മുംബയ്: സമൂസയ്ക്കുള്ളിൽ ഗർഭനിരോധന ഉറയും ഗുഡ്കയും കല്ലുകളും കണ്ടെത്തിയതിനെത്തുടർന്ന് അഞ്ച് പേർക്കെതിരേ പൊലീസ് കേസെടുത്തു.
മഹാരാഷ്ട്രയിലെ പിംപാരി ചിഞ്ച്‌വാഡിൽ പ്രവർത്തിക്കുന്ന ഓട്ടോ മൊബൈൽ കമ്പനിയിൽ വിതരണം ചെയ്ത സമൂസയിൽ നിന്നാണ് ഇവ ലഭിച്ചത്. റഹീം ഷേഖ്, അസ്ഹർ ഷേഖ്, മസ്ഹർ ഷേഖ്, ഫിറോസ് ഷേഖ്, വിക്കി ഷേഖ് എന്നിവരാണ് പ്രതികളെന്നും കേസ് രജിസ്റ്റർ ചെയ്‌തെന്നും പൊലീസ് പറഞ്ഞു.
കമ്പനിയിലേക്ക് സമൂസ വിതരണത്തിന് കരാർ ലഭിച്ച കാറ്ററിംഗ് സ്ഥാപനത്തിന്റെ സൽപ്പേര് തകർക്കാനായാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ മൊബൈൽ സ്ഥാപനത്തിൽ നേരത്തെ പലഹാരം എത്തിച്ചിരുന്നത് എസ്.ആർ.എ എന്റർപ്രൈസസ് ആയിരുന്നു. ഒരിക്കൽ ഭക്ഷണത്തിൽ നിന്ന് ബാൻഡേജ് ലഭിച്ചതോടെ ഇവരുമായുള്ള കരാർ കമ്പനി റദ്ദാക്കി. തുടർന്ന്
കാറ്റലിസ്റ്റ് സർവീസ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് കരാർ നൽകി.
ഭക്ഷണ വിതരണത്തിനായി മനോഹർ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന് ഇവർ കീഴ്‌ക്കരാറും നൽകി.
ഈ കരാർ ഇല്ലാതാക്കാനും സ്ഥാപനത്തിന്റെ സൽപ്പേര് നശിപ്പിക്കാനും പ്രതികൾ ബോധപൂർവം സമൂസയിൽ മറ്റ് വസ്തുക്കൾ ചേർക്കുകയായിരുന്നു.
മനോഹർ എന്റർപ്രൈസസിലെ ജീവനക്കാരെ ചോദ്യംചെയ്‌തപ്പോൾ
ജീവനക്കാരായ ഫിറോസ് ഷേഖ്, വിക്കി ഷേഖ് എന്നിവരാണ് സമൂസകളിൽ വസ്തുക്കൾ നിറച്ചതെന്ന് കണ്ടെത്തി. ഇവരെ കൂടുതൽ ചോദ്യംചെയ്തതോടെ മറ്റുപ്രതികളുടെ പങ്കും വ്യക്തമായി. പ്രതികളിൽ മൂന്നുപേർ എസ്.ആർ.എ എന്റർപ്രൈസസിന്റെ പാർട്ണർമാരാണ്. കരാർ റദ്ദാക്കാനും ഇവരുടെ സൽപ്പേര് കളങ്കപ്പെടുത്താനുമായി എസ്.ആർ.എ ഉടമകൾ ജീവനക്കാരെ മനോഹർ എന്റർപ്രൈസസിലേക്ക് ജോലിക്കായി പറഞ്ഞയച്ചു. ഇവർ സമൂസയ്ക്കുള്ളിൽ ഗർഭനിരോധന ഉറകളടക്കം നിറക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |