SignIn
Kerala Kaumudi Online
Sunday, 19 May 2024 8.23 PM IST

'ഭരത് ചന്ദ്രൻ ഐ.പി.എസിന് മേയറുടെ സല്യൂട്ട്

k

കഷ്ടകാലം വരുമ്പോൾ നാക്ക് പാമ്പായി പണിതരുമെന്ന് തൃശൂർ മേയർ എം.കെ. വർഗീസ് ഓർത്തില്ല. ഉച്ചമയക്കത്തിനിടെ തൃശൂരിലെ 'സംഘി" സ്ഥാനാർത്ഥി" സുരേഷ് ഗോപി കയറിവന്നപ്പോൾ സിനിമയിലെ ഭരത് ചന്ദ്രൻ ഐ.പി.എസ് ആണെന്നു കരുതി ചാടിയെഴുന്നേറ്റ് സല്യൂട്ടടിച്ച് ലോഹ്യം പറഞ്ഞത് വലിയ കേസായി. 'ജിമ്മനും" സുന്ദരനും നല്ലവനുമായ 'ഭരത്ചന്ദ്രൻ" എം.പിയായാൽ തൃശൂരുകാരുടെ ശുക്രനുദിക്കുമെന്ന് അറിയാതെ പറഞ്ഞുപോയി. രാഹുർദശയിൽ രാഹു നാക്കിലൂടെ ഇഴഞ്ഞുകയറി പണിതരുകയായിരുന്നു. സംഭവം സംഘികൾ ആഘോഷമാക്കുകയും സഖാക്കൾക്കും കോൺഗ്രസുകാർക്കും ഇരുട്ടടിയാവുകയും ചെയ്തു.
കുത്തിത്തിരിപ്പുകാരായ മാദ്ധ്യമപ്രവർത്തകരാണ് എല്ലാം ഒപ്പിച്ചത്. സുരേഷ് ഗോപി എത്തിയെന്ന് മണത്തറിഞ്ഞുവന്ന് ലോഹ്യം പറഞ്ഞ് നൈസായി താങ്ങുകയായിരുന്നു.

സുരേഷ് ഗോപി രാജ്യസഭ എം.പിയായിരുന്നപ്പോൾ തൃശൂർ മണ്ഡലത്തിനായി പല നല്ല കാര്യങ്ങളും ചെയ്‌തെന്നു ശുദ്ധഗതിക്ക് പറഞ്ഞത് വലിയ വാർത്തയാക്കുമെന്നു കരുതിയില്ല. ഇടത് സ്ഥാനാർത്ഥി സി.പി.ഐയിലെ വി.എസ്. സുനിൽകുമാറും യു.ഡി.എഫിന്റെ കെ. മുരളീധരനും തോൽക്കുമെന്നാണ് മേയർ വ്യംഗ്യമായി പറഞ്ഞതെന്ന് പലരും എഴുതിപ്പിടിപ്പിച്ചു. ഭയങ്കരനായ സുരേഷ്‌ ഗോപിയെ തൃശൂരിൽ നിന്ന് പറപ്പിക്കണമെന്നാണ് സത്യത്തിൽ പറയാൻ ഉദ്ദേശിച്ചതെങ്കിലും കഷ്ടകാലത്തിന് മാറിപ്പോവുകയായിരുന്നു. പഴയ കാലമായിരുന്നെങ്കിൽ എല്ലാം നിഷേധിക്കാമായിരുന്നു. റെക്കാർഡ് ചെയ്തത് നാട്ടുകാരെ വീണ്ടുംവീണ്ടും കേൾപ്പിച്ച് നാറ്റിക്കുകയാണ് മാദ്ധ്യമ ഭീകരന്മാർ. തൃശൂരിലെ മറ്റ് സ്ഥാനാർത്ഥികളും മിടുമിടുക്കന്മാരാണെന്ന് മേയർ വാർത്താ സമ്മേളനം നടത്തി പറഞ്ഞെങ്കിലും വിവാദം വിട്ടൊഴിയുന്നില്ല.

വിജയം ഉറപ്പായിരുന്ന ടി.എൻ. പ്രതാപനെ ഒഴിവാക്കി മണ്ഡലത്തിൽ ഇടിച്ചുകയറിയ ലീഡറുടെ മോൻ കെ. മുരളീധരൻ ആകെ കലിപ്പിലാണ്. വിജയം ഉറപ്പായ തന്നെ തോൽപ്പിക്കാൻ സഖാക്കളും സംഘികളും യൂണിയനായെന്നാണ് മുരളീജിയുടെ ശങ്ക. കുർത്തയിട്ട താടിക്കാരനും മുണ്ടുടുത്ത ചങ്കനും കൂടി ചില അട്ടിമറികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് വിശ്വസ്തരായ വാർറൂം കമാൻഡർമാർ നൽകുന്ന സൂചന. കേന്ദ്രത്തിൽ രാഹുൽജിയെ പ്രധാനമന്ത്രിയാക്കാൻ വയനാട്ടിൽ അദ്ദേഹത്തെ തോൽപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യ മുന്നണിയിലെ മിടുക്കന്മാരുടെ മനസിലിരിപ്പ് എന്താണെന്ന് കണ്ടുപിടിക്കുക എളുപ്പമല്ല.

