പഞ്ചാബ് കിംഗ്സ് ഇലവനെ രണ്ട് റൺസിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്
മൊഹാലി: ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ രണ്ട് റൺസിന് കീഴടക്കി സൺറൈസേഴ്സ് ഹൈദരാബാദ്. മൊഹാലിയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 182റൺസ് എടുത്തപ്പോൾ പഞ്ചാബിന്റെ മറുപടി 180/6 എന്ന സ്കോറിലൊതുങ്ങി . 37 പന്തുകളിൽ നാലുഫോറും അഞ്ചുസിക്സുമടക്കം 64 റൺസ് നേടിയ യുവതാരം കാകി നിതീഷ് കുമാർ റെഡ്ഡിയുടെ ഇന്നിംഗ്സാണ് സൺറൈസേഴ്സിനെ ഈ സ്കോറിലേക്ക് കൈപിടിച്ചുയർത്തിയത്. തുടക്കത്തിലെ ബാറ്റിംഗ് തകർച്ചയെ അതിജീവിച്ച് ശശാങ്ക് സിംഗും (25 പന്തുകളിൽ 46 റൺസ് നോട്ടൗട്ട്) അശുതോഷ് ശർമ്മയും (15 പന്തുകളി ൽ 33 നോട്ടൗട്ട് ) പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
തുടക്കത്തിൽ തകർത്തടിച്ച ട്രാവിസ് ഹെഡിനെയും (15 പന്തുകളിൽ 21 റൺസ്) പകരമിറങ്ങിയ എയ്ഡൻ മാർക്രമിനെയും (0) നാലാം ഓവറിൽ പുറത്താക്കി അർഷ്ദീപ് സിംഗ് പഞ്ചാബിന് മികച്ച തുടക്കമാണ് നൽകിയത്.ഹെഡിനെ ശിഖർ ധവാനും മാർക്രമിനെ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയുമാണ് പിടികൂടിയത്. തുടർന്ന് ക്രീസിലെത്തിയ നിതീഷ് കുമാർ കാലുറപ്പിക്കാൻ ശ്രമിക്കവേ ഓപ്പണർ അഭിഷേക് ശർമ്മ (16) അഞ്ചാം ഓവറിൽ കറാന്റെ പന്തിൽ കൂടാരം കയറി.നിതീഷ് സ്കോർ ഉയർത്തിയപ്പോൾ രാഹുൽ ത്രിപാതി (11), ക്ളാസൻ (9) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. 100/5 എന്ന നിലയിൽ നിന്ന് അബ്ദുൽ സമദും (25) നിതീഷും ചേർന്ന് 17-ാം ഓവറിൽ 150ലെത്തിച്ചു. ഇതേ ഓവറിൽ ഇരുവരെയും അർഷ്ദീപ് പുറത്താക്കി. നാലോവറിൽ 29 റൺസ് വഴങ്ങി അർഷ്ദീപ് നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ കറാനും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സീസണിലെ അഞ്ചുമത്സരങ്ങളിൽ സൺറൈസേഴ്സിന്റെ മൂന്നാം ജയമാണിത്. ആറുപോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് സൺറൈസേഴ്സ്.
അഞ്ചുമത്സരങ്ങളിൽ മൂന്നാം തോൽവി വഴങ്ങിയ പഞ്ചാബ് നാലുപോയിന്റുമായി ആറാം സ്ഥാനത്തായി.
ഇന്നത്തെ മത്സരം
ഗുജറാത്ത് vs രാജസ്ഥാൻ
7.30 pm മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |