കൊച്ചി: 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി മേയിൽ രാവിലെ 7.30 മുതൽ 10.30 വരെ അവധിക്കാല ക്ലാസ് നടത്താൻ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്ക് ഹൈക്കോടതിയുടെ അനുമതി. കുടിവെള്ളം, ഫാൻ, ലൈറ്റ് തുടങ്ങിയവയും കുട്ടികളുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടായതിനാൽ വെക്കേഷൻ ക്ലാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളയും പെരുമ്പാവൂരിലെ പ്രഗതി അക്കാഡമിയുമാണ് ഹർജി നൽകിയത്. ഫെബ്രുവരി-മാർച്ച് മാസത്തിൽ വാർഷിക പരീക്ഷ നടക്കാനിരിക്കെ പഠനം പൂർത്തിയാക്കാൻ കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായും സംഘടനാ രക്ഷാധികാരി ഡോ. ഇന്ദിര രാജൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.
കേരള വിദ്യാഭ്യാസചട്ടം (കെ.ഇ.ആർ) ബാധകമല്ലാത്ത സ്കൂളുകളിൽ കെ.ഇ.ആർ പ്രകാരം അവധിക്കാലം ക്രമീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കോടതി വിലയിരുത്തി.
കെ.എസ്.ഐ.ഡി.സി
ഹർജി മാറ്റി
കൊച്ചി: മാസപ്പടി വിവാദത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണത്തിനെതിരെ കെ.എസ്.ഐ.ഡി.സി നൽകിയ ഹർജി ഹൈക്കോടതി മേയ് 30ലേക്കുമാറ്റി. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ എസ്.എഫ്.ഐ.ഒയ്ക്ക് ജസ്റ്റിസ് ടി.ആർ.രവി നിർദ്ദേശം നൽകി.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന്, നൽകാത്ത സേവനത്തിന് പ്രതിഫലം നൽകിയതിനെക്കുറിച്ചുള്ള എസ്.എഫ്.ഐ.ഒ അന്വേഷണം കെ.എസ്.ഐ.ഡി.സിയിലേക്കും വ്യാപിപ്പിക്കുന്നതിനെ ചോദ്യം ചെയ്താണ് ഹർജി. സി.എം.ആർ.എൽ ഡയറക്ടർ ബോർഡിൽ കെ.എസ്.ഐ.ഡി.സിയുടെ പ്രതിനിധി ഉണ്ടെന്നും അതിനാൽ ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന വിശദീകരണം അംഗീകരിക്കാനാവില്ലെന്നുമാണ് എസ്.എഫ്.ഐ.ഒ വാദം.
വില്ക്കാത്ത പാഠപുസ്തകങ്ങളുടെ പണമടയ്ക്കൽ
ബാദ്ധ്യതയിൽനിന്ന് ഒഴിവാക്കണം: കെ.പി.എസ്.ടി എ
തിരുവനന്തപുരം: 9, 10 ക്ലാസുകളിലെ വില്ക്കാത്ത പാഠപുസ്തകങ്ങളുടെ തുക ട്രഷറിയിലടയ്ക്കണമെന്ന സർക്കാർ നിർദ്ദേശം പ്രതിഷേധാർഹമാണെന്ന് കെ.പി.എസ്.ടി എ സംസ്ഥാന സമിതി.
ജില്ലാ പാഠപുസ്തക ഡിപ്പോകളുടെ പ്രവർത്തനത്തിൽ കൊണ്ടുവന്ന മാറ്റം ഹൈസ്കൂളുകളിൽ പാഠപുസ്തക സൊസൈറ്റികളുടെ ചുമതലയുള്ള അദ്ധ്യാപകരെ ഭാരിച്ച സാമ്പത്തികബാദ്ധ്യതയിലേക്ക് തള്ളിവിടുന്നതാണ്.
പുസ്തകങ്ങളുടെ പണമടയ്ക്കേണ്ടത് സെക്രട്ടറിമാരുടെ വ്യക്തിഗത ബാദ്ധ്യതയായി മാറുന്ന സാഹചര്യം അനുവദിക്കില്ലെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സമിതി അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർതുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |