കൊച്ചി: തുടർച്ചയായ മൂന്നാം സീസണിലും പ്ളേ ഓഫ് ഉറപ്പിച്ച സന്തോഷത്തിൽ കേരള ബ്ളാസ്റ്റേഴ്സ് സീസണിലെ അവസാന ഹോം മത്സരത്തിന് ഇന്നിറങ്ങും. ഈസ്റ്റ് ബംഗാൾ എഫ്.സിയാണ് സ്വന്തം തട്ടകത്തിലെ എതിരാളി. മത്സരം വൈകിട്ട് 7.30ന്. ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ഒഡീഷ എഫ്.സി തോൽപ്പിച്ചതോടെയാണ് ബ്ളാസ്റ്റേഴ്സിന് പ്ളേ ഓഫ് ഉറപ്പായത്.
സീസണിലെ ആദ്യപാദം വരെ പോയിന്റ് പട്ടികയിൽ മുന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ്. തുടർ തോൽവിയിൽ മുങ്ങി രണ്ടാം പാദത്തിൽ പിന്നാക്കംപോയി. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിന്റെ പിന്നിലായിരുന്ന എഫ്.സി. ഗോവ, മുംബയ് സിറ്റി, എ.ടി.ഐ മോഹൻ ബഗാൻ എന്നീ ടീമുകൾ നേരത്തേ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.
19 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇന്നുൾപ്പെടെ മൂന്ന് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്. മൂന്നും ജയിച്ചാൽ പരമാവധി 39 പോയിന്റ് നേടാം. ഹൈദരാബാദ്, നോർത്ത് ഈസ്റ്റ് ടീമുകൾക്കെതിരെയാണ് ടീമിന്റെ അവശേഷിക്കുന്ന മറ്റു മത്സരങ്ങൾ.
ഇനിയുള്ള മത്സരങ്ങൾ ജയിച്ച് ആദ്യ നാലിൽ എത്താനാണ് ബ്ലാസ്റ്റേഴ്സ് ശ്രമം. ടേബിളിലെ ആദ്യ രണ്ട് ടീമുകൾ നേരിട്ട് സെമിയിൽ എത്തും. മൂന്ന് മുതൽ ആറ് വരെ സ്ഥാനക്കാർ ഒറ്റപ്പാദ നോക്കൗട്ട് മത്സരം കളിച്ച് സെമി യോഗ്യത നേടണം. മൂന്നോ നാലോ സ്ഥാനത്ത് ഫിനിഷ് ചെയ്താൽ നോക്കൗട്ടിൽ ഹോം ഗ്രൗണ്ട് ആനുകൂല്യം കിട്ടാനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ രണ്ട് സീസണിലും ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് യോഗ്യത നേടിയിരുന്നു.
പരിക്ക് ഭേദമായി ടീമിനൊപ്പം പരിശീലനത്തിന് ചേർന്ന അഡ്രിയാൻ ലൂണ ഇന്നത്തെ മത്സരത്തിൽ ഇറങ്ങില്ലെന്നും കോച്ച് വുകോമനോവിച്ച് വ്യക്തമാക്കി. 19 മത്സരങ്ങളിൽ 18 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ നിലവിൽ 11ാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ അവർ എട്ടാം സ്ഥാനത്തേക്ക് കയറും. ആറാം സ്ഥാനക്കാരായി പ്ലേഓഫ് സാദ്ധ്യതയും നിലനിൽക്കും. ഇരുടീമുകളും സീസണിൽ ആദ്യം നേർക്കുനേർ വന്നപ്പോൾ ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |