SignIn
Kerala Kaumudi Online
Saturday, 27 July 2024 5.21 AM IST

തിന്മയുടെ വിത്തുപുരകൾ

c

ജീവിതത്തിൽ ആരോടെങ്കിലും, ചെറിയൊരു വിരോധമെങ്കിലും മനസ്സിൽ സൂക്ഷിച്ചിട്ടില്ലാത്ത ഒരാളെങ്കിലും നമ്മുടെ കൂട്ടത്തിലുണ്ടോ?- പ്രഭാഷകന്റെ ചോദ്യം കേട്ട സദസ്യർ പ്രത്യേകിച്ചൊരു മറുപടിയും പറയാതെ അദ്ദേഹത്തിന്റെ അടുത്ത വാക്കുകൾക്കു കാതോർത്ത് ചിരിച്ചുകൊണ്ടിരുന്നതേയുള്ളൂ. എല്ലാവരെയും വാത്സല്യപൂർവം നോക്കി ചെറുപുഞ്ചിരിയോടെ അദ്ദേഹം തുടർന്നു: 'നിങ്ങൾ സത്യസന്ധമായിത്തന്നെ വിവരങ്ങൾ പറയണം! കാരണം, ഒരു സമ്മാനം നിങ്ങളെ കാത്തിരിക്കുകയാണ്!

സദസ്സിൽ പൊതുവെ നിറഞ്ഞുനിന്നിരുന്ന ആഹ്ലാദം കെട്ടുപോകാതെ, പ്രഭാഷകനും തന്റെ മുഖത്തെ പ്രസന്നഭാവം നിലനിറുത്തിക്കൊണ്ട്,​ ഇപ്രകാരമൊരു സമ്മാനം ഏർപ്പെടുത്താൻ തന്നെ നിർബന്ധിതനാക്കിയ പ്രത്യേക സാഹചര്യങ്ങളെപ്പറ്റി ഒരു ചെറുവിശദീകരണത്തിലേക്കു കടന്നു: നമ്മളൊക്കെ സാധാരണ മനുഷ്യരാണ്. അതിനാൽത്തന്നെ എന്റെ ചോദ്യത്തിന് ഞാൻ നിങ്ങളിൽ നിന്നു പ്രതീക്ഷിച്ച മറുപടി അർത്ഥവത്തായ നിങ്ങളുടെ ഈ ചിരിയും, ഉള്ളം പുറത്തു കാണിക്കാതെയുള്ള ഈ നോട്ടവും തന്നെയായിരുന്നു! നിങ്ങളുടെ ഈ വാചാലമൗനം വെളിവാക്കുന്നത്,​ നിങ്ങളുടെ മനസിന്റെ അതിനിഗൂഢമായ ഉള്ളറകളിൽ പരിശോധിച്ചാൽ, നിങ്ങളുടെ കോപത്തിന്റെ, കുടിപ്പകയുടെ, വ്യക്തിവിരോധത്തിന്റെ,​ കടുത്ത വാശിയുടെ ഒക്കെ കാരണക്കാരായവരുടെ, അഥവാ നിങ്ങളുടെ കൈകൊണ്ടു തന്നെ ബലിയാടാകണമെന്നു നിങ്ങളിൽ ചിലരെങ്കിലും വല്ലാതെ ആഗ്രഹിക്കുന്ന ചില മുഖങ്ങളെ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്ന കാഴ്ച കാണാൻ കഴിയില്ലേ?

എന്നാൽ, എന്നോടൊപ്പം വന്നാൽ,​ സ്വന്തമാക്കണമെന്ന് നിങ്ങളിൽ ചിലരെങ്കിലും വല്ലാതെ ആഗ്രഹിച്ചു പോകുന്ന ചില വിഭവങ്ങൾ കൂടി കാണിച്ചു തരാം! അല്പം അകലെയാണ്. നട്ടുച്ചയ്ക്കു പോലും അവിടെ കൂരിരുട്ടാണ്. ഞാൻ ആ കൂരിരിട്ടിലൂടെ നടന്നു. വെളിച്ചമില്ലാത്തതിനാൽ കാലുതട്ടി വീഴുമെന്ന് ഞാൻ വല്ലാതെ ഭയന്നു. ഒന്നു രണ്ടു മണിക്കൂറിലധികം നടന്നു കഴിഞ്ഞപ്പോൾ ആ മന്ദിരത്തിന്റെ വാതിലിനു മുന്നിലെത്തി. ചാരിയ വാതിൽ മെല്ലെ തുറന്ന് ഉള്ളിൽ കയറി. അവിടെ ആരുമുള്ള ലക്ഷണം കാണുന്നില്ല. കണ്ണെത്താദൂരത്തോളം നീളമുള്ള ഹാളിൽ, ഇത്രയേറെ ചാക്കുകളിൽ ഏതു ധാന്യമാണെന്നറിയില്ല; ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്നു!

അത്തരം വിവരങ്ങൾ ആരോടാണ്‌ ചോദിക്കുക? ഇത്തരം ചിന്തകളുമായി ഇരുളിൽ തപ്പിനടക്കുമ്പോഴാണ്, കുട്ടിച്ചാത്തനെപ്പോലൊരാൾ ചാടിവീണത്. സത്യത്തിൽ പേടിച്ചു വിറച്ചെങ്കിലും, ഞാൻ ധീരനെപ്പോലെ ഭാവിച്ചു! സാത്താന്റെ കുഞ്ഞനുജനെന്ന് സ്വയം പരിചയപ്പെടുത്തിയ അയാൾ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. ആ ചാക്കുകളിൽ സ്റ്റോക്കു ചെയ്തിരിക്കുന്നത് വിരോധത്തിന്റെയും വിദ്വേഷത്തിന്റെയും കുടിപ്പകയുടെയും.... സർവ തിന്മകളുടെയും വിത്തുകളാണത്രെ! മനുഷ്യ മനസിൽ വളമിടാതെ തന്നെ തഴച്ചുവളരുന്ന അത്തരം വൃക്ഷങ്ങൾ തിന്മയുടെ എല്ലാവിധ ഫലങ്ങളും പെട്ടെന്നു തരുന്നതിനാൽ മിക്കവരും ഇപ്പോൾ സ്വന്തം ഹൃദയത്തിൽത്തന്നെ ഇത്തരം വിത്തുപുരകൾ കെട്ടിവരികയാണത്രെ!

ഒരു അപസർപ്പക കഥ കേൾക്കുന്നതു പോലെ ശ്വാസംപിടിച്ചിരുന്ന സദസ്യരോട് ഇത്രയും പറഞ്ഞശേഷം പ്രഭാഷകൻ വിദൂരതയിലേക്കു നോക്കി ആത്മഗതം പോലെ ഇത്രയും കൂടി കൂട്ടിച്ചേർത്തു: 'ഇനിയിപ്പോൾ എന്റെ സമ്മാനമൊന്നും നിങ്ങൾക്കാവശ്യമില്ലല്ലോ! നിങ്ങളൊക്കെ ആ കുഞ്ഞനുജന്റെ വിത്തുകൾ വിതറി വിളവെടുപ്പിന് കാത്തിരിപ്പല്ലേ!' കൂട്ടച്ചിരികൾക്കിടയിൽ അദ്ദേഹം പറഞ്ഞു നിറുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHINTHAMRITHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.