SignIn
Kerala Kaumudi Online
Sunday, 01 September 2024 9.42 AM IST

അസാധാരണമായ അടി

Increase Font Size Decrease Font Size Print Page

uy

ത്തനംതിട്ടയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിലെ ത്രികോണപ്പോര് കടുക്കുകയാണ്. യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമെത്തിയെന്ന് പുറമേ പറയാമെങ്കിലും മുന്നിൽ എൽ.ഡി.എഫാണ്. സി.പി.എമ്മിന്റെ സംഘടനാ രീതി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നതാണ്. അതുകൊണ്ട് എപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സ്വിച്ചിട്ട പോലെ കളത്തിലറങ്ങും. പത്തനംതിട്ടയിൽ തിരഞ്ഞെട‌ുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാണ്ട് ഒരു വർഷം മുൻപേ രംഗത്തിറങ്ങി പൾസ് മനസിലാക്കിയത് എൽ.ഡി.എഫിന്റെ ഡോ. തോമസ് ഐസക്കാണ്. അദ്ദേഹം ശാസ്ത്രജ്ഞനാണ്. മിസൈലുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന വിഭാഗത്തിലെ ആളല്ല. സാമ്പത്തികമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും രാഷ്ട്രീയത്തിൽ ഉന്നം പിഴയ്ക്കാത്ത തന്ത്രശാലിയാണ്.

വോട്ടർമാരെ കൈയിലെടുക്കാൻ പുതിയ പരീക്ഷണവുമായി ഇറങ്ങിയ ശാസ്ത്രജ്ഞന്റെ ബുദ്ധിയിൽ ഉദിച്ചതാണ് മൈഗ്രേഷൻ കോൺക്ളേവും വിജ്ഞാന പത്തനംതിട്ടയും. പ്രവാസികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് രണ്ട് പദ്ധതികളുമായി അദ്ദേഹം പത്തനംതിട്ടയിലെത്തിയത്. പാർട്ടിയും എൽ.ഡി.എഫും അദ്ദേഹത്തിന് ഒപ്പമുണ്ട്. പ്രചാരണത്തിലെ താത്വികവും പ്രായോഗികവുമായ അവലോകനം രണ്ടു ദിവസം കൂടുമ്പോൾ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിൽ നടക്കും. അങ്ങനെയൊരു യോഗത്തിൽ അസാധാരണമായ ഒരു സംഭവം കണ്ട് പാർട്ടി അണികൾ മാത്രമല്ല, പൊതുജനങ്ങളും ഞെട്ടിപ്പോയി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന രണ്ട് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ യോഗത്തിൽ ഏറ്റുമുട്ടി. ഒരു അംഗം മറ്റേ അംഗത്തെ കഴുത്തിന് പിടിച്ചു തള്ളിയെന്നും അതല്ല, അടിച്ച് നിലത്തിട്ടെന്നും അഭ്യൂഹങ്ങളും വാർത്തകളും പ്രചരിച്ചു.

എന്താണ് നമ്മുടെ പാർട്ടിക്ക് സംഭവിച്ചതെന്ന് ലളിതമായി ഭാഷയിൽ പറഞ്ഞു തരാമോയെന്ന് സന്ദേശം സിനിമയിലെ ഡയലോഗ് പോലെ പാർട്ടി പ്രവർത്തകർ ഇപ്പോഴും നേതാക്കളോട് ചോദിക്കുന്നുണ്ട്. ആർക്കും വ്യക്തമായ ഉത്തരമില്ല. വാർത്തകൾ പുറത്തുവന്നയുടൻ താത്വിക മറുപടിയുമായി പാർട്ടി ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു വാർത്താസമ്മേളനം നടത്തി. നേതക്കാൾ തമ്മിലടിച്ചുവെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അസത്യം പ്രചരിപ്പിച്ച മാദ്ധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും അദ്ദേഹം കണ്ണുരുട്ടി പറഞ്ഞു.

തമ്മിലടിച്ചുവെന്ന് പറയപ്പെടുന്ന നേതാക്കളെ ഇടത്തും വലത്തും ഇരുത്തിയായിരുന്നു വാർത്താസമ്മേളനം. തല്ലിയെന്ന് ആരോപണം കേട്ട നേതാവ് താൻ തല്ലിയില്ലെന്നും തല്ലു കൊണ്ട നേതാവ് കൊണ്ടിട്ടില്ലെന്നും പറഞ്ഞ് വാർത്തകൾ നിഷേധിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പറഞ്ഞതനുസരിച്ച് മാനനഷ്ടക്കേസ് കൊടുത്താൽ ആദ്യം കുടുങ്ങന്നത് ആരാകുമെന്ന സന്ദേഹം അന്തരീക്ഷത്തിലുണ്ട്. രാത്രി പത്തു മണിയോടെ അവസാനിച്ച പാർട്ടി അവലോകന യോഗത്തിൽ നടന്ന ചർച്ചകളും സംഘർഷവും എല്ലാ മാദ്ധ്യമങ്ങളും റിപ്പോർട്ടു ചെയ്തു. ജില്ലാ സെക്രട്ടറിയുടെ നിഷേധ പ്രസ്താവന നൽകുന്ന സൂചന പത്തനംതിട്ടയിൽ ഒരു മാദ്ധ്യമ സിൻഡിക്കേറ്റ് ഇടതു സ്ഥാനാർത്ഥി തോമസ് ഐസക്കിനെ തോൽപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുന്നുവെന്നാണ്.

പണ്ട്, പാർട്ടിയിൽ പിണറായി - വി.എസ് വിഭാഗീയത രൂക്ഷമായിരുന്നപ്പോൾ വി.എസിനു വേണ്ടി മാദ്ധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് പിണറായി വിഭാഗം ആരോപിച്ചിരുന്നു. ആ സിൻഡിക്കേറ്റ് ആരും ഉണ്ടാക്കിയതല്ല. പാർട്ടി യോഗത്തിലെ ചർച്ചയും തർക്കവും വാക് പോരും മാദ്ധ്യമ പ്രവർത്തകരിലേക്ക് എത്തിക്കുന്നതിന് ഒരു സിൻഡിക്കേറ്റ് സി.പി.എമ്മിൽ പ്രവർത്തിച്ചിരുന്നുവെന്ന പരമമായ സത്യത്തെ പുറത്തു പറയാനാകാതെ മാദ്ധ്യമങ്ങളുടെ തലയിൽ ചാരുകയായിരുന്നു. പാർട്ടിയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടായ വാക്പോരും ഉന്തും തള്ളും ഇങ്ങനെയൊരു സിൻഡിക്കേറ്റ് പുറത്തുവിട്ടപ്പോൾ വാർത്തകളായതാകാം.

സി.പി.എം എന്ന കേഡർ പാർട്ടിക്കുളളിൽ നടക്കുന്ന ചർച്ചകളും തർക്കങ്ങളും മാത്രമല്ല അടി നടന്നാൽ തന്നെ അത് പുറത്തുപോകാതിരിക്കാനുള്ള അച്ചടക്കം ശീലിച്ചവരാണ് നേതാക്കളും പ്രവർത്തകരും. ജില്ലാ സെക്രട്ടറിയേറ്റിലെ രണ്ട് മുതിർന്ന അംഗങ്ങൾ തമ്മിൽ കയ്യാങ്കളി വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അടൂരിൽ വലിയ വീഴ്ച ഉണ്ടായതയായി ആറൻമുള നിയമസഭാ മണ്ഡലത്തിന്റെ ചുമതലയുള്ള ഒരംഗം യോഗത്തിൽ ആരോപിച്ചു. ഇതു നിഷേധിച്ച അടൂരിലെ പ്രതിനിധി ഏറ്റവും മികച്ച പ്രവർത്തനം നടക്കുന്നത് അടൂരിലാണെന്നു വാദിച്ചു. ആറൻമുള മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പോലും തുറക്കാനായില്ലെന്ന് അദ്ദേഹം ഒന്ന് കുത്തിപ്പറയുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിശ്വസനീയമായ വിവരം.

പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവം കേരളമാകെ ചർച്ചയായി. യോഗത്തിൽ തല്ലുണ്ടാക്കിയവർക്കെതിരെ ശക്തമായ നടപടി തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകുമെന്ന് എ.കെ.ജി സെന്ററിൽ നിന്ന് അറിയിപ്പ് വന്നു. ബഹളത്താേളമെത്തിയ തർക്കം എന്നാണ് സംഭത്തെപ്പറ്റി യോഗത്തിലുണ്ടായിരുന്ന മന്ത്രി വി.എൻ വാസവൻ പറഞ്ഞത്. സഖാവ് അത്രയും പറയണമെങ്കിൽ അതിലപ്പുറം നടന്നതുകൊണ്ടായിരിക്കണം. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വളരെയേറെ മുന്നേറിയ എൽ.ഡി.എഫ് രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് കടന്നപ്പോൾ സംഭവത്തിന്റെ ക്ഷീണം മാറ്റാനായെന്നത് ആശ്വാസം.

പുസ്തകവും

പൂവും മതി

തോമസ് ഐസക്ക് വ്യത്യസ്തനായ സ്ഥാനാർത്ഥിയാണ്. മണ്ഡല പര്യടനം തുടങ്ങിയ അദ്ദേഹം പ്രവർത്തകരിൽ നിന്ന് വാങ്ങുന്നത് ഒരു പൂവും പുസ്തകവുമാണ്. കിട്ടുന്ന പുസ്തകങ്ങൾ ലൈബ്രറികൾക്ക് നൽകാനാണ് തീരുമാനം. മുണ്ടോ തോർത്തോ തന്നാൽ അത് അഗതി മന്ദിരങ്ങൾ കൈമാറും. ചുരുക്കത്തിൽ, വിലപിടിപ്പുള്ള ഒരു സാധനവും തനിക്ക് വേണ്ടെന്ന സന്ദേശമാണ് സ്ഥാനാർത്ഥി നൽകുന്നത്. മുൻ മന്ത്രിയും കുടുംബശ്രീ സ്ഥാപകരിലൊരാളുമായ തോമസ് ഐസക്കിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത് ലഭിച്ചു.

സർക്കാർ സംരംഭമായ കുടുംബശ്രീയുടെ യോഗങ്ങളിൽ തോമസ് ഐസക്ക് പങ്കെടുക്കുന്നതിനെതിരെ യു.ഡി.എഫ് നൽകിയ പരാതിയിലാണ് കമ്മിഷന്റെ താക്കീത്. ഇനി ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമായി കണ്ട് നടപടി നേരിടേണ്ടിവരുമെന്നാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. അതേസമയം, തന്റെ കൂടി പങ്കാളിത്തത്തോടെ തുടങ്ങിയ കുടുംബശ്രീ സംരംഭങ്ങളുടെ യോഗത്തിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിലപാട്. കമ്മിഷന്റെ റൂളിംഗ് വന്നതോടെ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LDF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.