ടെൽ അവീവ്: സിറിയയിലെ കോൺസുലേറ്റ് തകർത്തതിന് തിരിച്ചടിയായി ഇറാൻ 48 മണിക്കൂറിനുള്ളിൽ ഇസ്രയേലിനെ ആക്രമിക്കുമെന്ന റിപ്പോർട്ട് വന്നതോടെ ലോകം യുദ്ധ ഭീതിയിൽ. നൂറിലേറെ ഡ്രോണുകളും ഡസൻകണക്കിന് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഇറാൻ ഇസ്രയേലിന് നേരെ ഒരേ സമയം പ്രയോഗിച്ചേക്കാം. ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങളാണ് ഇറാൻ ഉന്നമിടുന്നതെന്നും എന്ന് യു.എസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്നോ നാളെയോ ഇസ്രയേലിന്റെ വടക്കൻ, തെക്കൻ മേഖലകളെ ഇറാൻ ആക്രമിച്ചേക്കാം. ഇതോടെ പശ്ചിമേഷ്യയിലെമ്പാടും യുദ്ധം ആളിപ്പടർന്നേക്കും.
ഇസ്രയേലിന്റെ നയതന്ത്ര, സൈനിക ഉദ്യോഗസ്ഥർ ഇറാന്റെ ഹിറ്റ് ലിസ്റ്റിലുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.വ്യോമാക്രമണ ഭീഷണി കണക്കിലെടുത്ത് ഇന്നലെ രാത്രി ഇസ്രയേൽ അതീവ ജാഗ്രതയിലായിരുന്നു.
രാജ്യത്തിനുള്ളിൽ നേരിട്ട് ആക്രമണമുണ്ടായാൽ ഇറാൻ മണ്ണിൽ തിരിച്ചടി നൽകാൻ ഇസ്രയേലും ഒരുങ്ങി. ഇറാന്റെ സൈബർ ശൃംഖലയും തകർക്കും.
ഈ മാസം ഒന്നിനാണ് സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തത്. ഉത്തരവാദിത്വം ഇസ്രയേൽ പരസ്യമായി ഏറ്റെടുത്തിട്ടില്ല. ഇറാന്റെ രണ്ട് ജനറൽമാർ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. ഗാസ യുദ്ധത്തിനിടെ സിറിയയിൽ ഇസ്രയേലിന്റെ ആക്രമണങ്ങളിൽ ഇറാൻ ജനറൽമാർ നേരത്തെയും കൊല്ലപ്പെട്ടിരുന്നു.
ആളിക്കത്തില്ല ?
ഇറാക്കിലെയും സിറിയയിലെയും നിഴൽ സംഘടനകളെ ഉപയോഗിച്ച് ഇസ്രയേലിനെ ആക്രമിക്കാനാണ് ഇറാന്റെ നീക്കമെന്നാണ് റിപ്പോർട്ട്. ഹമാസ്, ഹിസ്ബുള്ള, ഹൂതി തുടങ്ങി മേഖലയിലെ വിമത ഗ്രൂപ്പുകൾക്കെല്ലാം ഇറാന്റെ പിന്തുണയുണ്ട്. ഗാസയിൽ വെടിനിറുത്തൽ ആവശ്യപ്പെടുന്ന ഇറാൻ, മേഖലയിൽ സംഘർഷം ആളിക്കത്തിക്കുന്ന ഗുരുതര നടപടികൾ സ്വീകരിക്കില്ലെന്നും ആക്രമണം നടത്തുമെങ്കിലും നിയന്ത്രിതമായിരിക്കുമെന്നും യു.എസിന് സൂചന നൽകിയെന്നും റിപ്പോർട്ടുണ്ട്.
ആക്രമണ ഭീതിയുള്ള ഇടങ്ങൾ
വടക്കൻ ഇസ്രയേലിലെ ഹൈഫ വിമാനത്താവളം
ഡിമോണ നഗരത്തിലെ നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്റർ
വിദേശത്തെ ഇസ്രയേൽ എംബസികൾ, പ്രത്യേകിച്ച് അറബ് രാജ്യങ്ങളിലെ
ആശങ്കയിൽ ലോകം
ഗ്രേറ്റർ ടെൽ അവീവ്, ജെറുസലേം, ബീർഷേബ മേഖലകൾക്ക് പുറത്തേക്ക് യാത്ര ചെയ്യരുതെന്ന് ഇസ്രയേലിലുള്ള നയതന്ത്രജ്ഞർക്ക് യു.എസ് നിർദ്ദേശം
ഇസ്രയേലിലേക്ക് പോകരുതെന്ന് പൗരന്മാർക്ക് യു.എസ്, റഷ്യ, ഫ്രാൻസ്, യു.കെ, ഓസ്ട്രേലിയ മുന്നറിയിപ്പ്
ഇസ്രയേലിനെ ആക്രമിക്കരുതെന്ന് ഇറാനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
ജർമ്മൻ, ബ്രിട്ടീഷ് വിദേശമന്ത്രിമാരായ അന്നലീന ബേർബോക്കും ഡേവിഡ് കാമറണും ഇറാൻ വിദേശമന്ത്രി ഹൊസൈൻ അമീർ - അബ്ദൊള്ളഹയാനോട് ഇക്കാര്യം ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |