SignIn
Kerala Kaumudi Online
Wednesday, 01 May 2024 6.48 PM IST

പണംതട്ടാൻ വലവിരിച്ച് സോഷ്യൽ മീഡിയ ആഭിചാര ഗ്രൂപ്പുകൾ

black-magic

തിരുവനന്തപുരം: യുവതീയുവാക്കളെ ലക്ഷ്യമിട്ട് ആഭിചാര ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ വലവിരിച്ചത് വൻ വിപത്തായി മാറുന്നു. ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്ഷൻ (ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപെടുത്തുന്ന ക്രിയ)​,​ ബ്ളാക് മാജിക് എന്നിവയുടെ നിഗൂഢകേന്ദ്രങ്ങളാണ് ക്രിമിനൽ സ്വഭാവമുള്ള ഈ ഗ്രൂപ്പുകൾ. വൻ സാമ്പത്തിക തട്ടിപ്പുകളാണ് ഇതിനു പിന്നിലുള്ളതെന്ന് വെളിപ്പെട്ടിട്ടുണ്ടെങ്കിലും നിയമനടപടികളൊന്നും സ്വീകരിച്ചതായി കാണുന്നില്ല.

മരണാനന്തരം ജീവിതമുണ്ടെന്ന് പഠിപ്പിക്കുന്ന മതങ്ങൾ ആത്മഹത്യ തെറ്റാണെന്ന് പറയുമ്പോൾ ആത്മഹത്യയിലൂടെ പുനർജന്മം സാദ്ധ്യമാക്കാനാണ് ഇവർ പ്രേരിപ്പിക്കുന്നത്! മരണാനന്തരം ശുഭജീവിതം വാഗ്ദാനം ചെയ്താണ് യുവതീയുവാക്കളെ ഇവർ ആകർഷിക്കുന്നത്. ശക്തമായ കുടുംബ- സുഹൃദ് ബന്ധമുള്ള വ്യക്തി പെട്ടെന്ന് സുഹൃദ് സദസുകൾ, കൂട്ടായ്മകൾ, ചടങ്ങുകൾ എന്നിവ ഒഴിവാക്കുക, ജോലിക്ക് പോവാതെയാവുക, ഇടയ്ക്കിടെ ജോലിയിൽനിന്ന് വിട്ടുനിൽക്കുക എന്നിവയൊക്കെ ഇത്തരം ഗ്രൂപ്പുകളിൽ അകപ്പെടുന്നവരുടെ ലക്ഷണങ്ങളാണ്.

കെണികൾ ഇങ്ങനെ

ദൈവത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സംസാരിച്ചാണ് ഗ്രൂപ്പുകൾ ഇരയുടെ മനസിൽ കൂടുവയ്ക്കുന്നത്. ആത്മീയ ഔന്നത്യത്തിന് സഹായിക്കുമെന്ന് വിശ്വസിപ്പിക്കുന്ന സന്ദേശങ്ങൾ കൈമാറും. കൂടുതലറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ക്ഷണമാണ് അടുത്തത്. മനസ് കീഴടക്കിയശേഷം നിരന്തരമായ ബ്രെയിൻ വാഷിംഗിലൂടെ നിങ്ങൾ പ്രത്യേക നിയോഗമുള്ളയാളാണെന്ന് ബോദ്ധ്യപ്പെടുത്തും. ആത്മാവിനെ ശരീരത്തിൽനിന്ന് മോചിപ്പിച്ച് മറ്രൊരു ലോകത്ത് സുഖമായി വസിക്കാമെന്ന് വിശ്വസിപ്പിക്കും.

കെണിയിൽ വീഴുന്നവർ മരണശേഷം മഹനീയജീവിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സുഹൃത്തുക്കളെയും ബന്ധുക്കളെയും പങ്കാളിയെയും ഗ്രൂപ്പിൽപ്പെടുത്തും. സ്വാധീനം തിരിച്ചറിഞ്ഞ് വീട്ടുകാർ മാനസികാരോഗ്യ വിദഗ്ദ്ധന്റെ അടുത്തെത്തിച്ചവർ വെളിപ്പെടുത്തിയ വിവരങ്ങളാണിത്.

തിരിച്ചറിയുംമുമ്പ് എല്ലാം കൈവിടും

സമൂഹത്തിൽനിന്നും കുടുംബത്തിൽ നിന്നും അടർത്തി മാറ്റുന്നതിലൂടെയാണ് ഗ്രൂപ്പുകൾ കുരുക്ക് മുറുക്കുന്നത്. ആശയങ്ങൾ ആരെങ്കിലുമായി ചർച്ചചെയ്ത് യുക്തിയില്ലായ്മ ബോദ്ധ്യപ്പെട്ടാൽ ഇര രക്ഷപ്പെടും എന്നതിനാലാണ് സാമൂഹ്യമായി ഒറ്റപ്പെടുത്തുന്നത്. അതിന് പറയുന്ന ന്യായം പ്രത്യേക നിയോഗമുള്ളവർ ഭൗതികജീവിതത്തിൽ അഭിരമിക്കുന്നവരുമായി ഇടപഴകുന്നത് പുനർജ്ജന്മത്തിന് വിഘാതമാകുമെന്നാണ്. അതോടെ ഇര കുടുംബാംഗങ്ങളിൽ നിന്നുപോലും 'അപകടകരമായ' അകലം സൂക്ഷിക്കും.

സാമൂഹ്യമായി ഒറ്റപ്പെട്ടുനിൽക്കുന്നവരെ വലയിൽ വീഴ്ത്താനെളുപ്പമാണ്. എന്നാൽ നല്ല സാമൂഹ്യ- കുടുംബബന്ധങ്ങൾ ഉള്ളവർപോലും ഗ്രൂപ്പിൽപ്പെടുന്നതോടെ സാമൂഹ്യബന്ധങ്ങൾ വിച്ഛേദിച്ച് ഒറ്റപ്പെട്ട തുരുത്തുകളാകുന്നു. ഇതിനിടെ ഗ്രൂപ്പുകൾ വൻതുക കൈക്കലാക്കി സാമ്പത്തിക ചൂഷണം ആരംഭിക്കും. ലക്ഷക്കണക്കിന് രൂപ ഇത്തരത്തിൽ കൈക്കലാക്കുന്നതായാണ് വിവരം.

എന്തുകൊണ്ട് ടെലിഗ്രാം ?

ആധുനിക സാമൂഹ്യമാദ്ധ്യമ ഗ്രൂപ്പുകളിലൊക്കെ മരണാനന്തര ജീവിതത്തെക്കുറിച്ചും പുനർജന്മത്തെക്കുറിച്ചുമൊക്കെ നിരവധി വീഡിയോകളും മറ്റും പ്രചരിക്കുന്നുണ്ടെങ്കിലും ആഭിചാര ഗ്രൂപ്പുകൾ ടെലിഗ്രാമിലാണ് കൂടുതൽ സജീവം. അതീവ രഹസ്യ സ്വഭാവമുള്ള ടെലിഗ്രാമിൽ പുറമേനിന്നുള്ള നിരീക്ഷണം ഏറെ പ്രയാസമായതിനാലാണ് ഈ പ്ളാറ്റ് ഫോം തിരഞ്ഞെടുക്കുന്നത്.

''സ്കൂൾതലം മുതൽ മാനസികാരോഗ്യ സാക്ഷരത ഉറപ്പാക്കുകയാണ് ഇത്തരം വിപത്തുകളെ പ്രതിരോധിക്കാനുള്ള മാർഗം. കുടുംബത്തിലോ സുഹൃദ് വലയത്തിലോ ഒരു വ്യക്തിയിൽ പെട്ടെന്ന് പെരുമാറ്രവ്യത്യാസം കണ്ടാൽ ഇടപെടണം. അവരെ നിരന്തരം നിരീക്ഷിക്കുകയും മാനസികാരോഗ്യ വിദഗ്ദ്ധന്റെ സേവനം ഉറപ്പാക്കുകയും വേണം.

ഡോ.അരുൺ ബി.നായർ,

സൈക്യാട്രി വിഭാഗം,

മെഡി.കോളേജ്, തിരുവനന്തപുരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLACKMAGIC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.