SignIn
Kerala Kaumudi Online
Tuesday, 30 April 2024 10.51 PM IST

മക്കൾ മാഹാത്മ്യം; സുല്ലിട്ട പിടിവാശിയും!

gh

കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം! കനകം,​ പൊന്നോ പണമോ അധികാരസ്ഥാനമോ ഒക്കെയാവാം. കലഹം കൂടുതൽ സ്ഥാനമാനങ്ങൾ കിട്ടാത്തതിന്റെ പേരിലുമാവും. പക്ഷേ, കോൺഗ്രസിലെ ഗോഡ് ഫാദർമാരായിരുന്ന ലീഡർ കെ. കരുണാകരന്റെയും, എ.കെ. ആന്റണിയുടെ കുടുംബങ്ങളിൽ സ്ഥാനമാനങ്ങളുടെ പേരിൽ ഒരുപോലെ കലഹമുണ്ടായത് വിധിയുടെ വിളയാട്ടമാവാം.

ആദർശ പരിവേഷത്തിന്റെ ആൾരൂപമെന്ന് പേരുകേട്ട അറക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന എ.കെ. ആന്റണി,

സ്വന്തം പ്രതിച്ഛായയുടെ തടവറയിലാണെന്നാണ് കേൾവി. തന്റെ ശുഭ്രവസ്ത്രത്തിൽ കറ പുരളാതിരിക്കാൻ അധികാരക്കസേര മാത്രമല്ല, സ്വന്തം മക്കളെപ്പോലും തള്ളിപ്പറയാനും മടിക്കില്ല. 'അധികമായാൽ അമൃതും വിഷം" എന്നതുപോലെ, ആദർശത്തിന്റെ അതിപ്രസരം ചിലപ്പോൾ ന്യായമായി ചെയ്യണ്ട കാര്യങ്ങൾക്കും വഴിമുടക്കിയാവുമെന്ന് ചില കോൺഗ്രസുകാർ തന്നെ പറയുന്നു. അത് കാര്യം നടക്കാത്തതിനാലാവാം.

പക്ഷേ, അഴിമതിയോ അപവാദമോ ഏഴയലത്തുകൂടി പോകുമെന്ന് സംശയം തോന്നിയാൽ അക്കാര്യത്തിൽ പിന്നെ

'ജനഗണമന" പാടിയാൽ മതി. കേന്ദ്രത്തിൽ തുർച്ചയായി എട്ടുവർഷം പ്രതിരോധ മന്ത്രിയായിരുന്ന അന്റണി,​ കറ

പറ്റുമെന്നു പേടിച്ച് അക്കാലമത്രയും 'നിർഗുണ പരബ്രഹ്മ"മായിരുന്നു എന്ന് പറഞ്ഞുനടക്കുന്നവരിൽ 'മിത്ര"ങ്ങളുമുണ്ട്. എന്തൊക്കെയായാലും ശത്രുപാളയത്തിൽ അഭയം തേടുകയും, പാർലമെന്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ അവരുടെ സ്ഥാനാർത്ഥിയാവുകയും ചെയ്ത മകൻ അനിൽ ആന്റണിയെ തള്ളിപ്പറയുന്നതിൽ ആന്റണി കാട്ടിയ ആദർശ ധീരതയ്ക്ക് പൊതുവെ ലഭിച്ചത് ബിഗ് സല്യൂട്ട്!

'പുലിയെ കൊല്ലണം." പുലി മുരുകൻ എന്ന സിനിമയിലെ കുട്ടി മുരുകന്റെ അതേ ശൗര്യവും വാശിയുമായിരുന്നു, 'അനിൽ തോൽക്കണം; ജയിക്കാൻ പാടില്ല" എന്ന് തലസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു പറഞ്ഞ ആ അച്ഛന്റെ മുഖഭാവം. 'കഴിഞ്ഞ ജന്മത്തിലെ ശത്രു ഈ ജന്മത്തിൽ മകനായി പിറക്കും" എന്നു പറയാറുണ്ട്. അത് ശരായായിരിക്കാമെന്നാണ് മകൻ അനിൽ ആന്റണിയുടെ തുടർന്നുള്ള അതിരുവിട്ട പ്രതികരണം കേട്ടവർ പറയുന്നത്. എൺപത്തിനാലുകാരനായ പിതാവിനെ കാലഹരണപ്പെട്ട കോൺഗ്രസ് നേതാവെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും, കാലഹരണപ്പെട്ട ചില നേതാക്കൾ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെ കുരച്ചുകൊണ്ടിരിക്കുമെന്നും കൂടി പറഞ്ഞത് അല്പം കടന്നു പോയില്ലേ?

യുദ്ധത്തിൽ മിത്രങ്ങളില്ല; ശത്രുക്കൾ മാത്രം. കുരുക്ഷേത്ര യുദ്ധക്കളത്തിൽ അസ്തപ്രജ്‌‌ഞനായി നിന്ന അർജുനന് തേരാളിയായ ശ്രീകൃഷൺ നൽകിയ ഉപദേശവും അതല്ലേ?പക്ഷേ, ആ യുദ്ധത്തിനും ചില നിയമങ്ങളും നെറികളുമുണ്ടായിരുന്നു. ഇനി, അനിലിന്റെ ഭാഗത്തും ഉണ്ടാവാം, ന്യായം. കോൺഗ്രസ് രാഷ്ട്രീയത്തിൽ പിച്ചവച്ച് വളരുകയും എ.ഐ.സി.സിയിൽ ചില സ്ഥാനമാനങ്ങൾ വഹിക്കുയും ചെയ്തെങ്കിലും കോൺഗ്രസിൽ തുടർന്നാൽ ഒരു എം.പിയോ എം.എൽ.എയോ എങ്കിലുമാവാൻ ഈ ജന്മത്തിൽ കഴിയുമോ? അച്ഛന്റെ ആദർശം മടക്കി പോക്കറ്റിലിട്ട് നടന്നതുകൊണ്ട് മകൻ ഗതിപിടിക്കുമോ? അതിന്റെ പേരിൽ സ്വന്തം ജീവിതം 'തുന്തനാനേന" ആക്കണോ?എലിസബത്ത് ആന്റണി പറഞ്ഞതു പോലെ , മകന് മകന്റെ വഴി!

'മക്കളെപ്പറ്റി എന്നെക്കൊണ്ട് അധികം പറയിക്കേണ്ട. ആ ഭാഷ എനിക്കു വശമില്ല... " മക്കൾ രാഷ്ട്രീയം കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തിലും വ്യത്യസ്തനാമൊരു അച്ഛൻ. അച്ഛനുറങ്ങാത്ത വീടായി 'അഞ്ജനം."

 

കൊത്തിക്കൊത്തി മുറത്തിലും കയറി കൊത്തിയാലോ? തൃശൂർ പൂങ്കുന്നം മുരളീമന്ദിരത്തിൽ ലീഡർ കെ. കരുണാകരന്റെ സ്മൃതിമണ്ഡപത്തിനരികെ കോൺഗ്രസ് പ്രവർത്തകകർക്ക് ബി.ജെ.പി അംഗത്വം നൽകി മകൾ പദ്മജ. അതും,​ അമ്മ കല്യാണിക്കുട്ടി അമ്മയുടെ ഓർമ്മദിനത്തിൽ! സഹോദരൻ കെ. മുരളീധരൻ ഇതെങ്ങനെ സഹിക്കും? അച്ഛന്റെ ആത്മാവിനെ നോവിച്ച് പദ്മജ ശത്രുപാളയത്തിൽ എത്തിയതിന്റെ കലി മാറിയിട്ടില്ല. അതിനിടയ്ക്കാണ് ഈ 'തറപ്പണി." തൂശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ തന്നെ സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്നു വരെ പെങ്ങൾ പറഞ്ഞുകളഞ്ഞു. പണ്ട് തന്നെ തോൽപ്പിച്ചവരാണ് മുരളീധരനൊപ്പമുള്ളതെന്ന് മുന്നറിയിപ്പും.

'അച്ഛനും അമ്മയും അന്തിയുറങ്ങുന്ന ഇടം സംഘികൾക്ക് വിട്ടുകൊടുക്കില്ല. ഏപ്രിൽ 26 (പോളിംഗ് ദിനം) കഴിയട്ടെ. അതുകഴിഞ്ഞ് എന്താണ് ചെയ്യേണ്ടതെന്ന് അറിയാം." അപ്പോൾ, 26-നു ശേഷം കടുപ്പിച്ച് എന്തോ ചെയ്യാനുള്ള ഭാവത്തിലാണ് മുരളീധരൻ. തത്കാലം സസ്പെൻസ്. ഈ തിരഞ്ഞെടുപ്പിനു ശേഷം കൂടുതൽ കോൺഗ്രസുകാർ ബി.ജെ.പിയിലെത്തുമെന്ന് പദ്മജയും. 'അമ്മയുടെ ഓർമ്മദിനത്തിൽ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാൻ പറ്റി? വർഗീയ ശക്തികളെ തൃശൂരിൽ നിന്ന് തുടച്ചുനീക്കും.'മുരളീശപഥം!" ജൂൺ 4 (വോട്ടണ്ണൽ) വരെ കാത്തിരിക്കാം.

 

സ്ത്രീയുടെ ഏറ്റവും വലിയ ശത്രു സ്ത്രീയാണോ? ആണെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതിജീവിതയും, അവരെ പിന്തുണച്ചതിന്റെ പേരിൽ സ്ഥലംമാറ്റത്തിന് ഇരയായ സീനിയർ നഴ്സിംഗ് ഓഫീസർ അനിതയും പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് അതിജീവിത ആശുപത്രിയിലെ ഒരു ജീവനക്കാരന്റെ പീഡനത്തിന് ഇരയായത്. വിവാദമായതോടെ, ഭരണകക്ഷിക്കാരനായ ജീവനക്കാരനെ രക്ഷിക്കാനായി അണിയറയിൽ ശ്രമം. അതിജീവിതയ്ക്കൊപ്പം നിന്ന് റിപ്പോർട്ട് നൽകിയ അനിത അവരുടെ നോട്ടപ്പുള്ളി. പിന്നാലെ, സ്ഥലംമാറ്റവും.

ഇക്കാര്യത്തിൽ തുടക്കം മുതൽ ഒടുക്കം വരെ 'ഇരയ്ക്ക് ഒപ്പം നിൽക്കുകയും വേട്ടക്കാരനോടൊപ്പം ഓടുകയും" ചെയ്യുകയെന്ന ഇരട്ടത്താപ്പാണ് ആരോഗ്യമന്ത്രി വീണാ ജോർജ് സ്വീകരിച്ചതെന്നാണ് ആക്ഷേപം. വനിതാ മന്ത്രിയായിട്ടും സ്ത്രീയെന്ന പരിഗണന പോലും തങ്ങൾക്കു ലഭിച്ചില്ലെന്ന് ഇരുവരും പറയുന്നു. സർക്കാർ അതിജീവിതയ്ക്ക് ഒപ്പമെന്ന് സദാ പറച്ചിൽ; പ്രവൃത്തി നേരേ തിരിച്ചും. ഹൈക്കോടതി ഉത്തരവു പോലും പാലിക്കാതെ പിടിവാശി. സ്വന്തം മുഖം വികൃതമായെന്നു കണ്ടപ്പോഴാണ് സർക്കാരിന് ബുദ്ധിയുദിച്ചത്. അനിതയ്ക്ക് കോഴിക്കോട്ട് പുനർനിയമനം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടും, ഹൈക്കോടതിയുടെ അന്തിമ വിധി വരട്ടെ എന്നായി മന്ത്രി. രാജാവിനേക്കാൾ രാജഭക്തി! ഒടുവിൽ, തെറ്റു തിരുത്തി സർക്കാർ. അനിതയ്ക്ക് പുനർനിയമനം. തിരഞ്ഞെടുപ്പു കാലത്തിനും സ്തുതി!

നുറുങ്ങ്:

 സി,പി.എമ്മിന്റെ പോഷക സംഘടനയല്ല ഡി.വൈ.എഫ്.ഐ എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

# മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ, ഹെൽമെറ്റു കൊണ്ട് 'രക്ഷാ പ്രവർത്തനം" നടത്തിയത് വെറുതെയായോ?

(വിദുരരുടെ ഫോൺ: 99461 08221)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIDURAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.