ട് ചെയ്തതിനു തെളിവായി അടയാളപ്പെടുത്തിയ പട്ടികയുടെ മാർക്ക്ഡ് കോപ്പിയും പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ കയറുമ്പോൾ ഒപ്പിട്ട രജിസ്റ്ററും ഇല്ലാതെ നടപടിയെടുക്കാൻ കഴിയില്ലെന്നാണു പൊലീസ് നിലപാട്. ഇതിനെതിരെ 2015ൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ഈ രേഖകൾ കൈമാറാൻ 201 ൽ ജില്ലാ കളക്ടറോടും എസ്.പിയോടും കോടതി നിർദ്ദേശിച്ചു. നടപടിക്രമങ്ങൾ പാലിക്കാൻ വൈകിയതോടെ പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചു. ഇരു കോപ്പികളും ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തുടർന്നാണ് ബി.എൽ.ഒ ഉൾപ്പെടെ 5 ഉദ്യോഗസ്ഥരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.


കണ്ണുതുറന്ന്

കമ്മിഷൻ

കണ്ണൂർ, കാസർകോട് ജില്ലകളിൽ കള്ളവോട്ട് തടയാൻ കർശന നടപടിയാണ് ഇക്കുറി കമ്മിഷൻ സ്വീകരിക്കുന്നത്. ഈ വിഷയത്തിൽ ഹൈക്കോടതി നിർദ്ദേശവുമുണ്ട്. കള്ളവോട്ടും ആൾമാറാട്ടവും തടയാൻ നടപടി വേണമെന്നുള്ള ഒരുപറ്റം ഹർജികളിലാണ് ഹൈക്കോടതി നിർദ്ദേശം.
കള്ളവോട്ട് തടയാൻ കർശന നടപടി സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്നും തിരിച്ചറിയൽ കാർഡുകളുടെ പരിശോധന കാര്യക്ഷമമാക്കുമെന്നും കമ്മീഷൻ പറഞ്ഞു.
പ്രശ്‌നബാധിതമല്ലാത്ത ബൂത്തുകളിൽ സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടാൽ വീഡിയോ ചിത്രീകരണം നടത്തും. ഇതിനുള്ള ചെലവ് സ്ഥാനാർത്ഥികൾ വഹിക്കണം.


ഓപ്പൺവോട്ടുമായി
പാർട്ടികൾ


വിദേശത്തുള്ളവരുടെ വോട്ടാണ് പ്രധാനമായും കള്ളവോട്ടുകളായി രേഖപ്പെടുത്തുന്നത്. നടപടികൾ ശക്തമാക്കിയാൽ അത് നേരിടാൻ മറ്റൊരു തരത്തിൽ കള്ളവോട്ടിന്റെ ഗണത്തിൽപെടുത്താവുന്ന ഓപ്പൺവോട്ടിൽ ശ്രദ്ധയൂന്നാനാണ് അണികൾക്ക് നേതൃത്വം നൽകുന്ന നിർദ്ദേശം. വോട്ടർ നേരിട്ട് ചെയ്താൽ തങ്ങൾക്കു നഷ്ടമാകുമോ എന്ന് സംശയമുള്ള വോട്ടുകളെല്ലാം ഓപ്പൺവോട്ടുകളാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പിൽതന്നെ ഈ രീതി പലയിടത്തും പ്രകടമായിരുന്നു. സാധാരണ 50ൽ താഴെ മാത്രം ഓപ്പൺ വോട്ടുകൾ ഉണ്ടാകാറുള്ള പല ബൂത്തിലും ഓപ്പൺവോട്ടുകൾ നൂറു കടന്നിരുന്നു. മദ്ധ്യവയസു പിന്നിട്ടവരുടെ പോലും വോട്ടുകൾ ഓപ്പൺ വോട്ടാക്കിമാറ്റുകയാണ് ചെയ്യുന്നത്. പ്രാദേശിക പാർട്ടി പ്രവർത്തകരുടെ നിർബന്ധം എതിർക്കാനോ ചോദ്യം ചെയ്യാനോ കഴിയാതെ നിസ്സഹായതോടെ ഓപ്പൺവോട്ടിന് സമ്മതിക്കുന്നവരാണേറെയും. കണ്ണുകാണാത്തവരുടെയും ശാരീരിക അവശതയുള്ളവരുടെയും വോട്ടുകൾകൂടെ വരുന്ന സഹായി ചെയ്യുന്നതാണ് ഓപ്പൺവോട്ട് സമ്പ്രദായമെങ്കിലും ഇത് ഇക്കുറി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട്.

ഉദ്യോഗസ്ഥർക്ക്

സമ്മർദം

വോട്ടെടുപ്പ് പരാതിരഹിതമാക്കാൻ ഇത്തവണ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉദ്യോഗസ്ഥർക്ക് കടുത്ത സമ്മർദ്ദമുണ്ടാകും. പാർട്ടി ശക്തികേന്ദ്രങ്ങളിൽകള്ളവോട്ട് തടയാൻ ശ്രമിച്ചാലുള്ള ഭവിഷത്തുകളും തടഞ്ഞില്ലെങ്കിൽ നേരിടേണ്ടി വരുന്ന നിയമനടപടികളും ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നുണ്ട്.

തടവു

ശിക്ഷ

മറ്റൊരാളുടെ വോട്ട് ചെയ്യാൻ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നത് ജന പ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചും കുറ്റകരമാണ്. ഐ.പി.സി. 171 എഫ് അനുസരിച്ച് ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയിൽ നിന്ന് ഒഴിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട്ട് ചെയ്യാൻ ശ്രമിച്ചതെങ്കിൽ വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റർ ചെയ്യും.

ജാഗ്രത

വേണം

വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും വോട്ടേഴ്സ് ലിസറ്റിൽ പേരുള്ള മരിച്ച ആളുടേയും തിരിച്ചറിയൽ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാൽ നൽകരുത്. ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ നൽകിയ ആൾക്കെതിരെയും നടപടിയുണ്ടാവും. യഥാർത്ഥ വോട്ടർ തന്നെയാണ് വോട്ട് ചെയ്യുന്നതെന്ന് പോളിംഗ് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FRAUD VOTE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.