വാഷിംഗ്ടൺ : അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസ് മിഷനിലൂടെ ആദ്യമായി ഒരു ജാപ്പനീസ് സഞ്ചാരി ചന്ദ്രനിൽ കാലുകുത്തുമെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.
ചന്ദ്രനിലെത്തുന്ന അമേരിക്കൻ അല്ലാത്ത ആദ്യ വ്യക്തിയാകും ഈ സഞ്ചാരി. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം. ഒരുപാട് രാജ്യങ്ങൾ ആഗ്രഹിച്ച ഒരു സുവർണ അവസരമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് കിഷിദ പറഞ്ഞു. രണ്ട് ജാപ്പനീസ് ബഹിരാകാശ സഞ്ചാരികളാണ് നാസ മിഷനുകളുടെ ഭാഗമാവുക. ഇതിൽ ഒരാളെ ചന്ദ്രനിൽ ഇറക്കും.
അതേ
സമയം, മനുഷ്യരുമായി യാത്ര തിരിക്കുന്ന ആദ്യ ചാന്ദ്ര ദൗത്യം ആർട്ടെമിസ് 2 ആണ്. ഇതിന് ശേഷം ആർട്ടെമിസ് 3യിലൂടെ മനുഷ്യനെ ചന്ദ്രനിലിറക്കും. ആർട്ടെമിസ് 2വിൽ നാല് യാത്രികർ ചന്ദ്രന്റെ അടുത്തുകൂടി പറന്ന് ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്ത് 10 ദിവസത്തിന് ശേഷം തിരിച്ചെത്തും. ഇത് അടുത്ത വർഷം അവസാനമുണ്ടാകും.
വിജയിച്ചാൽ ആർട്ടെമിസ് 3 യിലൂടെ നാല് യാത്രികരെ ചന്ദ്രോപരിതലത്തിലിറക്കും. ഇത് 2026ലുണ്ടായേക്കുമെങ്കിലും കാലതാമസം നേരിട്ടേക്കാം. ചന്ദ്രനിൽ ആദ്യമായി ഒരു വനിത, കറുത്ത വർഗ്ഗ വ്യക്തി എന്നിവരെ എത്തിക്കുകയാണ് ആർട്ടെമിസ് 3 യുടെ ലക്ഷ്യം. 1972ൽ അപ്പോളോ 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്. അമേരിക്കക്കാരായ 12 പേരാണ് ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |