ന്യൂഡൽഹി: 600 കോടി രൂപയുടെ ഭൂമി തട്ടിപ്പുകേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). തട്ടിപ്പുകേസിൽ ഹേമന്ത് സോറനൊപ്പം റവന്യൂ ഉദ്യോഗസ്ഥനായ ഭാനു പ്രതാപ് പ്രസാദും രണ്ട് സർക്കാർ ഉദ്യോഗസ്ഥരെയുമാണ് ഇഡി പ്രതിപട്ടികയിൽ ചേർത്തിരിക്കുന്നത്.
കേസിലെ തെളിവുകളും മൊഴികളും അനുസരിച്ച് ഹേമന്ത് സോറന് ഭൂമി ഇടപാടിൽ പങ്കുണ്ടെന്ന് തെളിഞ്ഞതായും ഇഡി പറയുന്നു. സംഭവത്തിൽ ഹേമന്ത് സോറൻ അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രി പദവിയിൽ നിന്നും രാജിവച്ചിരുന്നു. അന്വേഷണത്തിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുളള 8.86 ഏക്കർ ഭൂമിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങളടങ്ങിയ 44 പേജുകളുളള ഫയൽ പ്രതിയായ പ്രതാപിന്റെ ഓഫീസിൽ നിന്നും കണ്ടെടുത്തതായി ഇഡി പറയുന്നു. ഹേമന്ത് സോറനെ പ്രതാപ് 'ബോസ്' എന്നാണ് അഭിസംബോധന ചെയ്തിരുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
2011ലാണ് റാഞ്ചിയിലെ ബാർഗെയ്ൻ പ്രദേശത്തുളള 8.86 ഏക്കർ ഭൂമി സോറൻ അനധികൃതമായി കൈവശപ്പെടുത്തിയത്. നിലവിൽ 31 കോടി രൂപ വിലമതിക്കുന്ന ഭൂമി ഇഡി അന്വേഷണത്തിന്റെ ഭാഗമായി കണ്ടുകെട്ടിയിട്ടുണ്ട്. ഹേമന്ത് സോറൻ അടുത്ത സഹായികളായ രഞ്ജിത്ത് സിംഗ്, ഹിലാരിയസ് കച്ചപ്പ്, രാജ്കുമാർ തുടങ്ങിയവരുടെ സഹായത്താലാണ് ഭൂമി കൈവശപ്പെടുത്തിയതെന്നും ഇഡി മുൻപ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഹേമന്ത് സോറനുൾപ്പെടെ നിരവധി പേർക്ക് ഭൂമി കൈവശപ്പെടുത്താൻ പ്രതാപ് സഹായിച്ചിരുന്നതായും ഇഡി കണ്ടെത്തി. സ്വത്ത് സംബന്ധിച്ച് നടത്തിയ സർവ്വേകളുടെ ചിത്രങ്ങളും ഇഡി കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. ഭൂമിയുടെ നടത്തിപ്പുകാരനായ സന്തോഷ് മുണ്ടയും ഉടമസ്ഥൻ ഹേമന്ത് സോറനുമാണെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതും അന്വേഷണത്തിൽ നിർണായകമായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ ബിനോദ് കുമാറിന്റെ ഫോണിൽ നിന്നും നിർണായക തെളിവ് ലഭിച്ചിരുന്നു. ഭൂമിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതുമായി ബന്ധപ്പെട്ട തെളിവായിരുന്നു ഇത്. അതേസമയം, ഭൂമിയുമായോ ബിനോദുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നുവെന്നാണ് ഹേമന്ത് സോറൻ നൽകിയ മൊഴി. എന്നാൽ റിപ്പോർട്ട് അനുസരിച്ച് പ്രതാപ് ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് സർക്കാർ രേഖകളിൽ തിരുമറി കാട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുളള ഡയറികളും സന്ദേശങ്ങളും കണ്ടെത്തി.
കൂടാതെ 33 സാക്ഷികളുടെ മൊഴി ശേഖരിച്ചിട്ടുണ്ടെന്നും ഇടപാടുകൾ സംബന്ധിച്ചിട്ടുളള 1000 പേജുകളുളള രേഖകളും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഹേമന്ത് സോറന്റെ വസതിയിൽ നിന്നും 36 ലക്ഷം രൂപയും ബിഎംഡബ്യു കാറും ഇഡി പിടിച്ചെടുത്തിരുന്നു. അടുത്തിടെ ഇഡി അദ്ദേഹത്തിന്റെ 256 കോടിയുടെ അനധികൃത സ്വത്തും കണ്ടുകെട്ടിയിരുന്നു. നിലവിൽ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഹേമന്ദ് സോറനുൾപ്പടെ 16 പേർ അറസ്റ്റിലായിട്ടുണ്ട്, റാഞ്ചിയിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഛവി രഞ്ചനെയും അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ബിജെപിയുടെ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതാണെന്നും ഹേമന്ത് സോറൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |