SignIn
Kerala Kaumudi Online
Saturday, 27 July 2024 9.59 AM IST

പ്രയോജനപ്പെടുത്താം മഴവെള്ള സംഭരണ സാദ്ധ്യതകൾ

f

കേരളത്തിലെ പ്രഥമവും പ്രധാനവുമായ ജലസ്രോതസ് മഴയാണ്. എന്നാൽ മഴ അധികം ലഭിക്കുന്ന സംസ്ഥാനത്ത് കുറച്ച് നാളുകളായി ജലക്ഷാമം രൂക്ഷമാണ്. ഈ വരൾച്ചക്കാലത്ത് ജലക്ഷാമം ഉണ്ടാകാതിരിക്കുവാൻ നാം വിചാരിച്ചാൽ കഴിയും. ആയിരം ചതുരശ്രടി വിസ്തീർണ്ണമുള്ള ഒരു പുരപ്പുറത്തുനിന്ന് മൂന്നു ലക്ഷം മുതൽ അഞ്ച് ലക്ഷം ലിറ്റർ വരെ മഴ വർഷം തോറും ലഭിക്കും. മഴയുടെ വസന്തകാലത്തെ മഴവെള്ളം ക്ഷാമകാലത്തേക്ക് ശേഖരിച്ചു സൂക്ഷിക്കുക എന്ന കാഴ്ചപ്പാടിലാണ് മഴകൊയ്ത്ത് എന്ന പ്രയോഗം വന്നത്. ഒരു ഹെക്ടർ ഭൂമിയിൽ ഒരു കോടി അറുപതു ലക്ഷം ലിറ്റർ മഴ വർഷം തോറും ലഭിക്കുന്നു. പത്ത് സെന്റ് വയൽ ഒരു ലക്ഷത്തി അറുപതിനായിരം ലിറ്റർ മഴയെ ഉൾക്കൊള്ളുന്നതാണ്. കാടും കാവും വയലും കുളവും കിണറും നദിയുമെല്ലാം ധാരാളം മഴവെള്ളത്തെ ദീർഘകാലം കരുതിവയ്ക്കും. മഴവെള്ള സംഭരണത്തെ രണ്ട് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേൽക്കൂര, ഭൂതല മഴവെള്ള സംഭരണം.

മേൽക്കൂര മഴവെള്ള

സംഭരണം

പുരപ്പുറങ്ങളിൽ പതിക്കുന്ന മഴവെള്ളം പൈപ്പുകൾ, ഓടിട്ട കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന പാത്തികൾ എന്നിവയുടെ സഹായത്താൽ നേരിട്ട് സംഭരിക്കുന്ന രീതിയെ മേൽക്കൂര മഴവെള്ള സംഭരണം എന്ന് പറയുന്നു. കേരളത്തിൽ നല്ല മഴയും ഒരു കോടി ഇരുപതു ലക്ഷം കെട്ടിടങ്ങളുമുള്ളതിനാൽ ഇതിന്റെ സാദ്ധ്യത വലുതാണ്. വീടുകളിലെ പുരപ്പുറങ്ങളിൽ നിന്നും താഴേക്ക് മഴവെള്ളം എത്തിക്കുവാൻ പൈപ്പുകളുണ്ടാകും. ഓടിട്ടതും ചരിഞ്ഞതുമായ മേൽക്കൂരയുള്ള കെട്ടിടങ്ങളിൽ മഴപാത്തികൾ ഘടിപ്പിക്കണം. പി.വി.സി. മഴപാത്തികൾ, മുള, തകിട്, സ്റ്റീൽ എന്നിവയും ഉപയോഗിക്കാവുന്നതാണ്.

പൈപ്പുകൾ, പാത്തികൾ എന്നിവയിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളത്തെ ഫിൽറ്റർ സംവിധാനത്തിലൂടെ ശുദ്ധീകരിക്കാം. മുക്കാൽ ഇഞ്ച് മെറ്റൽ, ചിരട്ടക്കരി, മണൽ എന്നിവയാണ് ഫിൽട്ടർ മീഡിയയായി ഉപയോഗിക്കുന്നത്. നൂറു മുതൽ അഞ്ഞൂറു ലിറ്റർ വരെ വെള്ളം ഉൾക്കൊള്ളുന്ന ഫൈബർ ടാങ്കുകൾ, വലിയ തൊട്ടികൾ, ബക്കറ്റുകൾ, സിമന്റ് ടാങ്കുകൾ, റിംഗുകൾ തുടങ്ങിയവയിൽ ഫിൽറ്റർ സംവിധാനം തയ്യാറാക്കാം.
മഴ ടാങ്കുകൾ പൂർണ്ണമായും ഭൂമിയിലെ തറനിരപ്പിന് മുകളിലോ, ഭൂമിക്കടിയിലോ നിർമ്മിക്കാം. അതുപോലെ ഭാഗികമായി തറനിരപ്പിന് താഴെയും മുകളിലുമായും ടാങ്കുകൾ നിർമ്മിക്കാറുണ്ട്. ചിത്തൻമെഷ്, വെൽഡ് മെഷ്, സിമന്റ്, മണൽ എന്നിവ ഉപയോഗിച്ചുള്ള ഫെറോസിമന്റ് സാങ്കേതിക രീതിയിൽ മഴവെള്ള ടാങ്കുകൾ നിർമ്മിച്ചാൽ ചെലവും കുറവായിരിക്കും. ഒരാളിന് ഇരുപത് ലിറ്റർ കണക്കിൽ അഞ്ചംഗ കുടുംബത്തിന് നൂറു ലിറ്റർ മഴവെള്ളമാണ് ഒരു ദിവസം കുടിക്കാനുൾപ്പെടെ കണക്കാക്കിയിട്ടുള്ളത്. നൂറുദിവസം വേനൽക്കാലമുണ്ടാകുമെന്ന് കണക്കാക്കി ഒരു ദിവസത്തേക്ക് നൂറുലിറ്റർ വെള്ളം ക്രമത്തിൽ പതിനായിരം ലിറ്റർ മഴവെള്ളമുൾക്കൊള്ളുന്ന ടാങ്കാണ് സാധാരണ വേണ്ടത്. കൂടുതൽ ജലാവശ്യമെങ്കിൽ ടാങ്കിന്റെ ശേഷി കൂടിയതായിരിക്കണം. ഒരു ലിറ്ററിന് അഞ്ചു മുതൽ ആറു രൂപവരെയാണ് നിർമ്മാണ ചെലവ്.
കാർഷെഡിന്റെ അടിവശം, പൂന്തോട്ടത്തിന്റെ ഉൾഭാഗം, വീടുകളിലെ റൂമുകൾക്ക് ഉൾവശം എന്നിവിടങ്ങളിൽ മഴവെള്ളം സംഭരിച്ച് ഉപയോഗിക്കുന്നുണ്ട്. പള്ളിയുടെ പ്രാർത്ഥനാ ഹാൾ, സ്‌കൂൾ അസംബ്ലി ഗ്രൗണ്ട് എന്നിവയിലൂടെ അടിവശത്തും മഴടാങ്കുകൾ പണിതിട്ടുള്ള സ്ഥലങ്ങളുണ്ട്. ടാങ്കുകളിലെ ഓവർഫ്‌ളോ പൈപ്പിലൂടെ പുറത്തേക്ക് വരുന്ന മഴവെള്ളത്തെ കിണറുകളിലും മണ്ണിലും കടത്തിവിടാവുന്നതാണ്. മേൽക്കൂര പൈപ്പുകൾ, പാത്തികൾ, ഫിൽറ്റർ യൂണിറ്റ്, മഴടാങ്ക്, ഫസ്റ്റ് ഫ്ളഷ് പൈപ്പ് ഓവർഫ്‌ളോ പൈപ്പ് എന്നിവയാണ് പ്രധാന ഘടകങ്ങൾ.

ഭൂതല മഴവെള്ള

സംഭരണം


മഴവെള്ളത്തെ മണ്ണിലും വിവിധ ജലസ്രോതസുകളിലും ശേഖരിക്കുന്നതാണ് ഭൂതല മഴവെള്ള സംഭരണം. കേരളത്തിൽ ഒരു കോടിയോളം തുറന്ന കിണറുകളുണ്ട്. കെട്ടിടങ്ങളും കിണറുകളും ധാരാളമുള്ളതുകൊണ്ട് മഴവെള്ളം ഉപയോഗിച്ചുള്ള കിണർ നിറ മറ്റൊരു സാദ്ധ്യതയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് സമ്പൂർണ്ണമായും കിണർ നിറ ചെയ്യാവുന്നതാണ്. ശരാശരി പതിനായിരം രൂപകൊണ്ട് കിണർ നിറക്കാവശ്യമായ ഘടകങ്ങൾ ചെയ്യാം. തൊഴിലുറപ്പ് പദ്ധതിയിൽ സബ്സിഡി ലഭ്യമാണ്. കിണറുകൾക്കു സമീപം അഞ്ചു മുതൽ പത്ത് മീറ്റർ വരെ മാറി ഒരു മീറ്റർ വിസ്തൃതിയിൽ കുഴിയെടുത്തശേഷം മഴവെള്ളത്തെ പുരപ്പുറങ്ങളിൽ നിന്നും കുഴിയിൽ നിറക്കാവുന്നതാണ്. മഴവെള്ളം മണ്ണിലൂടെ ഊർന്നിറങ്ങി കിണറുകളിലെ ജലനിരപ്പ് വർദ്ധിപ്പിക്കും. മഴക്കുഴികൾ, കല്ലുകയ്യാലകൾ, മൺകയ്യാലകൾ, തിരണകൾ, വലിയ ട്രഞ്ചുകൾ, തടയണകൾ, അടിയണകൾ, വി.സി.ബികൾ തുടങ്ങിയ രീതികൾ മുന്നിലുണ്ട്.

കെട്ടിടങ്ങളുടെ മുറ്റവും വശങ്ങളും സിമന്റിട്ടിട്ടുണ്ടെങ്കിൽ ഒരു മീറ്റർ വിസ്തൃതിയിൽ ഒരു ചെറിയ കുഴിയെടുത്ത് മഴവെള്ളത്തെ ഭൂജലമാക്കി മാറ്റാവുന്നതാണ്. കുഴിയുടെ മുകൾഭാഗം ഗ്രില്ലുകളുള്ള സ്ലാബ്‌ കൊണ്ട് അടക്കുന്നതും നല്ലതാണ്. ഗ്രില്ലറകളിലൂടെ തറയിൽ വീഴുന്ന മഴവെള്ളം ഭൂമിക്കടിയിലേക്ക് പോകും. വെള്ളക്കെട്ട്,​ വെള്ളപ്പൊക്കം എന്നിവ ഒഴിവാക്കാനും ഇത് പ്രയോജനകരമാണ്. രാമച്ചം, സുബാബുകൾ, പയർ ചെടികൾ, ചെമ്പരത്തി, ശീമകൊന്ന എന്നിവ ഉപയോഗിച്ച് മണ്ണിനെ പുതപ്പിക്കുന്നതും നല്ലതാണ്. ധാരാളം മഴവെള്ളം മണ്ണിൽ കരുതുവാൻ ഇത് നല്ലതാണ്.

2004 മുതൽ കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ ഭൂരിഭാഗമായി പുതിയ കെട്ടിടങ്ങൾക്ക് മഴവെള്ള സംഭരണ നിയമം ബാധകമാണ്. ഇരുപതു വർഷം കഴിയുമ്പോൾ എത്ര പുതിയ കെട്ടിടങ്ങൾക്ക് ഈ സംവിധാനമുണ്ടെന്ന് പരിശോധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ പ്ലാനിൽ ഇത് കാണും. എന്നാൽ നടപ്പാക്കുന്നില്ല. അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധ ഇതിലുണ്ടാവണം. ഇതിനുവേണ്ടി ഒരു മൊബൈൽ ആപ്പ് സജ്ജമാക്കി മഴവെള്ള സംഭരണമാർഗ്ഗം ടാഗ് ചെയ്യുന്ന സംവിധാനം ആവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.