മുരളീമന്ദിരം

സംഘിസ്ഥാൻ

ആക്കാൻ നീക്കം

മുരളീ മന്ദിരത്തിൽ താമര വിടർന്നതോടെ തനിക്കെതിരെ അന്തർദേശീയ ഗൂഢാലോചനയുണ്ടെന്ന് മുരളീജിക്ക് ബോദ്ധ്യമായി. സഖാക്കൾ പോലും കയറാൻ മടിച്ചിരുന്ന മുരളീ മന്ദിരത്തിൽ സംഘികൾ കയറിനിരങ്ങുകയാണ്. പെങ്ങളൂട്ടി പത്മജ സംഘിണിയായി അട്ടിമറിക്ക് നേതൃത്വം നൽകുന്നു. മകനും മകൾക്കുമായി ലീഡർ നൽകിയ പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ കയറിക്കൂടാനാണ് സംഘികളുടെ പരിപാടി. ഒരേസമയം സഖാക്കളോടും സംഘികളോടും യുദ്ധം ചെയ്തു മുന്നേറുന്ന മുരളീജി കേന്ദ്രത്തിലെത്തിയാൽ മോദിക്ക് വലിയ ഭീഷണിയാകുമെന്നതിനാൽ കോൺഗ്രസുകാർ ഏതു നീക്കത്തെയും പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്.

അതേസമയം ശുദ്ധന്മാരായ കമ്മ്യൂണിസ്റ്റുകാരും ആശങ്കയിലാണ്.

ഇന്നത്തെ ഖദറുകാരൻ നാളത്തെ കാവിക്കാരനാണെന്നാണ് ചില മൂത്തസഖാക്കളുടെ ഓർമ്മപ്പെടുത്തൽ. കോൺഗ്രസിൽ നിന്നു രാജിവച്ച് സി.പി.എം പിന്തുണയോടെ മേയറായ എം.കെ. വർഗീസ് മനപ്പൂർവം താങ്ങിയതാണോയെന്നാണ് സംശയം. പഴയ കോൺഗ്രസുകാരന്റെ പുതിയ റൂട്ട്മാപ്പിന്റെ സൂചനയാണെന്നു ശങ്കിക്കുന്നവരുമുണ്ട്. സി.പി.ഐക്കെതിരെ എൽ.ഡി.എഫിലെ വല്യേട്ടന്റെ കളിയാണോയെന്ന സന്ദേഹവും ബലപ്പെടുകയാണ്. സ്ഥാനം കൊണ്ട് വല്യേട്ടൻ ആണെങ്കിലും കാഴ്ചയിൽ 'അശു" ആയവരെ വെറും കുഞ്ഞേട്ടനാക്കുന്നത് തിടിമിടുക്കുള്ളവരുടെ ശീലമാണ്.

മട്ടനായി

മുട്ടൻ വിവാദം

പാചക വിദഗ്ദ്ധരായ രാഹുൽജിയും പ്രിയചങ്ങാതി ലാലുപ്രസാദ് യാദവും കൂടി ലാലുവിന്റെ വീട്ടിൽ ആട്ടിറച്ചി ഫ്രൈയുണ്ടാക്കി കഴിച്ചത് സംഘികൾക്ക് സുഖിച്ചില്ല. ഒരു കഷണംപോലും തരാതെ പഹയന്മാർ ഒറ്റയ്ക്കു ശാപ്പിട്ടത് ശരിയായില്ല. കൊതിക്കെറുവ് മാറ്റാൻ പ്രധാനമന്ത്രിയുടെ അടുത്തുവരെ പരാതിയുമായി ചിലരെത്തി. ഒരു ഫുൾ ആടിനെ ഫ്രൈയാക്കി കഴിച്ച് വിഷമം തീർക്കാൻ അദ്ദേഹം ഉപദേശിച്ചെങ്കിലും പരാതിക്കാരുടെ സങ്കടം മാറിയില്ല. അപ്പോഴാണ്, ഹിന്ദുക്കൾ മാംസം വർജിക്കേണ്ട ശ്രാവണ മാസത്തിലായിരുന്നു രാഹുലിന്റെയും ലാലുജിയുടെയും പാചകമെന്ന് ആസ്ഥാന ജ്യോത്സ്യൻമാർ കണ്ടുപിടിച്ചത്.

ലാലുവിന്റെ മകൻ തേജസ്വി നവരാത്രിക്കാലത്ത് ഫിഷ് ഫ്രൈ തട്ടിയെന്ന മഹാപാപം ചെയ്തിട്ടുണ്ട്. വീട്ടിലിരുന്നു കഴിക്കാതെ ഹെലികോപ്ടറിൽ പറന്നു നടന്ന് കഴിക്കുകയും അതിന്റെ വീഡിയോയെടുത്ത് നാട്ടുകാരെ കാണിക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം വേണ്ടതാണെങ്കിലും വിശാലമനസ്‌കരായ സംഘികൾ ക്ഷമിച്ചു. ആടും മീനുമായതിനാൽ വലിയ പ്രശ്‌നമില്ല. പശുവോ പശുവിന്റെ ഹസ്ബൻഡോ ആയിരുന്നെങ്കിൽ കൊഴുപ്പിക്കാമായിരുന്നു.
രാഹുലും ലാലുജിയും ചേർന്ന് വലിയൊരു പാചക പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ടുണ്ട്. രാഹുൽജി ഇക്കാര്യത്തിൽ പുപ്പുലിയാണ്. കേരളത്തിലെ ഉണ്ടമ്പൊരി മുതൽ ഇറ്റാലിയൻ വിഭവങ്ങൾ വരെ നിന്നനിൽപ്പിൽ തയ്യാറാക്കും. രുചിയും അപാരം. ഉറ്റചങ്ങാതിയായ കെ.സി.വേണുഗോപാൽജി ആണ് മഹാഭാഗ്യവാൻ. എല്ലാം ചൂടോടെ കഴിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESHGOPI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.