ന്യൂഡൽഹി: ഇന്ത്യയിലെ നയതന്ത്ര ഓഫീസുകളിലെ ഇന്ത്യൻ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് കാനഡ. അഞ്ചു മാസം മുൻപ് 41 കനേഡിയൻ നയതന്ത്രജ്ഞരെ പിരിച്ചു വിട്ടതിന് പ്രതികാരമായാണ് നടപടി.
ഇന്ത്യയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ആവശ്യമായ കനേഡിയൻ ജീവനക്കാർ ഇല്ലെന്നും അതിനാലാണ് അവർക്ക് കീഴിലുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടതെന്നും കാനഡ വിശദീകരിച്ചു. ഡൽഹിയിലെ ഹൈക്കമ്മിഷൻ, മുംബയ്, ചണ്ഡിഗർ, ബാംഗ്ലൂർ കോൺസുലേറ്റുകൾ എന്നിവിടങ്ങളിൽ 21 കനേഡിയൻ ജീവനക്കാർ മാത്രമാണുള്ളത്. ഇതിന് ആനുപാതികമായി ഇന്ത്യൻ ജീവനക്കാരുടെ എണ്ണം കുറച്ചെന്നും കാനഡ വിശദീകരിക്കുന്നു. ഇന്ത്യൻ ജീവനക്കാരുടെ ആത്‌മാർത്ഥതയും സേവനവും അംഗീകരിക്കുന്നതായി ഹൈക്കമ്മിഷൻ പറഞ്ഞു. എത്ര ജീവനക്കാരെ പിരിച്ചു വിട്ടെന്ന് കാനഡ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ കോൺസുലർ സേവനങ്ങളും വ്യാപാര-ബിസിനസ് നടപടികളും തുടരും. വിസ അപേക്ഷാ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഇന്ത്യൻ പൗരന്മാർക്ക് കാനഡ സന്ദർശിക്കാനും ജോലി ചെയ്യാനും പഠിക്കാനും തടസമില്ല.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് നിജ്ജറിന്റെ കൊലയിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്നാണ് നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |