SignIn
Kerala Kaumudi Online
Tuesday, 30 April 2024 1.44 PM IST

റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കും, കേജ്‌രിവാളിന്റെ അറസ്‌റ്റിന് കാരണം കോൺഗ്രസ് എന്ന് മുഖ്യമന്ത്രി

pinarayi-vijayan

കോഴിക്കോട്: കാസർകോട് പഴയചൂരി പള്ളിയിലെ മദ്രസാദ്ധ്യാപകനായിരുന്ന റിയാസ്‌ മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി നിയമത്തിന്റെ എല്ലാ സാദ്ധ്യതകളും തേടുമെന്നും, അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേസിന്റെ നാൾ വഴികളും അദ്ദേഹം വിശദീകരിച്ചു.

''2017 മാർച്ച് 20ന് അർദ്ധരാത്രിയാണ് ജുമാ മസ്ജിദിനോട് ചേർന്നുള്ള വാസസ്ഥലത്ത് വച്ച് റിയാസ്‌ മൗലവി കൊല്ലപ്പെടുന്നത്. ബേക്കൽ കോസ്റ്റൽ സർക്കിൾ ഇൻസ്‌പെക്ടർ ആണ് ആദ്യം കേസന്വേഷണം നടത്തിയത്.

കാസർകോട് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. അന്ന് തന്നെ കേസന്വേഷണം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ഏൽപ്പിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി ഡോ. ശ്രീനിവാസൻ ഐ പി എസിന്റെ നേതൃത്വത്തിലുളള സംഘമാണ് പിന്നീട് കേസന്വേഷണം നടത്തിയത്. സംഭവം നടന്ന് 96 മണിക്കൂറുകൾ തികയും മുൻപ് തന്നെ മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ അന്ന് മുതൽ ഏഴു വർഷവും ഏഴു ദിവസവും അവർ വിചാരണത്തടവുകാരായി ജയിലിൽ കിടന്നു. പല ഘട്ടത്തിലും ജാമ്യത്തിന് വേണ്ടി ശ്രമിച്ചെങ്കിലും സർക്കാരിന്റെ കർക്കശമായ നിലപാട് മൂലം ജാമ്യം ലഭിച്ചതേ ഇല്ല. എൺപത്തിയഞ്ചാം ദിവസം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു.

കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യയുടെ രേഖാമൂലമുള്ള ആവശ്യ പ്രകാരം കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷകനും മികച്ച ക്രിമിനൽ അഭിഭാഷകരിൽ ഒരാളുമായ അഡ്വ. അശോകനെ 14/06/2017ൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു.

മതസ്‌പർദ്ധ വളർത്തുന്ന തരത്തിലുളള കുറ്റകൃത്യമാണ് നടന്നത് എന്ന് സർക്കാരിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 15.06.2017 ൽ ഐ പി സി 153 എ കുറ്റപത്രത്തിൽ ചേർക്കാനുളള സർക്കാർ അനുമതി പത്രം നൽകി. 97 സാക്ഷികളെയും 375 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 87 സാഹചര്യ തെളിവുകളും, 124 മേൽക്കോടതി ഉത്തരവുകളും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കി

2019 ൽ വിചാരണ നടപടികൾ തുടങ്ങി. 2023 മേയ് ഒന്നിന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അശോകൻ നിർഭാഗ്യവശാൽ മരണപ്പെട്ടു. വീണ്ടും ഭാര്യ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ, സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അശോകന്റെ സഹപ്രവർത്തകൻ കൂടിയായ കോഴിക്കോട്ടെ അഡ്വ. ടി ഷാജിത്തിനെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചു.

കേസന്വേഷണത്തിലും, വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും പുലർത്തിയത്. അതിൽ ഒരു ഘട്ടത്തിലും ആരും പരാതി പറഞ്ഞിട്ടില്ല. അവരുടെ ആത്മർത്ഥയേയും അർപ്പണബോധത്തെയും കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ട്.

വിധി വന്നതിന് ശേഷവും സർക്കാർ ഈ കേസിൽ പുലർത്തിയ ജാഗ്രതയും ആത്മാർത്ഥയും അർപ്പബോധവും ആ കുടുംബം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട് എന്നത് കാണാതിരിക്കാനാവില്ല.
കേസ് അന്വേഷണത്തിലോ നടത്തിപ്പിലോ ഒരു തരത്തിലുമുള്ള അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ല.

എന്നാൽ ഇത്രയധികം തെളിവുകളും ശാസ്ത്രീയപരിശോധനാഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും കേസിലെ വിധിന്യായം പ്രോസിക്യൂഷന്റെ കണ്ടെത്തലുകൾ ശരിവെച്ചില്ല. ഇത് സമൂഹത്തിൽ വല്ലാത്ത ഞെട്ടലുളവാക്കിയിട്ടുണ്ട്. റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടും. അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മതവിദ്വേഷത്തിന്റെ ഭാഗമായി മനുഷ്യരെ കൊല്ലുന്ന രീതി എന്തു വിലകൊടുത്തും അവസാനിപ്പിക്കുക തന്നെ വേണം. ഇവിടെ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ ഇടപെടലും നടപടികളും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി''.

എന്തുകൊണ്ട് യു എ പി എ ചുമത്തിയില്ല?

''ഐ പി സി 153 എ പ്രകാരമുള്ള കുറ്റം പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വ്യത്യസ്ത ജന വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുക വഴി കലാപമുണ്ടാക്കാൻ ശ്രമം നടത്തുന്നവരെ നിയമത്തിനു മുന്നിലെത്തിക്കുന്ന വകുപ്പാണത്.


അറസ്റ്റിലായ ശേഷം പ്രതികൾ ജാമ്യം ലഭിക്കാതെ 7 വർഷവും 7 ദിവസവും കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. യു എ പി എ ചുമത്താനുള്ള അപേക്ഷ ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ വിചാരക്കോടതിയുടെ തീർപ്പിന് വിട്ടതാണ്. യു എ പി എ നിയമത്തെ അനുകൂലിക്കുന്നവരിൽ നിന്നാണോ ഇപ്പോഴത്തെ വിമർശനം എന്നത് പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി''.

കേജ്‌രിവാളിന്റെ അറസ്‌റ്റിന് കാരണമായത് കോൺഗ്രസ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്‌റ്റിന് കാരണം കോൺഗ്രസ് ആണെന്ന് പിണറായി വിജയൻ ആരോപിച്ചു. അരവിന്ദ് കേജ്‌രിവാളിനെതിരെ ആരോപണം ഉന്നയിച്ചത് കോൺഗ്രസാണ്. ഇ.ഡിയുടെ ഇടപെടലിനു വഴിവച്ചതു കോൺഗ്രസ് നീക്കം കാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

''ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യാ സഖ്യത്തിന്റെ റാലിക്കു താങ്ങാവുന്നതിലും കൂടുതൽ ആളുകൾ വന്നു. കോൺഗ്രസും ഇതിൽനിന്ന് പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. മറ്റു പാർട്ടികളെ വേട്ടയാടുമ്പോൾ ബിജെപിക്കൊപ്പമാണ് കോൺഗ്രസ് നിൽക്കുന്നത്. കോൺഗ്രസാണ് മദ്യനയത്തിനെതിരെ കേസ് ഫയൽ ചെയ്തത്. അത് ഇ.ഡിക്കു കടന്നുവരാൻ വഴിയൊരുക്കി. ഇപ്പോൾ കോൺഗ്രസ് സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. റാലിയിൽ കോൺഗ്രസിന്റെ എല്ലാ മുതിർന്ന നേതാക്കളും പങ്കെടുത്തതും നല്ല കാര്യം.

അശോക് ചവാന്റെ കാര്യം രാഹുൽ ഗാന്ധി തന്നെയാണ് വിളിച്ചു പറഞ്ഞത്. കോൺഗ്രസിന്റെ വളരെ പ്രധാനപ്പെട്ട നേതാവ് തന്നെ പാർട്ടിവിട്ടു പോകുന്നത് അംഗീകരിക്കാൻ സാധിക്കില്ല. രാജ്യതാൽപര്യം മുൻനിർത്തിയാണ് പ്രവർത്തിക്കേണ്ടത്. ആർഎസ്എസ് അജൻഡ നടപ്പാക്കുകയാണ് ബിജെപി. വർഗീയതയെ എതിർത്തുകൊണ്ടു മാത്രമേ മതനിരപേക്ഷത നിലനിർത്താനാകൂ. അസമിൽ പൗരത്വ നിയമം നടപ്പാക്കിയപ്പോൾ 19 ലക്ഷം പേർക്കു പൗരത്വം നഷ്ടമായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിലപപാട് പരിഹാസ്യമാണ്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ഉന്നതനായ നേതാവാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ നേരിടാനാണ് രാഹുൽ വരുന്നതെന്നു പറയാൻ സാധിക്കുമോ? ഇവിടെ എൽഡിഎഫാണല്ലോ പ്രധാന എതിർകക്ഷി. അപ്പോൾ രാഹുൽ ആരെ നേരിടാനാണ് വരുന്നത്? ആനി രാജ മണിപ്പൂരിന്റെ കാര്യത്തിൽ രാജ്യദ്രോഹിയായി മാറ്റപ്പെട്ടു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിന്റെ അനൗചിത്യം രാജ്യം ചർച്ച ചെയ്തതാണ്''– മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN, RIYAS MAULAVI, INDIA ALLIANCE, RAHUL GANDHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.