SignIn
Kerala Kaumudi Online
Sunday, 01 September 2024 7.19 AM IST

ഇങ്ങനെയുമുണ്ടോ പൈപ്പ് പൊട്ടൽ!

Increase Font Size Decrease Font Size Print Page
f

വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെള്ളത്തെ ആശ്രയിച്ച് 'ജലപാനം" കഴിക്കുന്ന തലസ്ഥാന നിവാസികൾ കേട്ടാൽ ഞെട്ടുന്ന ഒരു കണക്ക് ഞങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ മുപ്പതിനായിരത്തോളം പൈപ്പ് പൊട്ടലുകളുണ്ടായെന്ന ആ കണക്ക്,​ ഇക്കാര്യത്തിൽ വാട്ട‌ർ അതോറിട്ടി തുടരുന്ന ഉദാസീനതയിലേക്കും,​ ആജന്മകാലം നന്നാകാൻ ഉദ്ദേശിക്കുന്നില്ലെന്ന 'താന്തോന്നി' മനോഭാവത്തിലേക്കും വിരൽ ചൂണ്ടുന്നതാണ്. നിരന്തരം വെള്ളംകുടി മുട്ടിക്കുകയും,​ അറ്റകുറ്റപ്പണികളുടെ പേരിൽ കോടികൾ ഒഴുക്കിക്കളയുകയും ചെയ്യുന്ന ഒരു പ്രശ്നം എണ്ണമറ്റ തവണ ആവർത്തിച്ചാലും സ്ഥിരപരിഹാരത്തിന് പോംവഴി തേടാതിരിക്കുന്നതിനെ ഇതൊക്കെ അനുഭവിക്കാൻ വിധിക്കപ്പെട്ട ജനം എന്തു വിളിക്കണം?​

മാരത്തൺ പൈപ്പ് പൊട്ടലുകളുടെ കാര്യത്തിൽ ആറ്റിങ്ങൽ ജലവിതരണ സെക്ഷനാണ് നമ്പർ വൺ- മൂന്നുവർഷത്തിനിടെ പൈപ്പ് പൊട്ടിയത് 6635 തവണ! തലസ്ഥാനത്തിന്റെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിൽ വരുന്ന പാളയം,​ പാറ്റൂർ,​ കരമന സെക്ഷനുകളിൽപ്പോലും ഈ കാലയളവിൽ രണ്ടായിരത്തോളം തവണ വീതം പൈപ്പ് പൊട്ടി കുടിവെള്ള വിതരണം മുടങ്ങി. ഇതു മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെക്കാളും,​ അറ്റകുറ്റപ്പണിക്ക് തുടർച്ചയായി വൻ തുകകൾ ചെലവിടേണ്ടിവരുന്ന ദുര്യോഗത്തെക്കാളും വലുതാണ്,​ വിതരണത്തിനായി പമ്പ് ചെയ്ത് എത്തിക്കുന്ന ജലത്തിന്റെ നാല്പതു ശതമാനത്തോളം വെറുതേ പാഴായിപ്പോകുന്നു എന്നത്. കുടിവെള്ളം കിട്ടാക്കനിയായി ജനങ്ങൾ നെട്ടോട്ടമോടുന്ന കൊടുംവേനൽക്കാലത്ത് ഇത്തരം പെെപ്പ് പൊട്ടലുകൾ മൂലം സംഭവിക്കുന്ന ജലനഷ്ടത്തിന്റെ മൂല്യം എത്രയോ വലുതാണ്!

നഗരവാസികളാണ് പൈപ്പ് പൊട്ടലിന്റെ യഥാർത്ഥ ഇരകൾ. നഗരാതിർത്തിക്കു പുറത്തുള്ളവർക്ക് കിണറുകളും നദികളും ഉൾപ്പെടെ ജലസ്രോതസുകൾ പലതുണ്ടാകാമെങ്കിലും,​ നഗരമേഖലകളിലുള്ളവർക്ക് തൊണ്ട നനയ്ക്കണമെങ്കിൽപ്പോലും വാട്ടർ അതോറിട്ടിയുടെ കനിവു വേണം. നഗരത്തിൽ ജലവിതരണം നടത്തുന്ന പ്രധാന ലൈനുകളിൽ മിക്കവയും മുപ്പതു മുതൽ അമ്പതു വർഷം വരെ പഴക്കമുള്ളവയാണ്. ഈ കാലപ്പഴക്കം തന്നെ പ്രധാന വില്ലൻ. നഗരത്തിലെ രണ്ട് പ്രധാന മേഖലകളിലേക്കുള്ള പഴഞ്ചൻ പൈപ്പുകൾ മാറ്റി,​ പകരം മർദ്ദവ്യതിയാനംകൊണ്ട് പൊട്ടിപ്പോകാത്ത കാസ്റ്റ് അയൺ (ഡക്റ്രൈൽ അയൺ) പൈപ്പുകൾ സ്ഥാപിക്കുന്നതിന് ആറുവർഷം മുമ്പ് ടെൻഡർ നല്കിയിരുന്നതാണ്. കരാറുകാരുമായുള്ള പ്രശ്നത്തെ തുടർന്ന് അത് റദ്ദാക്കി. പിന്നീട് രണ്ടായി പകുത്തു നല്കിയ കരാർ ജോലികൾ രണ്ടുവർഷം മുമ്പേ തീരേണ്ടതായിരുന്നു. മൂന്നിലൊന്നു ജോലികൾ പോലും ഇതുവരെ പൂർത്തിയായില്ലെന്നു മാത്രം!

പൊട്ടാൻ എളുപ്പമായ കോൺക്രീറ്റ് പൈപ്പുകളുടെ സ്ഥാനത്ത് ജലവിതരണത്തിന് കാസ്റ്റ് അയൺ പൈപ്പുകൾ സ്ഥാപിക്കുകയാണ് ഇക്കാര്യത്തിൽ ശാശ്വത പരിഹാരമെന്ന് വാട്ടർ അതോറിട്ടിക്കും അറിയാം. അതിന് താരതമ്യേന കൂടുതൽ ചെലവ് വരുമെന്നു മാത്രം. പക്ഷേ,​ അത് ഒറ്രത്തവണത്തേക്കു മാത്രമുള്ള ചെലവാണെന്നും,​ ആവർത്തിച്ച് വേണ്ടിവരുന്ന അറ്റകുറ്റപ്പണിക്ക് മുടക്കുന്ന കണക്കറ്റ ധനം ലാഭിക്കാമെന്നുമുള്ള ലളിതമായ കണക്കു മാത്രം വാട്ടർ അതോറിട്ടിക്ക് മനസിലാകില്ല. അടിയന്തര അറ്രകുറ്രപ്പണിയുടെ പേരിൽ ചെലവിടുന്ന കോടികളിൽ നിന്ന് ഉദ്യോഗസ്ഥ- കരാർ ലോബിക്ക് മറിയുന്ന രഹസ്യധനം തന്നെ കാരണം. കോഴ പിഴിയാനുള്ളതല്ല ജനത്തിന്റെ കുടിവെള്ളക്കാര്യം. പൈപ്പ് പൊട്ടലിന് സ്ഥിരപരിഹാരമെന്ന അജണ്ട ഈ സാമ്പത്തികവർഷം ഏറ്റവും മുന്തിയ പരിഗണന വേണ്ടുന്ന ഇനമായി തീരുമാനിച്ച് തുക നീക്കിവച്ച്,​ നടപ്പാക്കാൻ വാട്ടർ അതോറിട്ടിക്ക് ഇനിയെങ്കിലും വിവേകമുണ്ടാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WATERAUTHORITY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.