SignIn
Kerala Kaumudi Online
Sunday, 26 May 2024 5.21 PM IST

2014ൽ രക്ഷയായ ഘടകം ഇത്തവണ തരൂരിന് ഭീഷണി, രാജീവും പന്ന്യനും ലക്ഷ്യംവയ‌്ക്കുന്നതും ആ വീക്ക് പോയിന്റിൽ

taroor-shashi-panyan

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പു യുദ്ധത്തിൽ സംസ്ഥാനത്തിന്റെ രാഷ്ട്രീയക്കണ്ണുകൾ ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. മുൻ കേന്ദ്ര മന്ത്രിയും നിലവിലെ കേന്ദ്രമന്ത്രിയും മുഖാമുഖം നിൽക്കുന്നു. ആക്ഷേപത്തിന്റെ ചെറുതരിപോലും പുരളാത്ത സ്ഥാനാർത്ഥിയുമായി ഇരുവർക്കും വെല്ലുവിളിയുയർത്താൻ ഇടതുപക്ഷവും. പ്രചാരണത്തിൽ പൊതുരാഷ്ട്രീയം സജീവ ചർച്ചയാകുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന വി.ഐ.പി മണ്ഡലത്തിൽ 'വികസനം' എന്ന ഒറ്റ കരു വച്ചാണ് മൂന്ന് മുന്നണികളും കളം നിറയ്ക്കുന്നത് എന്നതാണ് വലിയ കൗതുകം. ചെറിയൊരു ശതമാനം വോട്ടർ‌മാരെ ഈ കളി ആശയക്കുഴപ്പത്തിലുമാക്കുന്നുണ്ട്. പുറമെയുള്ള പൊലിപ്പിൽ ഒപ്പത്തിനൊപ്പമാണ് മൂന്ന് മുന്നണികളും.

കോൺഗ്രസിന്റെ ഗ്ളാമർ താരം ഡോ. ശശി തരൂരാണ് മണ്ഡലത്തിൽ നാലാം ഊഴത്തിനിറങ്ങുന്നത്. പാർട്ടിയോ മുന്നണിയോ തീരുമാനിക്കും മുമ്പു തന്നെ മണ്ഡലത്തിൽ സ്ഥാനാർത്ഥി പരിവേഷം കിട്ടിയ തരൂരിന് നിലവിലെ എം.പി എന്ന നിലയ്ക്കുള്ള മേൽക്കൈ ഉണ്ടെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ ആത്മവിശ്വാസം. മുമ്പ് 40 മാസക്കാലം തിരുവനന്തപുരം മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധീകരിച്ച പന്ന്യൻ തെളിമയും ലാളിത്യവുമുള്ള വ്യക്തിത്വമാണ്. അതിനാൽ വ്യക്തികേന്ദ്രീകൃതമായ ഒരുവിധ ആക്ഷേപവും അദ്ദേഹത്തിനെതിരെയില്ല. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറാവട്ടെ,​ അറിയപ്പെടുന്ന ഐ.ടി വിദഗ്ദ്ധനും വ്യാവസായിക പശ്ചാത്തലമുള്ളയാളുമാണ്. എന്തും പ്രാവർത്തികമാക്കാൻ വൈഭവമുള്ളയാൾ എന്ന പരിവേഷവുമുണ്ട്. ഇക്കാരണങ്ങളാൽ വ്യക്തി പ്രഭാവത്തിൽ ആരുടെ ത്രാസ് ഉയർന്ന് നിൽക്കുമെന്ന് കണ്ണുംപൂട്ടി പറയാനാവില്ല.

മുന കൂർത്ത ആയുധം

പതിനഞ്ചു വർഷം എം.പി ആയിരുന്നിട്ട് മണ്ഡലത്തിനു വേണ്ടി തരൂർ എന്തു ചെയ്തു എന്നാണ് ഇടതു മുന്നണിയുടെയും എൻ.ഡി.എയുടെയും മുന കൂർത്ത ചോദ്യം. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാൻ പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ചെയ്തത് സംസ്ഥാന സർക്കാരാണെന്നതാണ് എൽ.ഡി.എഫിന്റെ പ്രധാന വാദം. ദേശീയപാത സ്ഥലമെടുപ്പ് വേഗത്തിലാക്കിയത്,​ തലസ്ഥാനത്തെ ഐ.ടി ഹബ്ബാക്കാൻ നടത്തിയ ഇടപെടലുകൾ,​ ഓഖി ദുരന്ത സമയത്തടക്കം തീരദേശത്ത് സ്വീകരിച്ച നടപടികൾ,​ കടലെടുത്ത ശംഖുംമുഖം കടപ്പുറത്തിന്റെ നവീകരണം തുടങ്ങി സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നടത്തിയ വികസനങ്ങൾ അവർ അക്കമിട്ടു നിരത്തുന്നു.

ദേശീയ പാതയിൽ കഴക്കൂട്ടം മുതൽ മുക്കോല വരെ 861 കോടി ചെലവിൽ നടത്തിയ ഒന്നാം ഘട്ട വികസനവും മുക്കോല മുതൽ കാരോട് വരെ 400 കോടിയ്ക്കു മേലുള്ള രണ്ടാം ഘട്ടവും പൂർത്തിയാക്കിയത് തന്റെ ഇടപെടൽ മൂലമാണെന്നാണ് തരൂരിന്റെ അവകാശവാദം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കാനും വിമാനത്താവള വികസനത്തിനും പുതിയ ട്രെയിനുകൾ അനുവദിപ്പിക്കാനും കൊച്ചുവേളി സ്റ്റേഷന്റെ വികസനത്തിനും ഏറെ പരിശ്രമം നടത്തിയതായും തരൂർ ചൂണ്ടിക്കാട്ടുന്നു.

പ്രതീക്ഷയായി പുതിയ മുഖം

ഹൈക്കോടതി ബെഞ്ച്,​ എയിംസ്,​ ഇരട്ടനഗരം പദ്ധതികൾ തരൂർ പ്രഖ്യാപിച്ചെങ്കിലും എന്തു പുരോഗതി ഉണ്ടായെന്നാണ് ചോദ്യം. എം.പിയുടെ സാന്നിദ്ധ്യം കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിൽ ഇല്ലെന്ന് ബി.ജെ.പിയും ആക്ഷേപിക്കുന്നു. ദേശീയ പാത വികസനവും വിഴിഞ്ഞം പദ്ധതിയും റെയിൽവെ വികസനവുമടക്കമുള്ള കാര്യങ്ങൾ കേന്ദ്രത്തിന്റെ താത്പര്യം കൊണ്ടു നടപ്പായതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല,​ രാജീവ് ചന്ദ്രശേഖറിന് അവസരം നൽകിയാൽ ഐ.ടി മേഖലയിലടക്കം വികസനത്തിന്റെ വൻ കുതിച്ചു ചാട്ടമുണ്ടാവുമെന്നാണ് അവരുടെ വാഗ്ദാനം. തീരദേശ ജനതയ്ക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളും അക്കമിട്ട് നിരത്തുന്നുണ്ട്. ഫ്രഷ് കാൻഡിഡേറ്റ് എന്ന മെച്ചവും രാജീവ് ചന്ദ്രശേഖറിനുണ്ട്.

തീരദേശത്തെ തിരച്ചുഴി

2014-ൽ ഒരു ഘട്ടത്തിൽ പിന്നിലേക്കു പോയ ശശി തരൂരിനെ കൈപിടിച്ച് ഉയർത്തിയത് തീരദേശത്തിന്റെ പിന്തുണയാണ്. തീരദേശമേഖലയ്ക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന ആക്ഷേപമുണ്ട്. തീരശോഷണം തടയാനും മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമെത്തിക്കാനും ശ്രദ്ധിക്കുന്നില്ലെന്ന പരാതിയും ഈ മേഖലയിൽ ശക്തമാണ്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരെ ഉൾപ്പെടെ എടുത്ത കേസുകൾ സംസ്ഥാന സർക്കാർ പിൻവലിച്ചെങ്കിലും അതിന്റെ പേരിലുണ്ടായ മുറിവ് ഇപ്പോഴും ശേഷിക്കുകയാണ്. ഈ വേദന ഇടതുപക്ഷത്തിന് ഗുണം ചെയ്തേക്കില്ല.

സമരകാലത്ത് തങ്ങളെ തിരിഞ്ഞു നോക്കിയില്ല എന്ന പരിഭവം എം.പിയോടുമുണ്ട്. തീരദേശ വികാരം ഇക്കുറി എങ്ങനെ പ്രതിഫലിക്കുമെന്നത് നിർണ്ണായകമാണ്. മണ്ഡലത്തിലെ ജനസംഖ്യയിൽ 20 - 25 ശതമാനത്തോളമാണ് വിവിധ ക്രൈസ്തവ സഭാംഗങ്ങൾ. സർക്കാർ ജീവനക്കാർ ഏറെയുള്ള മണ്ഡലം ആയതിനാൽ ജീവനക്കാരുടെ ഡി.എ കുടിശികയും ശമ്പളം മുടങ്ങിയതും അടക്കമുള്ള വിഷയങ്ങൾ ഇടതുപക്ഷത്തോടുള്ള മമത കുറയാൻ ഇടയാക്കിയി. ക്രമസമാധാന പ്രശ്നങ്ങളും കുട്ടികൾക്കെതിരെ അടക്കം തുടരുന്ന അതിക്രമങ്ങളും യു.ഡി.എഫും എൻ.ഡി.എയും ഇടതുമുന്നണിക്കെതിരെ ആയുധമാക്കുന്നു.

കഴക്കൂട്ടം,​ ​ തിരുവനന്തപുരം,​ നേമം, കോവളം തീരദേശ അസംബ്ളി മണ്ഡലങ്ങളും,​ വട്ടിയൂർക്കാവ്,​ നെയ്യാറ്റിൻകര,​പാറശ്ശാല മണ്ഡലങ്ങളുമാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുക. 2019 - ലെ തിരഞ്ഞെടുപ്പിൽ നേമം ഒഴികെ ആറ് അസംബ്ളി മണ്ഡലങ്ങളിലും യു.ഡി.എഫാണ് മേൽക്കൈ നേടിയത്. നേമത്ത് ബി.ജെ.പി ആയിരുന്നു മുന്നിൽ. എന്നാൽ ഈ കണക്കുകൾ പിന്നീട് മാറി. 2020 - ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡല പരിധിയിൽ യു.ഡി.എഫിനേക്കാൾ 1,​65,​000 വോട്ടുകളാണ് എൽ.ഡി.എഫിന് കൂടുതൽ കിട്ടിയത്. 2021 - ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,​11,​000 - ത്തിലധികം വോട്ടുകളും കൂടുതൽ കിട്ടി. കോവളത്തു മാത്രമാണ് യു.ഡി.എഫിന് ജയിക്കാൻ കഴിഞ്ഞതും. ഈ കണക്കുകളാണ് എൽ.ഡി.എഫ് ക്യാമ്പ് കൂട്ടിക്കിഴിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION SPECIAL, TRIVANDRUM LOKSSABHA CONSTITUENCY, SHASHI TAROOR, RAJEEV CHANDRASEKHAR, PANYAN RAVEENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.