SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.04 PM IST

പ്രേതമില്ലെന്ന് അറിഞ്ഞിട്ടും സ്വയം 'പേടി' കണ്ടെത്തുന്നവർ, ആ 'ഭയം' മനുഷ്യനെ അന്ധവിശ്വാസിയാക്കി? മാനസിക ദൗർബല്യവും ഒരു കാരണം

superstitions

അന്യഗ്രഹ ജീവിതം, ബ്ലാക്ക് മാജിക്, സാത്താൻ സേവ....കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്താ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും കണ്ണോടിക്കുന്ന മലയാളികൾ കേൾക്കുന്ന വാക്കുകളാണിത്. അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മൂന്ന് മലയാളികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതാണ് ഈ വാക്കുകൾ വീണ്ടും ചർച്ചാ വിഷയമാകാൻ കാരണമായത്. മൂന്ന് യുവാക്കളുടെ മരണത്തിന് പിന്നിൽ ആഭിചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ബന്ധമുണ്ടെന്ന സംശയം ഉയർന്നതോടെ അന്വേഷണം നടക്കണമെന്ന ആവശ്യവും ഒരു കോണിൽ ഉയർന്നു. പ്രബുദ്ധരെന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളികൾക്കിടെയിലും ഇത്തരം അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു എന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്.

2017ൽ തിരുവനന്തപുരത്തെ നന്തൻകോട്ട് ഒരു കുടുംബത്തിലെ നാല് പേരുടെ കൊലപാതകമാണ് സാത്താൻ സേവയും ബ്ലാക്ക് മാജിക്കും മലയാളികൾക്ക് സുപരിചിതമാക്കിയത്. സ്വന്തം പിതാവിനെയും മാതാവിനെയും സഹോദരിയെയും ബന്ധുവിനെയും സാത്താൻ സേവ രീതി അവലംബിച്ചാണ് മകൻ കേഡൽ ജിൻസൺ കൊലപ്പെടുത്തിയത്. ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപെടുത്തുന്ന രീതി പരീക്ഷിക്കുകയായിരുന്നു എന്നാണ് കേഡൽ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പിന്നീട് ഇലന്തൂരിലെ നരബലിയും കട്ടപ്പനയിലെ ഇരട്ടക്കൊലപാതകവും കേരളക്കരയെ ഭയചകിതരാക്കി. ഇപ്പോൾ മൂന്ന് മലയാളികളുടെ ദുരൂഹ മരണവും വിരൽചൂണ്ടുന്നത് അന്ധവിശ്വാസത്തിന്റെ കോണിലേക്കാണ്.

മനുഷ്യരുടെ മാനസികാവസ്ഥയാണ് ഇത്തരം ആരാധനാരീതികളിൽ എത്തിപ്പെടാൻ പ്രധാന കാരണമെന്ന് മനോരോഗ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തിൽ പ്രമുഖ മാനസികാരോഗ്യ വിദഗ്ദരുമായി സംസാരിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പരിശോധിക്കാം...

ഇരയാകുന്നത് ദുർബല മാനസികാവസ്ഥയുള്ളവർ
മാനസികമായി ദുർബലമായ വിഭാഗങ്ങളാണ് ഇങ്ങനെയുള്ള വിശ്വാസങ്ങൾക്ക് ഇരകളാവുന്നത്. സാമൂഹികവും വ്യക്തിപരവുമായ കാരണങ്ങൾ മനുഷ്യരെ ഇത്തരം ആരാധനരീതിയിലേക്ക് കടക്കാൻ പ്രേരിപ്പിച്ചേക്കാം. വളരെ കടുത്ത അന്ധവിശ്വാസങ്ങൾ പിന്തുടരുന്ന പല ആളുകൾക്കും ലഘുവായതോ ഗൗരവമായതോ ഉള്ള മാനസിക പ്രശ്നങ്ങൾ കാണാറുണ്ടത്രേ. എണ്ണത്തിൽ കുറവാണെങ്കിലും നമ്മുടെ നാട്ടിൽ പ്രേതത്തോട് സംസാരിക്കും എന്ന് അവകാശപ്പെട്ട് വരുന്നവരുണ്ട്. ഇവർ ചെറിയ രീതിയിലുള്ള മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെന്ന് വേണം പറയാൻ. 'പൊസഷൻ സിൻഡ്രോം' പോലുള്ള അവസ്ഥയെന്ന് ഇതിനെ വിളിക്കാം. ചില ആളുകൾക്ക് ഇത് ഇടയ്ക്കിടെ വരുമ്പോൾ മറ്റ് ചിലർക്ക് വല്ലപ്പോഴും മാത്രമാണ് കണ്ടുവരുന്നത്.

'സാമൂഹികവും വ്യക്തിപരവുമായ കാരണങ്ങൾ മനുഷ്യരെ ഇത്തരം ആരാധനരീതിയിലേക്ക് കടക്കാൻ പ്രേരിപ്പിച്ചേക്കാം. വളരെ കടുത്ത അന്ധവിശ്വാസങ്ങൾ പിന്തുടരുന്ന പല ആളുകൾക്കും ലഘുവായതോ ഗൗരവമായതോ ഉള്ള മാനസിക പ്രശ്നങ്ങൾ കാണാറുണ്ട്' -

ഷിജു ജോസഫ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് & സൈക്കോളജി വിഭാഗം മേധാവി, തിരുവനന്തപുരം വിമൻസ് കോളേജ്.

superstitions

ചെറിയ അന്ധവിശ്വാസങ്ങളിലൂടെ തുടക്കം

ചെറിയ ഭയം കൊണ്ട് അന്ധവിശ്വാസം എല്ലാ മനുഷ്യരിലേക്കും എത്തുന്ന ഒന്നാണ്. പ്രേതമില്ല യക്ഷിയില്ല എന്നൊക്കെ മനുഷ്യർക്ക് അറിയുമെങ്കിലും അതേക്കുറിച്ചുള്ള ഒരു ഭയം എല്ലാവരുടെയും ഉള്ളിലുണ്ട്. ഇങ്ങനെയുള്ള മനുഷ്യന്റെ ദൗർബല്യങ്ങളിലൂടെയാണ് അന്ധവിശ്വാസം വളർന്നു പന്തലിക്കുന്നത്. ചിലർ ഈ അന്ധവിശ്വാസങ്ങളിൽ ഒരു ഭ്രമം കണ്ടെത്തുമത്രേ. അവരിലാണ് കൂടുതലും വിചിത്ര സ്വഭാവങ്ങൾ കണ്ടുവരുന്നതെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഇതിനെ സാങ്കേതികമായി പറയുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ 'സ്‌കിസോഫ്രീനിയ' രോഗത്തിന്റെ അംശങ്ങളുള്ള വ്യക്തി വൈചിത്ര്യങ്ങൾ ചില മനുഷ്യരിൽ കണ്ടേക്കാം. സാത്താൻ സേവ പോലുള്ള വിചിത്രമായ ചില താൽപര്യങ്ങൾ ഇവരിലാണ് കൂടുതൽ കാണാൻ സാദ്ധ്യതയുള്ളത്.

അന്ധവിശ്വാസങ്ങൾക്ക് അന്താരാഷ്ട്ര മാനം വന്നു
വ്യക്തിപരമായ കാരണങ്ങൾ കൂടാതെ സാമൂഹികമായ അവസ്ഥയും ചില ഘടകങ്ങളും ആളുകളെ ഇങ്ങനെയുള്ള വിശ്വാസങ്ങളിലേക്ക് അടുപ്പിക്കുന്നെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പ്രാദേശികമായി നിലനിൽക്കുന്ന കൂടോത്രം പോലുള്ളവയിൽ നിന്ന് ഇപ്പോൾ അന്ധവിശ്വാസങ്ങൾക്ക് അന്താരാഷ്ട്ര തലത്തിലേക്കുള്ള മാനം കൈവരിക്കാൻ സാധിച്ചു. ഉദാഹരണത്തിന് തിരുവനന്തപുരത്ത് താമസിക്കുന്ന ഒരാൾക്ക് ഇറ്റലിയിൽ നടക്കുന്ന അന്ധവിശ്വാസികളുടെ കൂട്ടായ്മയിൽ പങ്കെടുക്കാനുള്ള സാങ്കേതികവിദ്യ ഇന്നത്തെ കാലത്ത് ലഭ്യമാണ്. ഇന്റർനെറ്റിലും സോഷ്യൽ മീഡിയകളിലും വിചിത്രമായ ഇത്തരം വിശ്വാസങ്ങളെ കുറിച്ച് ഒറ്റ ക്ലിക്കിൽ എല്ലാ വിവരങ്ങളും ലഭ്യമാകുന്നു. ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങളും വീഡിയോകളും കാണുന്നവരുടെ എണ്ണം നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ്. ഒപ്പം അത് പ്രചരിപ്പിക്കുന്നവരുടെ എണ്ണവും.

superstitions

വിദ്യാഭ്യാസം ഒരു ഘടകമേ അല്ല

അടുത്ത കാലത്ത് പുറത്തുവന്ന റിപ്പോർട്ടുകളിലെല്ലാം സാത്താൻസേവ, ബ്ലാക്ക് മാജിക്ക്, ആഭിചാരക്രിയകൾ എന്നിവയിൽ ഇരകളായവർ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും സാമൂഹ്യപരമായി ഉയർന്നു നിൽക്കുന്നവരുമാണ്. കടുത്ത അന്ധവിശ്വാസങ്ങളിലേക്ക് എത്തിപ്പെടാൻ വിദ്യാഭ്യാസം ഒരു മാനദണ്ഡമേ അല്ലെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. യുക്തിസഹമായി കാര്യങ്ങൾ നോക്കിക്കാണാനുള്ള ശേഷി വിദ്യാഭ്യാസം കൊണ്ട് മാത്രം നേടിയെടുക്കാനാവില്ല. അതികഠിനമായ അന്ധവിശ്വാസങ്ങൾ പിന്തുടരുന്ന ഡോക്ടർമാരും എഞ്ചിനിയർമാരും ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. കൂടാതെ കേരളത്തിലടക്കമുള്ള പല ആൾദൈവങ്ങളെയും അവരുടെ ആശയങ്ങളെയും ഒരു മടിയും കൂടാതെ പിന്തുടരുന്നത് സമൂഹത്തിൽ ഉന്നത പദവിയിലുള്ള വ്യക്തിത്വങ്ങളാണ്.

superstitions

ചികിത്സയ്ക്കായി എത്താൻ മടിക്കുന്നു

മാനസികപരമായ ഒരു ബുദ്ധിമുട്ടാണിതെങ്കിലും ഇത്തരം അന്ധവിശ്വാസങ്ങൾക്ക് ഇരകളാകുന്നവർ മാനസികരോഗ വിദഗ്ദ്ധരെ സമീപിക്കാൻ മടി കാണിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇരയാകുന്നവർ കൂടുതലായും ഇത് മറച്ചുവയ്ക്കാനാണ് ശ്രമിക്കുക. ഇതൊരു മാനസിക പ്രശ്നമാണെന്ന് പറയുന്നതിനേക്കാൾ ആളുകൾക്ക് കുറച്ചുകൂടെ സ്വീകാര്യത കിട്ടുന്നത് തന്നെ ഒരു ബാധ ബാധിച്ചെന്ന് പറയുന്നതാണ്. അവർ കൂടുതലും മന്ത്രവാദികളെ പോലെയുള്ളവരെയും പരിഹാരക്രിയ വേണമെന്ന് ആവശ്യപ്പെട്ട് മതപരമായി ബന്ധമുള്ളവരെ സമീപിക്കാനുമാണ് ശ്രമിക്കുക. മാനസികരോഗ വിദഗ്ദ്ധനെ സമീപിച്ചാൽ അയാൾക്ക് ഭ്രാന്താണെന്ന് ആളുകൾ പറയുമെന്ന് അവർ വിശ്വസിക്കുന്നു. കൗൺസിലിംഗ് ആവശ്യപ്പെട്ട് സമീപിക്കുന്നവർ ചുരുക്കമാണെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

superstitions

സാമൂഹിക ശക്തികൾ കുറഞ്ഞതും കാരണമാണ്

നമ്മുടെ സമൂഹം യുക്തിരഹിതമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ മുഴുവനായും ബാധിച്ച ഒരു മഹാവ്യാധി മാറാൻ പാത്രം കൊട്ടണമെന്ന് ആവശ്യപ്പെട്ട ഒരു സമൂഹമാണ് ഇവിടെയുള്ളത്. അത്തരം യുക്തിരഹിതമായ കാര്യങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഒരു കാലത്ത് കേരളം യുക്തിസഹമായി ചിന്തിച്ച സമൂഹമായിരുന്നു. മുമ്പ് ഇതുപോലുള്ള അന്ധവിശ്വാസങ്ങൾക്ക് വേരൂന്നുന്നത് തടയാൻ കൃത്യമായ ശക്തികളുണ്ടായിരുന്നു. ഇന്നത്തെ കാലത്ത് ഇതിനെയൊക്കെ എതിർക്കാനുള്ള സാമൂഹിക ശക്തി കുറഞ്ഞുവന്നു. കൂടാതെ മനുഷ്യരിൽ സാമൂഹിക ജീവിതം കുറഞ്ഞുവന്നതും ഇങ്ങനെയുള്ളവയിലേക്ക് തിരിയാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട്: ഷിജു ജോസഫ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് & സൈക്കോളജി വിഭാഗം മേധാവി, തിരുവനന്തപുരം വിമൻസ് കോളേജ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLACK MAGIC, SATHAN SEVA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.