ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്നതിനാൽ കേന്ദ്രസർക്കാർ അതീവ പ്രാധാന്യം നൽകുന്ന അരുണാചൽ പ്രദേശിൽ അരുണാചൽ വെസ്റ്റ്, ഈസ്റ്റ് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. വെസ്റ്റ് മണ്ഡലം ചൈനയ്‌ക്കു പുറമെ ഭൂട്ടാനുമായും അതിർത്തി പങ്കിടുന്നു. 2014 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ കിരൺ റിജിജു. കോൺഗ്രസ് മുൻ മുഖ്യമന്ത്രി നബാം തുകിയാണ് ഇക്കുറിയും മുഖ്യ എതിരാളി.
1977മുതലുള്ള ചരിത്രമെടുത്താൽ കോൺഗ്രസിനെ കൂടുതൽ തവണ തുണച്ചിട്ടുള്ള മണ്ഡലമാണ്. ആദ്യ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രേംഖണ്ഡു തുംഗാൻ 1980-1991 കാലത്ത് എം.പിയായിരുന്നു. മണ്ഡലത്തിലെ ആദ്യ എം.പി കോൺഗ്രസിലെ റിച്ചിംഗ് ഖണ്ഡു ഖ്രിം ആയിരുന്നു. 1996ൽ സ്വതന്ത്രനായി മത്സരിച്ച മുൻ മുഖ്യമന്ത്രി ടോമോ റിബ, 1998ൽ അരുണാചൽ കോൺഗ്രസിന്റെ ബാനറിൽ ഒമക് അപാംഗ്, 1999ൽ കോൺഗ്രസിന്റെ ജാർബോം ഗംമ്ളിൻ എന്നിവരാണ് മറ്റ് എംപിമാർ.
മണ്ഡലത്തിലെ ആദ്യ ബി.ജെ.പി എം.പിയാണ് കിരൺ റിജിജു. 2004ൽ അരുണാചൽ കോൺഗ്രസിലെ കമേൻ റിങ്കുവിനെ 47,424 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അരങ്ങേറ്റം. കോൺഗ്രസ് തരംഗമുണ്ടായ 2009ൽ പരാജയപ്പെട്ടു. മോദി തരംഗമുണ്ടായ 2014ൽ തിരിച്ചെത്തി. 2019ൽ വീണ്ടും ജയം.
ബി.ജെ.പിയുടെ വടക്കേഇന്ത്യൻ മുഖമാണ് 52കാരനായ റിജിജു. പിതാവ് റിഞ്ചിൻ ഖരു ആദ്യ അരുണാചൽ നിയമസഭയിലെ പ്രോടേം സ്‌പീക്കറായിരുന്നു. ആദ്യ മോദി സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു റിജിജു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന അരുണാചലിൽ ബി.ജെ.പിക്ക് അധികാരത്തുടർച്ച ഉറപ്പാക്കേണ്ട ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ട്.
മുൻ മുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ നബാം തുകിക്കും കോൺഗ്രസിനും അരുണാചൽ വെസ്റ്റ് വലിയ പരീക്ഷണമാണ്. 2019ൽ കിരൺ റിജിജുവിനോട് 1,74,843 വോട്ടിനാണ് പരാജയപ്പെട്ടത്. 60 അംഗ നിയമസഭയിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും 19ന് ഒന്നാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.
2019 ലെ ഫലം
കിരൺ റിജിജു(ബി.ജെ.പി): 2,25,796 (63.02%)
നബാം തുകി(കോൺഗ്രസ്): 50,953 (14.22%)
ജാർജും എറ്റെ(ജെ.ഡി എസ്): 43,919 (12.26%)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |