SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.02 PM IST

പിടിക്കാനും കാക്കാനും ആലത്തൂർ 'കോട്ട'

g

കർഷകരുടെയും കർഷക തൊഴിലാളികളുടെയും നിർണ്ണായക വോട്ടുകളുള്ള ആലത്തൂർ പിടിക്കാൻ എൽ.ഡി.എഫും കാക്കാൻ യു.ഡി.എഫും കനത്ത പോരാട്ടത്തിൽ. മികച്ച പ്രകടനം കാഴ്ച വച്ച് സാന്നിദ്ധ്യമറിയിക്കാൻ എൻ.ഡി.എ. കഴിഞ്ഞ തവണ കൈവിട്ട ചെങ്കോട്ട പിടിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് എൽ.ഡി.എഫ്. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രത്തിൽ കഴിഞ്ഞതവണ കോൺഗ്രസിലെ രമ്യ ഹരിദാസാണ് വെന്നിക്കൊടി പാറിച്ചത്. കോഴിക്കോട് കുന്ദമംഗലം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് രമ്യ ആലത്തൂരിലെത്തി 1,58,968 വോട്ടിന്റെ ഭൂരിപക്ഷത്തിന് സി.പി.എമ്മിലെ പി.കെ.ബിജുവിനെ തറപറ്റിച്ചത്. ഇടതു ക്യാമ്പിനെ തെല്ലൊന്നുമല്ല, അത് ഞെട്ടിച്ചത്.

2008-ൽ മണ്ഡല രൂപീകരണ ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ (2009, 2014) ബിജുവാണ് ജയിച്ചത്. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുണ്ടായിട്ടും അന്ന് വീശിയ യു.ഡി.എഫ് അനുകൂല കാറ്റ് ആലത്തൂരിനെയും കീഴടക്കി. ബിജുവിനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിലുള്ള പ്രവർത്തകരുടെയും പ്രാദേശിക നേതാക്കളുടെയും എതിർപ്പും വിനയായി. മണ്ഡലത്തിലെ പരിപാടികളിൽ ബിജു സജീവമായില്ലത്രേ. മണ്ഡലം പരിധിയിലുള്ളയാളെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവും അവഗണിച്ചു. രമ്യയുടെ യുവത്വം, സാധാരണക്കാരിയെന്ന പരിവേഷം, ഗായിക എന്നിവ വോട്ടർമാരിൽ സ്വാധീനമുണ്ടാക്കി. രമ്യ ജയിച്ചു.
കഴിഞ്ഞ തവണത്തെ തെറ്റ് തിരുത്തി, മണ്ഡലം തിരിച്ചുപിടിക്കാനാണ് ഇത്തവണ എൽ.ഡി.എഫിന്റെ ശ്രമം. ഇതിനാണ് മണ്ഡലത്തിലുൾപ്പെട്ട ചേലക്കരക്കാരൻ കെ. രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയത്. ജനകീയൻ, പക്വമതി, മന്ത്രി, മുൻ സ്പീക്കർ, തിരഞ്ഞെടുപ്പിൽ ഇതുവരെ തോറ്റിട്ടില്ലാത്തയാൾ ഇതൊക്കെയാണ് പാർട്ടി പരിഗണിച്ചത്. നെഗറ്റീവ് ഘടകങ്ങളും കുറവ്. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തോടെ പാർട്ടിപ്രവർത്തകരിലും ഉണർവുണ്ട്. കഴിഞ്ഞതവണ ബി.ഡി.ജെ.എസിലെ ടി.വി.ബാബു എൻ.ഡി.എക്കായി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ഇപ്രാവശ്യം വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ടി.എൻ.സരസുവാണ് എൻ.ഡി.എയ്ക്കായി മത്സരിക്കുന്നത്. സർവ്വീസിൽ നിന്ന് ഡോ.സരസു വിരമിച്ച ദിവസം എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതീകാത്മക കുഴിമാടം ഒരുക്കിയത് അന്ന് വലിയ വിവാദമായിരുന്നു.

വിനയാകുമോ

വെടിക്കെട്ട് ?

ചില പ്രാദേശിക കാര്യങ്ങളിൽ രാധാകൃഷ്ണനോട് ജനങ്ങൾക്ക് വിയോജിപ്പുണ്ട്. ചേലക്കര അന്തിമഹാകാളൻ കാവിൽ വെടിക്കെട്ട് അനുമതി ലഭിക്കാത്തതിൽ സ്ത്രീകൾ ഉൾപ്പെടെ ഒരു വിഭാഗം അസംതൃപ്തരാണ്. ദേശക്കമ്മിറ്റിയും കോൺഗ്രസുകാരും അദ്ദേഹത്തിനെതിരെ രംഗത്തും വന്നു. അനുമതിക്ക് മന്ത്രി ശ്രമിച്ചില്ലെന്നാണ് ആക്ഷേപം. അതേസമയം കാവശ്ശേരി, ഉത്രാളിക്കാവ് പൂരങ്ങൾക്ക് അനുമതിയും ലഭിച്ചു. ആചാരങ്ങൾ സംരക്ഷിക്കാത്തതിനെ വിമർശിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ രംഗത്തെത്തി. അവരുടെ ഫണ്ടിൽ നിന്ന് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് ചിലയിടങ്ങളിൽ സ്ഥാപിക്കാൻ എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ ശ്രമിച്ചില്ലെന്നതും ചർച്ചയായി. സംസ്ഥാന ഭരണം സംബന്ധിച്ച വിലയിരുത്തൽ അടിയൊഴുക്കാകുമോ എന്ന ആശങ്കയുമുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധി, സർക്കാർ ജീവനക്കാരുടെ ശമ്പളം, ക്ഷേമ പെൻഷൻ വിതരണം എന്നിവ വോട്ടിംഗിനെ ബാധിക്കില്ലെന്നാണ് സി.പി.എമ്മിന്റെ വാദം.

പാട്ടുംപാടി

ജയിക്കുമോ?

കഴിഞ്ഞ തവണത്തേത് പോലെ പാട്ടുപാടിയാണ് ഇത്തവണയും രമ്യ ഹരിദാസ് എം.പിയുടെ പ്രചാരണം. സിറ്റിംഗ് എം.പിമാരെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് മുതൽ പ്രചാരണം തുടങ്ങിയെങ്കിലും ഫണ്ടില്ലാത്ത പ്രശ്‌നമുണ്ട്. പ്രാദേശികമായാണ് പണം സമാഹരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കമുള്ള പ്രദേശങ്ങളിൽ പണച്ചെലവ് പ്രശ്നമാകുന്നുണ്ട്. എതിർ സ്ഥാനാർത്ഥി ശക്തനും ജനകീയനുമാണെന്നതാണ് പ്രധാന വെല്ലുവിളി. മണ്ഡലത്തിൽ എടുത്തുപറയത്തക്ക പദ്ധതികൾ കൊണ്ടുവന്നിട്ടില്ലെന്നതാണ് പ്രധാന വിമർശനം. പാർട്ടി പരിപാടികളിൽ സജീവമായില്ലെന്നും പ്രവർത്തകരുമായുള്ള ആശയ വിനിമയം സുതാര്യമല്ലെന്നും ആക്ഷേപമുണ്ടായിരുന്നു. ഇക്കാര്യങ്ങൾ പറഞ്ഞുതീർത്തെങ്കിലും അതിന്റെ അലയൊലികൾ കെട്ടടങ്ങിയിട്ടില്ലെന്നാണ് സൂചന. എന്നാൽ, അഞ്ച് വർഷവും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച താൻ ജയിക്കുമെന്ന പൂർണ്ണ വിശ്വാസത്തിലാണ് രമ്യ. വികസനമെത്താത്ത ഒരു പഞ്ചായത്തും മണ്ഡലത്തിലില്ലെന്നും അവകാശപ്പെടുന്നു. ജനങ്ങളോടൊപ്പമുള്ളതിനാൽ എല്ലാ വീട്ടിലും രമ്യക്ക് വോട്ടുണ്ടെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു.

ഗോപിനാഥ്

ഫാക്ടർ

പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥ് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. സി.പി.എമ്മിലേക്ക് ക്ഷണിച്ച് ഇടതു നേതാക്കൾ ചർച്ച നടത്തിയെങ്കിലും അദ്ദേഹം തീരുമാനമെടുത്തിട്ടില്ല. എങ്കിലും ഒപ്പമുള്ള കുറച്ചുപേർ എൽ.ഡി.എഫിനായി പ്രവർത്തിക്കുന്നുണ്ട്. ചിറ്റൂരിൽ ചില കോൺഗ്രസ് നേതാക്കൾക്കെതിരെ അണികളിലുള്ള വിയോജിപ്പ് അടിയൊഴുക്കാകാമെന്നും സൂചനയുണ്ട്. ഇവിടെ ജലദൗർലഭ്യം ഇത്തവണ കാര്യമായിട്ടില്ലാത്തതും ഇടതുമുന്നണിക്ക് ഗുണമായേക്കും.

എൻ.ഡി.എ ട്രാക്കിലേക്ക്


ബി.ജെ.പി ഏറ്റെടുത്ത മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിനാൽ അടുത്ത ദിവസങ്ങളിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ടി.എൻ.സരസു പ്രചാരണത്തിനിറങ്ങിയത്. ഇപ്രാവശ്യം ബി.ഡി.ജെ.എസിൽ നിന്ന് എൻ.ഡി.എ മണ്ഡലം ഏറ്റെടുക്കുകയായിരുന്നു. കേന്ദ്രത്തിൽ ബി.ജെ.പി തന്നെ അധികാരത്തിലെത്തുമെന്നും ആലത്തൂരിൽ വികസനമുണ്ടാകാൻ സരസുവിനെ വിജയിപ്പിക്കണമെന്നും എൻ.ഡി.എ പറയുന്നു. മോദി ഗ്യാരന്റിയിലൂന്നിയാണ് പ്രചാരണം.

മുന്നണി, 2019ലെ വോട്ട്

യു.ഡി.എഫ് ...... 5,33,815
ഭൂരിപക്ഷം 1,58,968
എൽ.ഡി.എഫ് ...... 3,74,847
എൻ.ഡി.എ ...... 89,837

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AALATHUR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.